"ഒരു പുഷ്പം പോലെ, നീ നട്ടിടത്ത് വിരിയുക" ഇന്നത്തെ ചിന്താവിഷയം

നിങ്ങൾ എവിടെയാണോ അവിടെ തന്നെ ആയിരിക്കുക എന്ന വാക്കുകൾ ഇതിനോട് ചേർത്തു വയ്ക്കാം. നമ്മൾ ഒരു ചെടി നടുന്നത് അത് പൂവിട്ട് കാണാൻ വേണ്ടിയാണ്. അല്ലെങ്കിൽ കായകൾ ഉണ്ടാവുന്നത് കാണാൻ വേണ്ടിയാണല്ലോ. ചെടിയുടെ ധർമ്മമെന്താണ്? നട്ടിടത്തുനിന്ന് വെള്ളവും വളവും സ്വീകരിച്ച് വളർന്ന് വലുതായി പുഷ്പിക്കുക, അല്ലെങ്കിൽ കായ്ക്കുക എന്നുള്ളതാണ്.
അതുപോലെയാണ് മനുഷ്യജീവിതം. ജീവൻ ഉണ്ടെങ്കിലും ആഹാരം കഴിച്ച് വളരുന്നുണ്ടെങ്കിലും ചെടികൾക്ക് സഞ്ചരിക്കാൻ കഴിയില്ലല്ലോ. മനുഷ്യരെ സംബന്ധിച്ചിടത്തോളം മനുഷ്യന് സഞ്ചരിക്കാൻ കാലുകൾ കൊടുത്തിട്ടുണ്ട്.
ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് മനുഷ്യൻ അവൻ്റെ ഉപജീവനം മാർഗം തേടി ലോകത്തിൻ്റെ പല ഭാഗങ്ങളിലേക്കും ചേക്കേറാറുണ്ടല്ലോ. എവിടെയായാലും ആ സ്ഥലത്ത് നിങ്ങൾ നിങ്ങളായി തന്നെ ഇരിക്കുക. നിങ്ങൾക്ക് വളരുവാനും, നിങ്ങളുടെ ചുറ്റുപാടുകൾ വികസിപ്പിച്ചെടുക്കാനുമുള്ള വഴികൾ നിങ്ങളുടെ മുന്നിൽ തെളിഞ്ഞുവരും.
സുഗന്ധം പരത്തുന്ന പുഷ്പം പോലെ നിങ്ങൾ ചെന്നെത്തുന്ന സ്ഥലത്ത് ഒരു പുഷ്പമായി മാറുക. നിങ്ങളുടെ സൗമ്യമായ പെരുമാറ്റവും ഹൃദ്യമായ ഭാഷണവും മറ്റുള്ളവരെ നിങ്ങളിലേക്ക് അടിപ്പിക്കാതിരിക്കില്ല.
അങ്ങനെ വരുമ്പോൾ നിങ്ങളുടെ സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കും. ഭൗതികവും മാനസികവും ആയ നേട്ടങ്ങൾക്ക് പിന്നിൽ നിങ്ങളുടെ വ്യക്തിത്വവും സ്വത്വവും ആണ്. കുലീനമായ പെരുമാറ്റവും ശുദ്ധിയും വൃത്തിയും ഉള്ള ജീവിതശൈലിയും നിങ്ങൾക്കുണ്ടെങ്കിൽ തീർച്ചയായും പരിമളം പരത്തുന്ന പുഷ്പമായി എന്നും നിങ്ങൾ വിടർന്നു നിൽക്കും.
സുഭാഷ് ടിആർ