"യുദ്ധങ്ങളിൽ ശ്രദ്ധാലുവായിരിക്കുക, ചിലപ്പോൾ പോരാടുന്നതിനേക്കാൾ സമാധാനം നല്ലതാണ്" ഇന്നത്തെ ചിന്താവിഷയം
നമ്മൾ ഏത് കാര്യത്തിൽ വ്യാപൃതരായിരുന്നാലും ആ കാര്യത്തിൽ പൂർണ്ണ ശ്രദ്ധ ഉള്ളവരാകുക എന്നാണല്ലോ ബുദ്ധിമാന്മാർ പറയുന്നത്. അത് ജോലിയിലായാലും കളികളിലായാലും യുദ്ധത്തിൽ ആയാലും ഒരുപോലെയാണ്.
നിത്യാഭ്യാസി ആനയെ എടുക്കും എന്നൊരു പഴഞ്ചൊല്ലുമുണ്ടല്ലോ. പറഞ്ഞുവരുന്നത് യുദ്ധവും സമാധാനവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്.
ലോകത്തിൻ്റെ പല ഭാഗങ്ങളിലും ഇപ്പോഴും യുദ്ധം നടന്നുകൊണ്ടിരിക്കുകയാണ് എന്നറിയാമല്ലോ. യുദ്ധത്തിൽ വിജയിക്കാൻ അതീവ ശ്രദ്ധ വേണ്ടിവരുന്നുണ്ട്. യുദ്ധവും ഇന്ന് വലിയൊരു വ്യാപാര തന്ത്രമായി മാറിയിരിക്കുകയാണ്.
എന്നാൽ യുദ്ധത്തിലേക്ക് നയിക്കുന്ന കാരണങ്ങളെക്കുറിച്ച്, അത് ഉണ്ടാക്കുന്ന വലിയ ദുരന്തങ്ങളെക്കുറിച്ച് യുദ്ധത്തിൽ ഏർപ്പെടുന്നവർക്ക് വലിയ ആശങ്കകൾ ഒന്നും ഉണ്ടാകാൻ ഇടയില്ല. യുദ്ധത്തിൽ വിജയം മാത്രമാണ് അവർ ആഗ്രഹിക്കുന്നത്.
പിടിച്ചടക്കലുകൾ പണ്ടുമുതലേ ലോകത്ത് ഉണ്ടായിട്ടുണ്ട്. പുരാതന സംസ്കാരങ്ങളെ ഒക്കെ തകർത്തെറിഞ്ഞ് നടന്നിട്ടുള്ള യുദ്ധങ്ങളിൽ വിജയിച്ചവർ യഥാർത്ഥത്തിൽ വിജയികളായിരുന്നുവോ എന്ന് സംശയം ബാക്കിയുണ്ട്. ലക്ഷോപലക്ഷം വരുന്ന ജനങ്ങളെ, മൃഗങ്ങളെ കൊന്നൊടുക്കുന്ന യുദ്ധത്തിൽ രാജ്യത്തിൻ്റെ സമ്പത്തും ഇല്ലാതാവുകയാണ്.
യുദ്ധം എന്ന മഹാദുരന്തത്തിന്റെ അനുഭവങ്ങൾ പേറുന്ന കോടിക്കണക്കിനാളുകൾ, യുദ്ധം എന്ന് കേൾക്കുമ്പോൾ അവർക്ക് നടുക്കം ഉണ്ടാവുകയാണ്. എന്നാൽ സമാധാനം ഉണ്ടാക്കുന്നവർ നന്നേ വിരളമാണ് താനും.
പോരാട്ടം നാശനഷ്ടങ്ങളുടെ കുത്തൊഴുക്കാണ്. പല യുദ്ധങ്ങളും സമാധാന ചർച്ചകളിലൂടെ അവസാനിക്കുമ്പോൾ ലോകം ആശ്വാസം കൊള്ളും. യുദ്ധത്തെക്കാൾ സമാധാനമാണ് നല്ലത് എന്ന് ചിന്തിക്കാൻ അത് അവർക്ക് അവസരം കൊടുക്കും.
എന്തിനായിരുന്നു വെറുതെ യുദ്ധം ചെയ്തത് എന്നോർത്ത് പിന്നെ പരിതപിച്ചിട്ട് കാര്യമില്ലല്ലോ. യുദ്ധത്തെക്കാൾ നല്ലത് എപ്പോഴും സമാധാനം തന്നെയാണ് എന്ന് തിരിച്ചറിവ് എല്ലാവരിലും ഉണ്ടാകട്ടെ.
സുഭാഷ് ടിആർ