"എന്നെങ്കിലും ഒരു ദിവസം വേണോ, അതോ ഇന്നുമുതൽ വേണോ? തീരുമാനം നിങ്ങളുടേതാണ്." ഇന്നത്തെ ചിന്താവിഷയം
"എന്നെങ്കിലും ഒരു ദിവസം ഞാൻ അത് ചെയ്തു കാണിക്കും, നോക്കിയ്ക്കോ" എന്ന് പല ആളുകളും പല സന്ദർഭങ്ങളിൽ പറയാറുണ്ട്, പറഞ്ഞിട്ടുണ്ട്. പുതിയ കോഴ്സ് പഠിക്കാനായി വിദേശത്ത് പോകുന്നതോ, പുതിയൊരു സംരംഭം തുടങ്ങുന്നതിനെ പറ്റിയോ, സിവിൽ സർവീസ് നേടുന്നതിനെക്കുറിച്ചോ ഒക്കെയാകാം.
അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും ഒക്കെ വലിയ കാര്യങ്ങൾ, വിലകൂടിയ വാഹനമോ, വീടോ തുടങ്ങിയവ നേടുന്നതിനുവേണ്ടി ആകാം. നമ്മൾ എപ്പോഴും ആ നല്ല ദിവസത്തിനായി ഒരുങ്ങിയിരിക്കും. ഒരുക്കവും പദ്ധതികളും എല്ലാം മനസ്സിലായിരിക്കും എന്നതുകൊണ്ട് തന്നെ ആ "ഒരു ദിവസം" ഒരിക്കലും ജീവിതത്തിലേക്ക് വരാൻ പോകുന്നില്ല.
ജീവിതത്തിൽ വിജയിച്ചവരും പരാജയപ്പെട്ടവരും തമ്മിലുള്ള പ്രധാന വ്യത്യാസവും ഈ ചിന്താഗതി കാരണമാണ്. ദിവസവും മാറ്റിവെക്കലുകൾ തുടർക്കഥയാകുമ്പോൾ, ലക്ഷ്യങ്ങൾ നാളെ നാളെ നീളെ നീളെ എന്ന അവസ്ഥയിലേക്ക് പോകും. അനുയോജ്യമായ ഒരു സമയം വരാനാണോ കാത്തിരിക്കുന്നത്.
അത് നല്ല സമയം വെറുതേ നഷ്ടപ്പെടുത്തുകയേ ഉള്ളൂ. ഒരു ദിവസം എന്നൊരു ദിവസം ഉണ്ടോ. എല്ലാ ദിവസവും നല്ലതാണ്. അതുകൊണ്ട് ഈ ദിവസത്തെ നിങ്ങളുടെ വിജയത്തിലേക്കുള്ള ഒന്നാം ദിവസം ആക്കി മാറ്റുക. തീരുമാനം പൂർണ്ണമായും നിങ്ങളുടേതാണ്.
സുഭാഷ് ടിആർ