"ഉള്ളതിൽ സന്തുഷ്ടനായിരിക്കുക, ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ തുടർന്നും പ്രവർത്തിക്കുക, സന്തോഷകരമായ ജീവിതം ആരംഭിക്കുന്നത് ഇങ്ങനെ പറയുന്നതിലൂടെയാണെന്ന് ഓർമ്മിക്കുക. എനിക്കുള്ളതിന് ദൈവമേ നന്ദി", ചിന്താവിഷയം
ജീവിതത്തിൽ നിരാശ തോന്നുന്നത് എന്തുകൊണ്ടായിരിക്കും എന്ന് ആരെങ്കിലും ഗൗരവത്തോടെ ചിന്തിച്ചിട്ടുണ്ടോ? ഗൗതമബുദ്ധൻ പറഞ്ഞത് "ആശയാണ് സകല ദുഃഖങ്ങൾക്കും കാരണം" എന്നാണല്ലോ. ആഗ്രഹിക്കാതെ, അല്ലെങ്കിൽ ആശിക്കാതെ എങ്ങനെയാണ് നമ്മൾ ജീവിതത്തിൽ പലതും നേടുന്നത് എന്ന് തിരിച്ച് ചോദിച്ചേക്കാം.
ശ്രീബുദ്ധൻ നിർവചിച്ച ആശ, അത്യാഗ്രഹം എന്നാകാം. അത്യാഗ്രഹം കൊണ്ടാണല്ലോ മനുഷ്യൻ പലപ്പോഴും മനുഷ്യനല്ലാതായി മാറുന്നത്. സന്തോഷകരമായ ഒരു ജീവിതം ഉണ്ടാകണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അത്യാഗ്രഹം പാടേ ഉപേക്ഷിക്കുക, അഹങ്കാരം പൂർണമായും വെടിയുക. സ്വന്തം ജീവിതത്തെ സ്നേഹിച്ചും പരിലാളിച്ചും മുന്നോട്ടുപോകുക. മറ്റുള്ളവരെ നോക്കി നടന്നാൽ ജീവിതം നിരാശയുടെ പടുകുഴിയിലേക്ക് വീണുപോകും.
അപ്പോൾ ഉള്ളിൽ പകയും വിദ്വേഷവും അസൂയയും തുടങ്ങി സകല നെഗറ്റീവ് ശക്തികളും ഭരിക്കാൻ വരും. അതിനിട കൊടുക്കാതിരിക്കാൻ എന്താണോ നമ്മുടെ കൈയിൽ ഉള്ളത്, അതിൽ ആനന്ദിക്കുകയും സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യണം.
ജോലി, വീട്, കുട്ടികൾ, ഭാര്യ, ഭർത്താവ്, ബന്ധുക്കൾ സ്നേഹിതർ അയൽക്കാർ സഹപ്രവർത്തകർ, പ്രകൃതി, മഴ, വെയിൽ, നിലാവ്, സംഗീതം, നൃത്തം അങ്ങനെ ചുറ്റുമുള്ള എല്ലാത്തിലും സന്തോഷം കണ്ടെത്തുക, അതിൽ ആനന്ദിക്കുക.
ഏത് പ്രവർത്തിയിലാണോ നമ്മൾ വ്യാപൃതരായിരിക്കുന്നത്, അത് നിഷ്ഠയോടെയും ഉത്തരവാദിത്വത്തോടെയും ചെയ്താൽ അവിടെയും സന്തോഷമുണ്ടാകും.
ഓരോ ദിവസവും, ഓരോ പുലരിയും ദാനമായി തരുന്ന ദൈവത്തോട് നന്ദി പറഞ്ഞ് ദിവസം തുടങ്ങാം. "ദൈവമേ.! ഒരു പുതിയ പ്രഭാതത്തിലേക്ക് എന്നെ വിളിച്ചുണർത്തിയതിന്, എനിക്ക് നൽകിയ എല്ലാ സൗഭാഗ്യങ്ങൾക്കും, എൻ്റെ കൈയിലേക്ക് നൽകിയ എല്ലാത്തിനും നന്ദി.. നന്ദി.." ഇങ്ങനെ ദൈവത്തോട് നന്ദി പറഞ്ഞ് ഒരു ദിവസം ആരംഭിച്ചു നോക്കൂ. ജീവിതത്തിൽ എന്നും സന്തോഷമുണ്ടാകും.
സുഭാഷ് ടിആർ