"നിങ്ങളുടെ അനുഗ്രഹങ്ങളെ ദിവസവും എണ്ണുക; നിങ്ങൾ കൂടുതൽ കൃതജ്ഞത പ്രകടിപ്പിക്കുന്തോറും നിങ്ങളെ തേടി കൂടുതൽ അനുഗ്രഹങ്ങൾ ഒഴുകിയെത്തും" ഇന്നത്തെ ചിന്താവിഷയം
കൃതജ്ഞത ഉള്ളവരായിരിക്കുയും, മറ്റുള്ളവർ ചെയ്ത നന്മകൾ നന്ദിയോടെ സ്മരിക്കുകയും ചെയ്യുന്നവർ എത്രപേർ ഇന്ന് സമൂഹത്തിൽ ഉണ്ടാകും. അന്യരുടെ ദുഃഖത്തിലും കഷ്ടപ്പാടുകളിലും സ്വയം വേദനിച്ച്, തന്നാൽ കഴിയുന്ന സഹായം ചെയ്യുന്നവരുടെ മനസ്സിനെ മുറിവേൽപ്പിക്കുന്ന പ്രവൃത്തികൾ ചെയ്യുന്നവരെയാണ് അധികവും നമ്മൾ കണ്ടുവരുന്നത്.
ഇതിൽ ദുഃഖിതരായി, ഒരിക്കലും ഇത്തരക്കാരെ സഹായിക്കത്തില്ല എന്ന് അവർ മനസ്സുകൊണ്ട് തീരുമാനിച്ചാലും, മറ്റുള്ളവരുടെ സങ്കടങ്ങൾ കണ്ട് മനസ്സലിഞ്ഞ് വീണ്ടും അവരുടെ സഹായത്തിന് എത്തുകയും ചെയ്യും. സഹായം ചെയ്തവരെ ഉപദ്രവിക്കാൻ, ആ സഹായം സ്വീകരിച്ചവരായിരിക്കും ഏറ്റവും മുന്നിൽ നിൽക്കുന്നത്. സഹായിക്കാൻ വരുന്നവരുടെ ഗൂഢ ലക്ഷ്യം, അവരുടെ ദുരുദ്ദേശപരമായ സമീപനം ഒക്കെ മനസ്സിലാകുന്നത് വഴിവിട്ട അവരുടെ പ്രവർത്തനങ്ങളാലാണ്.
ഇത്തരക്കാരെ അകറ്റിനിർത്തുന്നത് നന്ദികേട് എന്ന് പറയാൻ പറ്റത്തില്ല. ആത്മരക്ഷാർത്ഥവും, മാനഹാനി ഭയന്നും പ്രാണഭയം കൊണ്ടും ഇത്തരം മനുഷ്യരെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാറുണ്ട്. ഇത്തരക്കാരുടെ വൈകൃതമായ പെരുമാറ്റങ്ങൾ മൂലം എത്രമാത്രം ദുരിതങ്ങൾ ആണന്നോ പലരും അനുഭവിക്കുന്നത്. ഇത്തരം ആളുകളെ പാടെ അവഗണിക്കുക.
ജീവിതത്തിൽ നിന്നും ഒഴിവാക്കുക. ജീവിതം സുഗമമായ മുന്നോട്ടുകൊണ്ടുപോകാൻ, ജീവിതത്തിൽ ഉണ്ടാവുന്ന എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാൻ ദൈവവിശ്വാസം മുറുകെ പിടിക്കുക. പുലരുമ്പോൾ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ദിവസം ആരംഭിക്കുക. ഒരു പുതിയ പ്രഭാതത്തിലേക്ക് വിളിച്ചുണർത്തിയ ദൈവകരങ്ങൾ പിടിച്ച് നന്ദി പറയാം. രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് വീണ്ടും നന്ദി പറയാം. ഇന്ന് തനിക്കായി ചെയ്ത് തന്ന എല്ലാത്തിനും നന്ദി പറഞ്ഞ് ദൈവത്തിൻ്റെ മടിയിൽ ഉറങ്ങാം.
ഈ നിദ്രയിൽ എന്നെയും എനിക്ക് പ്രിയപ്പെട്ടവരെയും എന്റെ അയൽക്കാരെയും അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു, ഒരു പുതിയ പ്രഭാതത്തിലേക്ക് ഞങ്ങളെ വിളിച്ചുണർത്തുന്ന അവിടുത്തെ വൻ കൃപയ്ക്കായി നന്ദി.. നന്ദി.ഇങ്ങനെ ചെയ്യുമ്പോൾ, നിങ്ങളുടെ കൃതജ്ഞത തുടർച്ചയായി രേഖപ്പെടുത്തുമ്പോൾ, നിങ്ങൾ പോലും അറിയാതെ ദൈവത്തിൽ നിന്നും അനുഗ്രഹങ്ങൾ നിങ്ങളിലേക്ക് ഒഴുകിവരും. ജീവിതത്തിൽ നിങ്ങൾ നടക്കേണ്ട വഴി നിങ്ങളുടെ മുന്നിൽ അത്ഭുതകരമായി തുറന്ന് കിട്ടും. വിശ്വാസത്തോടെ പ്രാർത്ഥിച്ച് കൊണ്ടേയിരിക്കുക.
"ദൈവത്തിന് ഒരു കാര്യവും അസാദ്ധ്യമല്ല" (ലൂക്ക: 1;37)
സുഭാഷ് ടിആർ