"സൗന്ദര്യം എന്നത് ശ്രദ്ധിക്കപ്പെടുന്നതിനെക്കുറിച്ചല്ല, ഓർമ്മിക്കപ്പെടുന്നതിനെക്കുറിച്ചാണ്" ഇന്നത്തെ ചിന്താവിഷയം
മനോഹരമായ എന്തിനെയും എല്ലാവരും ഇഷ്ടപ്പെടുന്നു. അത് പ്രകൃതിയുടെ സൗന്ദര്യം ആകാം, മനുഷ്യരുടെ ഭംഗി ആകാം, മറ്റ് എന്തും ആകാം. കാണുന്നവരുടെ കണ്ണിലാണ് സൗന്ദര്യം എന്ന് പറഞ്ഞ് കേട്ടിട്ടുണ്ടല്ലോ. പൂക്കളിലും പൂമ്പാറ്റകളിലും, പുൽനാമ്പിലും വൻവൃക്ഷങ്ങളിലും ഉറുമ്പിലും ആനയിലും നദിയിലും കടലിലും കായലിലും കുന്നുകളിലും താഴ് വരകളിലും പക്ഷിമൃഗാദികളിലും പ്രകൃതി ഒരുക്കിയ വശ്യ സൗന്ദര്യം ആരെയാണ് ആകർഷിക്കാത്തത്.
സൗന്ദര്യമുള്ള സ്ത്രീകളെയും പുരുഷന്മാരെയും ആരാണ് ഇഷ്ടപ്പെടാത്തത്. കവികൾ ഏറ്റവും കൂടുതൽ വർണ്ണിക്കുന്നത് സ്ത്രീസൗന്ദര്യത്തെയും പ്രകൃതിയെയും ആണല്ലോ. സൗന്ദര്യം കേവലം ബാഹ്യമായ കാഴ്ചയാണ് എങ്കിലും ആന്തരികമായ സൗന്ദര്യത്തിനാണ് പത്തരമാറ്റ് എന്ന് എത്രയോ അനുഭവങ്ങളിലൂടെ നമ്മൾ തിരിച്ചറിഞ്ഞിരിക്കുന്നു.
സൗന്ദര്യം ഉള്ള ഒരു വ്യക്തി, ആണായാലും പെണ്ണായാലും മനസ്സിൽ നന്മയും ഹൃദയവിശാലതയും ഇല്ലെങ്കിൽ മുരിക്കുമരത്തിലെ പൂക്കളെ പോലെയാണ് എന്ന് പറയേണ്ടി വരും. എളിമയും ലാളിത്യവും വിദ്യയും ധനവും ഉള്ള വ്യക്തിക്ക് ബാഹ്യ സൗന്ദര്യം ഇല്ലെങ്കിലും ചന്ദനമരം പോലെ ശോഭിക്കും. അതാണ് പറയുന്നത്, സൗന്ദര്യം എന്ന് പറയുന്നത് ശ്രദ്ധിക്കപ്പെടുന്നതിനെക്കുറിച്ച് അല്ല, എന്നുമെന്നും ഓർമ്മിക്കപ്പെടുന്നതിനെ കുറിച്ചാണ് എന്ന്.
സുഭാഷ് ടിആർ