"നിങ്ങളെ സഹായിക്കുന്നവരെ മറക്കരുത്, നിങ്ങളെ സ്നേഹിക്കുന്നവരെ വെറുക്കരുത്, നിങ്ങളെ വിശ്വസിക്കുന്നവരെ വഞ്ചിക്കരുത്" ഇന്നത്തെ ചിന്താവിഷയം
മനുഷ്യരുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നതിൽ പാരമ്പര്യവും, കുടുംബ പശ്ചാത്തലവും, ലഭിച്ച വിദ്യാഭ്യാസവും പങ്ക് വഹിക്കുന്നുണ്ട് എന്ന് പറയുന്നതിൽ തെറ്റുണ്ടോ. കഴിക്കുന്ന ഭക്ഷണത്തിനും മനുഷ്യന്റെ സ്വഭാവത്തെ സ്വാധീനിക്കാൻ കഴിയും എന്ന് പൗരാണിക കാലം മുതൽ വിശ്വസിച്ചു വരുന്നു.
സസ്യാഹാരം മാത്രം ശീലിച്ചവരെ സംബന്ധിച്ചിടത്തോളം അവർ സാത്വിക സ്വഭാവം ഉള്ളവരായിരിക്കുമെന്നും, മത്സ്യമാംസാദി ആഹാരം ഇഷ്ടപ്പെടുന്നവർ തമോഗുണ സ്വഭാവം ഉള്ളവരും ആയിരിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. അതെന്തുതന്നെ ആയാലും പല മനുഷ്യരും വിചിത്ര സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നവരാണ്.
അതിൽ ജാതിയോ മതമോ കുലമോ എന്ന ഭേദവുമില്ല. ദുരഭിമാനവും അഹങ്കാരവും അഹംഭാവവും ധിക്കാരവും ധാർഷ്ട്യവും ധനാർത്തിയും എല്ലാ മനുഷ്യരിലും കൂടുതൽ കൂടുതൽ ഉണ്ടാകുന്നു. ആളുകൾ ഓർക്കേണ്ടത് ഇതാണ്. വിശാലമായ ലോകത്ത് ജീവിക്കുന്ന എല്ലാ ജീവജാലങ്ങളും ശ്വസിക്കുന്നത് ഒരേ വായുവാണ്, ഒരിടത്ത് നിന്നാണ്. അതായത് പക്ഷി മൃഗാദികളും സകല മനുഷ്യരും ഉച്ഛ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുന്ന അതേ ഇടത്തുനിന്ന്.
കാണുന്നതിൽ ഉച്ചനീചത്വങ്ങൾ കല്പിക്കുകയും കാണാത്തത് അവിശ്വസിക്കുകയും ചെയ്യുന്നത് മനുഷ്യൻ്റെ മാത്രം സ്വഭാവവുമാണ്. എല്ലാ മനുഷ്യരുടെയും സിരകളിലൂടെ ഒഴുകുന്നത് രക്തം തന്നെയാണല്ലോ. പ്രപഞ്ചത്തിലെ വെള്ളവും വായുവും ഒരേപോലെയല്ലേ എല്ലാവർക്കും വിതരണം ചെയ്യുന്നത്. ഭൂമിയിലെ ചെറിയ നാളുകളിലെ ജീവിത കാലത്ത് പരസ്പരം സ്നേഹിക്കുകയും വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യേണ്ടത് ഇന്ന് അത്യാവശ്യമായിരിക്കുന്നു.
ആപത്തിൽ സഹായിച്ചവരെ എപ്പോഴും ഓർക്കുക, അവർക്ക് ചെയ്യാൻ കഴിയുന്ന സഹായങ്ങൾ ഉചിതമായ സമയത്ത് ചെയ്തു കൊടുക്കുക. നിങ്ങളെ സ്നേഹിക്കുന്നവരെ വെറുക്കാതിരിക്കുകയും, വിശ്വസിച്ച് കൂടെ നടക്കുന്നവരെ ഒരു കാലത്തും, ഒരു തരത്തിലും വഞ്ചിക്കാതിരിക്കുകയും വേണം. ദുരഭിമാനം ഉപേക്ഷിച്ചാൽ ജീവിതം സമാധാനവും സന്തോഷകരവും ആകും.
സുഭാഷ് ടിആർ