"പണം, അനുയായികൾ, ബിരുദം, പദവി എന്നിവയാൽ ആകൃഷ്ടരാകരുത്. ദയ, സത്യസന്ധത, വിനയം, ഔദാര്യം എന്നിവയാൽ ആകൃഷ്ടരാകുക"ഇന്നത്തെ ചിന്താവിഷയം

നമ്മളൊക്കെ ജീവിക്കുന്ന ഇന്നത്തെ സാമൂഹ്യ സാഹചര്യത്തിൽ മനുഷ്യരെല്ലാവരും പ്രശസ്തി ആഗ്രഹിക്കുന്നവരാണ് എന്ന് അറിയാമല്ലോ. എങ്ങനെയെങ്കിലും ഒക്കെ കുറച്ചു പണം ഉണ്ടാക്കണം, കുറച്ച് അനുയായികളെ സംഘടിപ്പിക്കണം, ബിരുദങ്ങൾ നേടണം, പദവികൾ നേടിയെടുക്കണം തുടങ്ങിയ ആഗ്രഹങ്ങളും മോഹങ്ങളും ഒക്കെ ആയിട്ടാണ് മനുഷ്യർ ഇന്ന് ജനിച്ച് വീഴുന്നത് എന്ന് തന്നെ തോന്നിപ്പോകും, ചില ആളുകളുടെ പരാക്രമം കണ്ടാൽ.
ആൺ പെൺ ഭേദമില്ലാതെ സകലരും ഇത്തരം കാര്യങ്ങളിൽ ആകൃഷ്ടരാവുകയാണ്. സമൂഹ മാധ്യമങ്ങൾ ഇത്തരക്കാർക്ക് വലിയ ഒരു അഭയ കേന്ദ്രമാണ്. സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്ന് പേരും പ്രശസ്തിയും പണവും നേടാം എന്നറിയാമല്ലോ.
പണം ഉണ്ടെങ്കിൽ ബിരുദവും നേടാം എന്നും അവർക്കറിയാം. ഏതാണ്ട് നാലു പതിറ്റാണ്ട് മുമ്പുവരെ മനുഷ്യരെ ആകർഷിച്ചിരുന്നത് ദയയും, സത്യസന്ധതയും, വിനയവും, സഹജീവികളോടുള്ള കരുണയും ഒക്കെയുള്ള ഉൽകൃഷ്ട വ്യക്തിത്വങ്ങളെ ആയിരുന്നു. അവരെപ്പോലെ ആകാൻ അവരെ മാതൃകയാക്കാൻ അന്നത്തെ തലമുറയിൽ ഉള്ള ആളുകൾ മത്സരിച്ചിരുന്നു.
അന്നൊക്കെ ജനങ്ങൾക്ക് സാമൂഹ്യ സുരക്ഷിതത്വവും ഉണ്ടായിരുന്നു. സമൂഹത്തെയും ജനങ്ങളെയും ഓരോരുത്തരും, ഒരേപോലെ ബഹുമാനിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്നു. ജനങ്ങൾ തമ്മിൽ തമ്മിൽ പകർന്ന് കൊടുത്ത സാമൂഹ്യ സുരക്ഷയിൽ ജാതിമത വർഗ്ഗ ഭേദമില്ലാതെ എല്ലാവരും, എന്റേതെന്നോ നിന്റെതെന്നോ വ്യത്യാസമില്ലാതെ നമ്മളുടേത് എന്ന ചിന്തയിൽ, സന്തോഷത്തോടെ, സമാധാനത്തോടെ ജീവിച്ചു പോന്നിരുന്നു.
കാലം പുരോഗമിച്ചപ്പോൾ, രാജ്യങ്ങൾ തമ്മിലുള്ള അകലം ഇല്ലാതായപ്പോൾ, ജനങ്ങളുടെ ചിന്താ ശൈലികളിലും മാറ്റങ്ങൾ പ്രകടമായി. ആളുകൾ സങ്കുചിതരായി, സ്വാർത്ഥരായി.
നമ്മുടേത് എന്ന ചിന്ത മാറി എൻ്റെയും നിന്റെയുമായി. ഇപ്പോൾ എനിക്ക് മാത്രമായി, എന്റേത് മാത്രമായി. ആർക്കും ആരോടും മമത ഇല്ലാതെയായി. പണത്തിന്റെ ഹുങ്കിൽ അനുയായികളെ വിലകൊടുത്തു വാങ്ങി പദവികൾക്ക് വേണ്ടി വിലപേശുന്നു. ദയയും സത്യസന്ധതയും വിനയവും സഹജീവി സ്നേഹവും എല്ലാം പടിക്ക് പുറത്ത് നിന്ന് ഇന്നത്തെ അവസ്ഥ കണ്ട് നെടുവീർപ്പിടുകയാണ്.
സമൂഹത്തിന്റെയും രാജ്യത്തിന്റെയും സർവ്വനാശത്തിനായിട്ടാണ്, പണത്തിലും പ്രതാപത്തിലും, പദവിയിലും, അനുയായികളിലും ജനം ആകൃഷ്ടരാകുന്നത് എന്ന്, ദയാലുക്കളും, സത്യസന്ധരും, വിനയാന്വിതരും ആയിട്ടുള്ളവർ വേദനയോടെ നോക്കി കാണുന്നത്.