"പൂർണ്ണതയേക്കാൾ പ്രധാനം നിരന്തരമായ പരിശ്രമമാണ്" ഇന്നത്തെ ചിന്താവിഷയം
ഒരു ദിവസം കൊണ്ട് ആർക്കെങ്കിലും ലക്ഷ്യം കൈവരിക്കാൻ പറ്റുമോ. അങ്ങനെ എവിടെയെങ്കിലും സംഭവിച്ചിട്ടുള്ളതായി അറിയാമോ. രണ്ടു ചോദ്യത്തിനും ഇല്ല എന്നു തന്നെ ആണ് ഉത്തരം.
ജീവിതത്തിൽ വിജയിക്കണമെന്ന് ആഗ്രഹമുള്ളവർ പലപ്പോഴും ചിന്തിക്കുന്നത്, തങ്ങൾ എല്ലാം തികഞ്ഞവരായിരിക്കണം, ചെയ്യുന്ന കാര്യങ്ങൾ അങ്ങേയറ്റം, നൂറു ശതമാനവും പൂർണ്ണമായിരിക്കണം എന്നാണ്. നമ്മൾ ഏർപ്പെടുന്ന കാര്യങ്ങളിൽ പൂർണത എത്തിക്കുന്നതിനേക്കാൾ പ്രധാനമാണ് അത് സ്ഥിരമായി, നിരന്തരം ചെയ്യുക എന്നത്.
ജീവിതത്തിൽ പല ആളുകളും പരാജയപ്പെടുന്നത് പൂർണ്ണത കൈവരിക്കാനുള്ള ഓട്ടത്തിനിടയിലാണ്. പൂർണ്ണത മുന്നോട്ട് നയിക്കുകയില്ല, അത് പിന്നോട്ട് വലിക്കുകയേ ഉള്ളൂ. അപ്പോൾ ഒരു കാര്യം പോലും മികവോടെയും തികവോടെയും ചെയ്യാൻ കഴിയില്ലെന്ന് തോന്നിയാൽ ആ സംരംഭത്തിൽ നിന്നും നമ്മളെ പിന്തിരിപ്പിക്കും എന്നതിന് സംശയമില്ല.
അതേസമയം, ആ സംരംഭം മികവുറ്റതാക്കാൻ സ്ഥിരമായി, നിരന്തരം അതിനുവേണ്ടി പ്രയത്നിച്ചാൽ നേടിയെടുക്കാവുന്നതേയുള്ളൂ.
സുഭാഷ് ടിആർ