"നീ ഒരു വെളിച്ചമാവുക" ഇന്നത്തെ ചിന്താവിഷയം
ജീവിതത്തിലെ പ്രതീക്ഷകളും പ്രത്യാശകളും എല്ലാം അസ്തമിച്ച, ഇരുളടഞ്ഞ മനുഷ്യരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ കൈത്തിരിനാളമായി മാറാൻ നിങ്ങൾക്ക് കഴിയുമോ.? പ്രതിസന്ധികളിലും നിരാശയിലും മുങ്ങിത്താഴുന്ന ഓരോ വ്യക്തിയുടെ ജീവിതത്തിലും പ്രകാശമാകാൻ നിങ്ങൾക്ക് സാധിച്ചാൽ അതാണ് ഏറ്റവും വലിയ ഈശ്വര സേവ.
വെളിച്ചമാവുക എന്നു പറഞ്ഞാൽ ഇന്ന് തന്നെ എല്ലാം അങ്ങ് മാറ്റി മറിക്കാം എന്ന് വിചാരിക്കരുത്. വലിയ കാര്യങ്ങൾ ചെയ്യുന്നതിലൂടെ അല്ല മാറ്റങ്ങൾ സംഭവിക്കുന്നത്. നമ്മുടെ ചുറ്റും, നമ്മൾ കാണുന്ന ചെറിയ കാര്യങ്ങളിൽ സജീവമായി ഇടപെട്ടാലും മതിയല്ലോ. ദുഃഖഭാരത്താൽ ജീവിതം ദുസ്സഹമായിരിക്കുന്ന ഒരു വ്യക്തിയോട് അനുകമ്പയോടെ സംസാരിച്ചു നോക്കൂ. അവന്റെ ജീവിതത്തിൽ നിങ്ങൾ പ്രതീക്ഷയുടെ ഒരു കൈത്തിരിനാളമാണ് തെളിയിച്ചത്.
ഒന്നും പ്രതീക്ഷിക്കാതെ വേണം മറ്റുള്ളവർക്ക് നന്മ ചെയ്യാൻ എന്നോർക്കുക. തകർച്ചകൾ താറുമാറാക്കിയ ഒരു വ്യക്തിക്ക് മുന്നോട്ടു പോകാനുള്ള ആത്മവിശ്വാസം പകർന്നു കൊടുക്കാം. അസൂയയും, കിടമത്സരവും, നെഗറ്റീവ് ചിന്തകളും ഉള്ള സമൂഹമാണ് നമ്മുടെ ചുറ്റും ഉള്ളത്. അവിടെ മറ്റുള്ളവരെ കുറ്റപ്പെടുത്താനും പരിഹസിക്കാനും ചതിക്കാനും ആളുകൾ മത്സരിക്കും.
മറ്റുള്ളവരുടെ തെറ്റുകൾ, അവരുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ, ആ വീഴ്ചകൾ മനസ്സിലാക്കിയാൽ നമുക്ക് അവരെ കുറ്റപ്പെടുത്താന്‍ പറ്റുകയില്ല എന്ന് ഓർക്കുക. നിങ്ങളുടെ നിഷ്കളങ്കമായ വാക്കുകളും പ്രവർത്തികളും ഒരാളുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ നിങ്ങൾ അവരുടെ ജീവിതത്തിൽ പ്രകാശമായി മാറുകയാണ്.
സുഭാഷ് ടിആർ