"നിങ്ങൾക്ക് കഴിയും എന്ന് വിശ്വസിക്കൂ; നിങ്ങൾ പകുതി ദൂരം എത്തിക്കഴിഞ്ഞു" ഇന്നത്തെ ചിന്താവിഷയം

എല്ലാ കാര്യത്തിലും ശുഭാപ്തി വിശ്വാസം വെച്ചുപുലർത്തുന്ന അനേകം ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്. അതുപോലെതന്നെ അവിശ്വാസികളും ഉണ്ട്. ഏതു കാര്യത്തിലേക്കിറങ്ങിയാലും അത് പൂർണ്ണമാക്കാനോ അതിൽ വിജയിപ്പിക്കാനോ അവർക്ക് കഴിയത്തില്ല.
വിശ്വാസം, അതൊന്നു കൊണ്ട് മാത്രം ജീവിതത്തിൽ ജയിച്ചു കയറിയവരെ നമ്മൾക്ക് അറിയാം. അവരുടെ വാക്കുകൾക്ക് എന്തൊരു ശക്തിയാണ് എന്തൊരു പ്രതീക്ഷയാണ് അവരുടെ മുന്നിൽ തടസ്സങ്ങൾ, തടസ്സങ്ങൾ അല്ലാതെ ആവുകയാണ്. ഇത്തരം ആളുകളോട് ഒന്ന് സംസാരിച്ചാൽ നമുക്ക് കിട്ടുന്ന ഒരു പോസിറ്റീവ് എനർജി ഉണ്ട്.
ഇവരുടെ സാമീപ്യം നമ്മൾ ആഗ്രഹിക്കുന്നതും അതുകൊണ്ട് തന്നെയാണ്. പ്രതിസന്ധികൾ ഏതുമായിക്കൊള്ളട്ടെ ഉറച്ച വിശ്വാസം ഉണ്ടെങ്കിൽ അതിനെ എല്ലാം തരണം ചെയ്യാൻ നമുക്ക് സാധിക്കും. നമ്മുടെയൊക്കെ ജീവിതത്തിൽ സാധാരണയായി ഉണ്ടായേക്കാവുന്ന അനേകം പ്രശ്നങ്ങളുണ്ട്.
ഈ പ്രശ്നങ്ങളെ ഓർത്ത് വേവലാതിപ്പെടുന്നവരാണ് ഭൂരിഭാഗം മനുഷ്യരും. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹാരവുമുണ്ട് എന്ന് വിശ്വസിക്കുക. നമ്മൾ ചെയ്യാൻ പോകുന്ന ഒരു കാര്യത്തെക്കുറിച്ച് എന്തുതന്നെയായാലും അതെനിക്ക് കഴിയും ഞാൻ അത് നേടും എന്ന് മനസ്സിൽ ഉറച്ചു വിശ്വസിച്ചാൽ, നമ്മൾ അതിൻ്റെ പകുതി കടന്നുകഴിഞ്ഞു അല്ലെങ്കിൽ പകുതി നേടിക്കഴിഞ്ഞു.
ബാക്കി പകുതിയിലേക്കുള്ള ദൂരം കുറഞ്ഞു കിട്ടും അല്ലെങ്കിൽ അത് വളരെ എളുപ്പത്തിൽ നമ്മുടെ കയ്യിലേക്ക് എത്തിച്ചേരുകയും ചെയ്യും. അതുകൊണ്ട് ശുഭാപ്തി വിശ്വാസം എപ്പോഴും വെച്ചുപുലർത്തുക.
എനിക്കിതിന് കഴിയും എന്ന് ഉറച്ചു വിശ്വസിക്കുക. ഞാനിത് നേടിയെടുക്കും എന്ന് ആത്മവിശ്വാസത്തോടെ മനസ്സിൽ വീണ്ടും വീണ്ടും പറയുക.