"നിങ്ങൾ പോകുന്നിടത്തെല്ലാം സന്തോഷം പരത്തുന്ന ചിത്രശലഭങ്ങളെപ്പോലെയാകൂ, എല്ലാ ദിവസവും പൂത്തുലഞ്ഞ് പരിമളം വിടർത്തൂ" ഇന്നത്തെ ചിന്താവിഷയം
ഏതൊരാൾക്കൂട്ടത്തിനിടയിലും ശ്രദ്ധിക്കപ്പെടുന്ന ചില വ്യക്തിത്വങ്ങളെ കാണാം. അവരുടെ ആകർഷകമായ പെരുമാറ്റവും സമീപനവും കൊണ്ട് അവരുടെ സാമീപ്യം എല്ലാവർക്കും വളരെ ഹൃദ്യമായി തോന്നും. അവരുടെ ഉള്ളിലെ നന്മയുടെയും സ്നേഹത്തിൻ്റെയും ബഹിർസ്ഫുരണങ്ങൾ ആരെയും ഒന്ന് പിടിച്ചു നിർത്തും.
അവർ എവിടെയായിരുന്നാലും അങ്ങനെ തന്നെയായിരിക്കും പെരുമാറുന്നത്. അവരുടേത് ഒരു അഭിനയമല്ല, മുൻകുട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചുമല്ല എന്ന് അവരുടെ നിഷ്കളങ്കമായ പെരുമാറ്റം കൊണ്ട് അറിയാവുന്നതേയുള്ളൂ. ശിലയെ പോലും അലിയിപ്പിക്കുന്നതായിരിക്കും അവരുടെ സ്നേഹാർദ്രമായ വാക്കുകൾ. അവരുടെ കണ്ണുകളിലെ പ്രകാശത്തിൽ, മുന്നിൽ നിൽക്കുന്നവരുടെ വിഷമങ്ങൾ മാറിപ്പോകും.
ഒരു തേനീച്ചയെ പോലെയോ, ഒരു ചിത്രശലഭത്തെ പോലെയോ പാറിപ്പറന്ന് ജീവിതം എത്ര സുന്ദരമാണ് എന്ന് നമ്മളോട് പറയുകയാണ് ഇവർ. ജീവിതത്തെ വളരെ ഗൗരവമായി കണ്ട് മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് ഇവരുടെ സാമിപ്യം എത്രമാത്രം ഉന്മേഷം ഉണ്ടാക്കും എന്ന് അറിയാമോ. ചിലരെക്കുറിച്ച് പറയാറില്ലേ, "നീ എന്താ വരാത്തത് എന്ന് ഞാൻ ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു, എത്ര നേരമായി നിന്നെ നോക്കിയിരിക്കുന്നു, നീ ഇവിടെ കുറച്ചു നേരം കൂടി ഇരുന്നിട്ട് പോയാൽ മതി.
" മുമ്പെങ്ങുമില്ലാത്ത, മുമ്പ് അനുഭവിക്കാത്ത ആശ്വാസമായിരിക്കും ഇത്തരം ആളുകളുടെ സാമീപ്യം കൊണ്ട് അവർക്കുണ്ടാവുന്നത്. അത് രക്തബന്ധം ആകണമെന്നില്ല. നമ്മൾ പോകുന്നിടത്തെല്ലാം ഒരു ചിത്രശലഭമായി പാറിപ്പറന്നു നടക്കാം. എല്ലാദിവസവും പരിമളം വിടർത്തുന്ന പൂക്കളായി പൂത്തുലയാം, ജീവിതം ഒരിക്കലല്ലേ ഉള്ളൂ.!
സുഭാഷ് ടി ആർ