"തുടങ്ങാനുള്ള ധൈര്യം, തുടരാനുള്ള സ്ഥിരത, മെച്ചപ്പെടാനുള്ള വിനയം, പ്രക്രിയയെ വിശ്വസിക്കാനുള്ള ക്ഷമ" ജീവിത വിജയത്തിനുള്ള നാല് പ്രധാന കാര്യങ്ങൾ. ഇന്നത്തെ ചിന്ത വിഷയം
"ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്" എന്നത് ഒരു പരസ്യവാചകം മാത്രമാണ്. എന്നാൽ ഒന്നും ചെയ്യാതെയും ഒന്നും ആരംഭിക്കാതെയും ഇരിക്കുന്ന മനുഷ്യൻ ജീവിതത്തിൽ ഒരിടത്തും എത്തിച്ചേരുകയില്ല.
ജീവിതത്തിൽ, വ്യത്യസ്ത മേഖലകളിൽ വിജയക്കൊടി പാറിച്ച എല്ലാ ആളുകളുടെയും പുറകിൽ യാതനകളും കഷ്ടപ്പാടുകളും ഉണ്ടായിരുന്നു. അവർക്ക് കൃത്യമായ പദ്ധതിയുണ്ടായിരുന്നതിനാൽ ആ കഷ്ടപ്പാടുകൾ തൃണവൽഗണിച്ചാണ് അവർ ലക്ഷ്യം സാക്ഷാത്കരിച്ചത്. അവരുടെയൊക്കെ അനുഭവങ്ങൾ നമ്മളോട് പറയുന്നത് ഒരു വിജയവും കണ്ണടച്ച് തുറക്കുമ്പോൾ കിട്ടുന്നതല്ല.
അതിന്റെ പുറകിലുള്ള അദ്ധ്വാനത്തിന്റെ, ആരും കാണാത്ത, ആരും അറിയാത്ത സങ്കടങ്ങളുടെ, തിരിച്ചടികളുടെ പ്രതിഫലമാണ് അവർ ഇന്ന് ഉന്നതങ്ങളിൽ എത്തിയതിന് കാരണം. ഇതിനെയെല്ലാം അതിജീവിക്കാൻ അവർക്ക് പ്രചോദനമായത് ഒരു സംരംഭം തുടങ്ങാനുള്ള അവരുടെ ധൈര്യമാണ്. ഉദാഹരണത്തിന് വേണ്ടി ഒരു സംരംഭം എന്ന് പറഞ്ഞെന്നേയുള്ളൂ.
വിദ്യാഭ്യാസം ആയാലും, കൃഷി ആയാലും വ്യവസായമായാലും മറ്റ് പ്രൊഫഷനൽ ജോലി ആയാലും അത് തുടങ്ങാനുള്ള, അതിലേക്ക് എത്താനുള്ള ധൈര്യം, അതുണ്ടെങ്കിൽ മാത്രമേ വിജയിക്കാൻ സാധിക്കുകയുള്ളൂ. ഒന്നും തുടങ്ങാതിരുന്നിട്ട് എന്ത് നേടാനാണ്. ഇനി അഥവാ എന്തെങ്കിലും തുടങ്ങി കഴിഞ്ഞാൽ, പുറകിൽ നിന്നും പിടിച്ചു വലിക്കാൻ ആളുകൾ വരും. നമ്മുടെ മനോബലത്തെ ഇല്ലാതാക്കാൻ, നമ്മുടെ പ്രതീക്ഷകളെ തകർത്തെറിഞ്ഞ് നിരാശരരാക്കാൻ എല്ലാ കാലത്തും എവിടെയും ഇത്തരം ആളുകൾ ഉണ്ടാകും എന്നുള്ളതാണ് സത്യം.
ചിലപ്പോൾ ആ സംരംഭത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള തടസ്സങ്ങൾ, സ്വാഭാവികമായ തടസ്സങ്ങൾ ഉണ്ടായേക്കാം. ഇത്തരം പ്രശ്നങ്ങളെ അതിജീവിക്കാൻ, അത് മുന്നോട്ട് കൊണ്ടുപോകാൻ ഇച്ഛാശക്തി ഉണ്ടായാൽ മതി. കാലവും സാഹചര്യവും അനുകൂലമായി വരാൻ കാത്തിരിക്കുന്നത് പരാജയപ്പെടുന്നതിന് തുല്യമല്ലേ.
സ്വന്തം അനുഭവങ്ങളിൽ നിന്നും, ചുറ്റുപാടുകളിൽ നിന്നും പാഠങ്ങൾ പഠിക്കുന്നതിന് വിനയാന്വിതനാകാം. അത് മുന്നോട്ടുള്ള വളർച്ചയ്ക്ക് ആർക്കും കൂട്ടും. എല്ലാ വിഷയങ്ങളിലും, എല്ലാവർക്കും വലിയ പരിജ്ഞാനം ഒന്നും ഉണ്ടാകാറില്ലല്ലോ. നല്ല ശീലങ്ങളും നല്ല കാര്യങ്ങളും ആരിൽ നിന്നും പഠിക്കുന്ന വിനയത്തെ ഉള്ളിൽ വളർത്തുക. അതുപോലെതന്നെയാണ് കാത്തിരിപ്പും.
ഇന്ന് നമ്മൾ കാണുന്ന പല വ്യവസായ സാമ്രാജ്യങ്ങളും എന്തിന്, ഈ രാജ്യം പോലും എത്രയോ വർഷങ്ങൾ, നൂറ്റാണ്ടുകൾ ഒക്കെ എടുത്താണ് ഇന്ന് ഈ നിലയിൽ എത്തിയത്. ഓരോന്നും വളരുന്നതിന്, വളർത്തിയെടുക്കുന്നതിന് സമയം കൊടുത്ത് ക്ഷമയോടെ കാത്തിരിക്കാം. ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലത് എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുക എന്നതാണ് എന്ന് എപ്പോഴും ഓർക്കുക.
സുഭാഷ് ടിആർ