"നിങ്ങളുടെ പുഞ്ചിരി നഷ്ടപ്പെട്ട അതേ സ്ഥലത്തേക്ക് തിരികെ പോകരുത്" ഇന്നത്തെ ചിന്താവിഷയം
അമ്മയുടെ ഉദരത്തിൽ ജീവിതം ആരംഭിക്കുന്നതിന് മുന്നേ തന്നെ ആ ജീവന്റെ ഭാവി എഴുതി കഴിഞ്ഞു. "നിന്റെ അമ്മയുടെ ഉദരത്തിൽ പിണ്ഡാകാരമാകുന്നതിന് മുന്നേ തന്നെ നിന്നെ ഞാൻ അറിഞ്ഞു" (ജറെ ; 1:5)
ഭൂമിയിൽ പിറവി കൊള്ളുമ്പോൾ മുതലുള്ള വർത്തമാനകാലത്തെ ചിന്തകളും പ്രവർത്തികളും നേരത്തെ എഴുതി തയ്യാറാക്കിയ ഡാറ്റയനുസരിച്ച് ആയിരിക്കും. അതാണ് ഓരോരുത്തരെയും ഓരോ തലങ്ങളിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്.
ഓരോ മനുഷ്യരും ആഗ്രഹിക്കുന്നതും സ്വപ്നം കാണുന്നതുമായ ലക്ഷ്യങ്ങളിലേക്ക് എത്തുന്നതും എത്താതിരിക്കുന്നതും മുൻകൂട്ടി തയ്യാറാക്കിയ ഈ തിരക്കഥ അനുസരിച്ചാണ്. ഒരു ചെടി നട്ട് കഴിഞ്ഞാൽ അത് വളരുകയും തളിർക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത് അതിനു വേണ്ടത്ര പരിചരണം ലഭിയ്ക്കുന്നത് കൊണ്ടല്ലേ.
വെള്ളവും വെളിച്ചവും വളവുമില്ലാതെ, മറ്റു വൃക്ഷങ്ങൾക്കിടയിൽ തിങ്ങി ഞെരുങ്ങി നിൽക്കുന്ന ഒരു ചെടിയെ വെളിച്ചത്തിലേക്ക് പറിച്ചുനട്ട് വെള്ളവും വെളിച്ചവും വളവും നൽകിയാൽ ആ ചെടി അത്ഭുതകരമായി രക്ഷപ്പെടും.
മനുഷ്യ ജീവിതവും ഇങ്ങനെയൊക്കെ തന്നെയാണ്. നമ്മളെ സ്നേഹിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന ആളുകൾ നമ്മുടെ ചുറ്റിനും ഉണ്ടെങ്കിൽ നമുക്ക് ജീവിക്കാനുള്ള ഊർജ്ജം എവിടെ നിന്നോ എത്തിച്ചേരും. അസൂയയും കുശുമ്പും നിറഞ്ഞ മനസ്സുള്ളവരുടെ സമീപനത്തിൽ മനം നൊന്ത് ജീവിതം മുരടിച്ച് പോകുന്നവരുണ്ട്.
ആത്മാർത്ഥതയോടെ മറ്റുള്ളവരോട് ഇടപഴകുമെങ്കിലും തിരിച്ച് അത്തരം പരിഗണനകൾ പല ഭാഗത്തുനിന്നും ഉണ്ടാകാറില്ല. അത് സഹപാഠികളാകാം, കൂട്ടുകാർ ആകാം, ബന്ധു മിത്രാദികൾ ആകാം, അയൽക്കാരാകാം, ആരുമാകാം. നമ്മുടെ കഴിവുകളെ പ്രയോജനപ്പെടുത്തിയതിന് ശേഷം നമ്മളെ കറിവേപ്പില പോലെ പെറുക്കി കളയുന്നവരുണ്ട്.
നമ്മുടെ മനസ്സിനെ അതിയായി വേദനിപ്പിച്ചവരും ഉണ്ട്. നമ്മുടെ ചിരി, സന്തോഷം അത് ഇഷ്ടപ്പെടാത്തവരും നമ്മുടെ ഒപ്പം ഉണ്ടാവും. എല്ലാം എനിക്ക് മാത്രം മതി എന്ന് ചിന്തിക്കുന്നവർ സമൂഹത്തിൽ എല്ലാം മേഖലകളിലും ഉണ്ടല്ലോ. നമ്മുടെ ചിരി കാണാൻ ഇഷ്ടമില്ലാത്ത ആളുകളെ തിരിച്ചറിഞ്ഞാലും നമ്മൾ വീണ്ടും അവിടെ പോകുന്നത് നമ്മുടെ നല്ല മനസ്സ് കൊണ്ടാണ്.
നമ്മുടെ പുഞ്ചിരി നഷ്ടപ്പെടുത്തിയ ആളുകളുടെ സമീപത്തേക്ക് തിരികെ പോകാതിരിക്കുകയാണ് നല്ലത്. "അവർ നിനക്കെതിരെ യുദ്ധം ചെയ്യും, എന്നാൽ അവർ നിന്നെ ജയിക്കുകയില്ല; കാരണം ഞാൻ നിന്നോട് കൂടെയുണ്ട്" (ജറെ ; 1:19)
സുഭാഷ് ടിആർ