"നിങ്ങൾ കണ്ടുമുട്ടുന്ന വരോട് ദയയോടെ പെരുമാറുക, ഒരു പക്ഷേ അവർ അതിജീവനത്തിന് വേണ്ടിയുള്ള കഠിന പോരാട്ടങ്ങളിലാകും"
മനുഷ്യരുടെ മനസ്സിൽ നിന്നും ദയയും സഹാനുഭൂതിയും പടി ഇറങ്ങിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണല്ലോ നമ്മളിപ്പോൾ ജീവിക്കുന്നത്. ലോകം ഇന്ന് ചുരുങ്ങി നമ്മുടെ കൈക്കുമ്പിളിലേക്ക് വന്നപ്പോൾ, മനുഷ്യനിലെ മനുഷ്യത്വവും ആർദ്രതയും കരുണയും സ്നേഹവും ബഹുമാനവും എല്ലാം അതോടൊപ്പം ചുരുങ്ങിപ്പോയി.
ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങളും അവർ നേരിടുന്ന വെല്ലുവിളികളും അവർക്ക് മാത്രം അറിയാവുന്നതാണ്. ഏതാനും ദിവസം മുമ്പ് പിറവത്ത്, മൂവാറ്റുപുഴയാറിൽ ചാടി ജീവിതം അവസാനിപ്പിച്ച ഒരച്ഛനും അമ്മയും രണ്ടു മക്കളും നമ്മളെയൊക്കെ കണ്ടമാനം വേദനിപ്പിച്ചില്ലേ. നിരാലംബരും നിസ്സഹായരുമായ ആ സാധുക്കളെ അടുത്തറിഞ്ഞവർക്ക് അവരുടെ വിയോഗം താങ്ങാൻ ആവുന്നതല്ലായിരുന്നു. അവർക്ക് ഒരു വാടക വീട് പോലും ലഭിക്കാത്ത സാഹചര്യവും, വാടക കൊടുക്കാൻ ഉള്ള പൈസയും ഇല്ലാത്ത അവസ്ഥയും മനസ്സിലാക്കിയത് കുറെ നല്ല പോലീസുകാരായിരുന്നു.
അവർ ഇടപെട്ട് വാടകവീട് സംഘടിപ്പിച്ച് കൊടുത്തെങ്കിലും, ആ കുടുംബം അവിടെ താമസിക്കുന്നത് കണ്ട് സന്തോഷിക്കാൻ ആ പോലീസുകാർക്ക് കഴിഞ്ഞില്ലല്ലോ എന്നോർത്ത് അവരും നൊമ്പരപ്പെടുന്നു. അവർ മുട്ടിയ മറ്റ് വാതിലുകൾ അവർക്ക് നേരേ കൊട്ടിയടച്ചപ്പോൾ ആ അച്ഛനും അമ്മയും എത്രമാത്രം വേദന അനുഭവിച്ചിട്ടുണ്ടാകും.
ഭൂമിയിലെ ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്താണ് അച്ഛനും അമ്മയും തങ്ങളെയും കൊണ്ട് പള്ളികളിലും അമ്പലങ്ങളിലും പാർക്കിലും ഒക്കെ നടക്കുന്നതെന്ന് നിഷ്കളങ്കരായ ആ കുരുന്നുകൾക്ക് അറിയുമായിരുന്നില്ലല്ലോ.
ആ പോലീസുകാർ അവരോട് കാണിച്ച സഹാനുഭൂതി പോലെ, വേറെ ആരെങ്കിലും അവരോട് കാണിച്ചിരുന്നെങ്കിൽ, ഒരു പക്ഷേ അവർ ഇന്ന് ഈ ലോകത്ത് ജീവനോടെ ഉണ്ടാകുമായിരുന്നു. മനുഷ്യരുടെ ഉള്ളിൽ നുരഞ്ഞു പൊങ്ങുന്ന സങ്കടങ്ങൾ പുറമേ നിന്നെ നോക്കിയാൽ തിരിച്ചറിയാൻ പറ്റത്തില്ലല്ലോ.
തൊട്ടയൽവക്കത്ത് താമസിക്കുന്നവർ ആരാണെന്ന് പോലും തിരക്കാത്ത ആളുകളാണ് ഇന്നുള്ളത്. മാറാ രോഗങ്ങൾ അനുഭവിക്കുന്നവരും, ഗുരുതരമായ
സാമ്പത്തിക പ്രതിസന്ധികളിൽ അകപ്പെട്ട വരും, ഉപജീവനത്തിനായി കഷ്ടപ്പെടുന്നവരും ഒക്കെ അനുഭവിക്കുന്ന മാനസിക സമ്മർദ്ദവും ഏകാന്തതയും ഉത്കണ്ഠയും അവരുടെ ഉറക്കം കെടുത്തുന്നത് ആരെങ്കിലും മനസ്സിലാക്കാറുണ്ടോ.?
ഈ കഷ്ടപ്പാടുകൾ ഒന്നും അവരുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാൻ കഴിയാറുമില്ല. ജീവിതവുമായി യുദ്ധം ചെയ്ത് പരാജയപ്പെട്ട് നിൽക്കുന്ന ഒരാളോടായിരിക്കും നമ്മൾ അകാരണമായി ദേഷ്യപ്പെടുന്നത്. അത് കേൾക്കുന്നയാളെ എത്രമാത്രം വേദനിപ്പിക്കും എന്ന ചിന്തിച്ചിട്ടുണ്ടോ. കഴിയുന്നതും ഒരാളെയും വേദനിപ്പിക്കാതിരിക്കുക. സാമ്പത്തികമായി സഹായം ചെയ്തില്ലെങ്കിലും മറ്റുള്ളവരോട് കരുണയോടെയും സഹാനുഭൂതിയോടെയും പെരുമാറാൻ ശീലിക്കാം.
സുഭാഷ് ടിആർ