"ഒരാളെ മറ്റൊരാളായി മാറ്റാൻ കഴിവുള്ളവരാണ് സാഹചര്യവും അനുഭവവും"ഇന്നത്തെ ചിന്താവിഷയം

ചില ആളുകളെ കുറിച്ച് ഇങ്ങനെ പറയുന്നത് കേട്ടിട്ടില്ലേ "അവർ എത്രമാത്രം മാറിപ്പോയിരിക്കുന്നു, മുമ്പൊക്കെ അവർ ഇങ്ങനെ ഒന്നുമല്ലായിരുന്നു, എത്ര സ്നേഹത്തോടെയും, ബഹുമാനത്തോടെയും ആയിരുന്നു പണ്ടൊക്കെ അവർ സംസാരിച്ചിരുന്നതും ഇടപെട്ടുകൊണ്ടിരുന്നതും" കാലങ്ങൾ മനുഷ്യനിൽ മാറ്റങ്ങൾ വരുത്താറുണ്ട്.
മനുഷ്യനിൽ മാത്രമല്ല പ്രകൃതിയിലും മാറ്റങ്ങൾ വരാറുണ്ട്. മാറ്റങ്ങൾ അനിവാര്യമാണല്ലോ.!
നമ്മുടെ കളിക്കൂട്ടുകാർ, സഹപാഠികൾ, അയൽക്കാർ, സഹപ്രവർത്തകർ തുടങ്ങി, ഇങ്ങനെ നമുക്ക് ചുറ്റുമുള്ള അനേകം ആളുകളെ നോക്കൂ. ഓരോരുത്തരിലും വന്നിരിക്കുന്ന മാറ്റം. ശാരീരികമായ മാറ്റം മാത്രമല്ല അവരുടെ പെരുമാറ്റത്തിലും സംസാരത്തിലും ഒക്കെ വന്നിരിക്കുന്ന മാറ്റം.
ചിലർ പഴയതിനേക്കാൾ വളരെയധികം വിനയത്തോടെയും എളിമയോടെയും കാണപ്പെടുമ്പോൾ മറ്റുചിലർ അഹങ്കാരികളും ധിക്കാരികളും മുരടന്മാരുമായി മാറിയിട്ടുണ്ടാവും.
ഓരോരുത്തരെയും പരുവപ്പെടുത്തുന്നത് അവരുടെ പരിതസ്ഥിതിയും ജീവിത സാഹചര്യങ്ങളും എല്ലാം ചേർന്നാണ്. ചില സാഹചര്യങ്ങളിൽ മനുഷ്യൻ്റെ സ്വത്വം തന്നെ നഷ്ടപ്പെട്ടു പോകാം. അവൻ്റെ ചുറ്റുപാടുമുള്ള സാഹചര്യങ്ങൾ അവനെ സ്വത്വബോധം ഇല്ലാത്തവനാക്കിയേക്കാം. ചിലരിൽ വ്യക്തിത്വത്തെ ഊട്ടി ഉണർത്താനും കഴിയും.
ജീവിതത്തിൽ അടിക്കടി ഉണ്ടാകുന്ന പരാജയങ്ങൾ ഒരു മനുഷ്യനെ മാറ്റിമറിയ്ക്കാം. പരാജയത്തിൻ്റെ പടുകുഴിയിൽ നിന്നും രക്ഷപ്പെടാനായി പലവട്ടം ചാടുമെങ്കിലും കരകയറാൻ പറ്റാതെ നിസ്സഹായനായി പോകുന്ന പാവം മനുഷ്യൻ.
ചതിയുടെയും വഞ്ചനയുടെയും കുതികാൽ വെട്ടലിന്റെയും ഇരയായി ജീവിതം തന്നെ ഇല്ലാതായി പോകുന്ന ധാരാളം മനുഷ്യരെ നമ്മൾക്ക് പരിചയമുണ്ടാകും.
അതുപോലെ പൂജ്യത്തിൽ നിന്നും വലിയ നിലയിലേക്ക് ഉയർന്ന അനേകം മനുഷ്യരെയും നമ്മൾക്ക് അടുത്തറിയാം. ഈ രണ്ടു തരക്കാരുടെയും ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റം രണ്ടുതരത്തിൽ ആയിരിക്കുമല്ലോ. ഇവരിൽ ഉണ്ടാകുന്ന ഈ മാറ്റത്തിന് നിദാനം അവരുടെ അനുഭവങ്ങളും സാഹചര്യങ്ങളും ആണ് എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ.
സുഭാഷ് ടിആർ