"നിങ്ങൾക്കായി നിങ്ങൾ ഒരു മികച്ച വ്യക്തിയാകൂ"ഇന്നത്തെ ചിന്താവിഷയം
ഓരോ മനുഷ്യനും ജീവിക്കുന്നത് അവനവൻ്റെ ഉയർച്ചയ്ക്കും നിലനിൽപ്പിനും വേണ്ടിയാണല്ലോ. അവർ ജീവിക്കുന്ന സമൂഹത്തിൽ നിന്ന് ആദരവും ബഹുമാനവും പേരും പ്രശസ്തിയും എല്ലാം ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്തതായി ആരാണുള്ളത്. എന്നാൽ മറ്റുള്ളവരെ സന്തുഷ്ടരാക്കാനോ, സമൂഹത്തിന്റെ പ്രതീക്ഷകൾക്കൊത്തുയരാനോ വേണ്ടിയാണ് ചിലരൊക്കെ ശ്രമിക്കുന്നത്. അതേസമയം വിജയവും സമാധാനവും ഉണ്ടാകുന്നത് നമ്മൾ ഒരു മികച്ച വ്യക്തിയായി മാറുമ്പോഴല്ലേ.'
മറ്റുള്ളവരുടെ മുൻപിൽ നല്ലവരാണെന്ന് വരുത്തി തീർക്കാൻ അഭിനയിക്കുന്ന ആളുകൾ ധാരാളമുണ്ട്. താൽക്കാലികമായ നേട്ടം മാത്രമേ ആ ശ്രമംകൊണ്ട് ഉണ്ടാവുകയുള്ളൂ. നമ്മുടെ കുറവുകളും പോരായ്മകളും ഒക്കെ സ്വയം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുമ്പോഴാണ് സമൂഹം അംഗീകരിക്കുന്നത്. അപ്പോൾ ആത്മവിശ്വാസം വർദ്ധിക്കുകയും, കൂടുതൽ കൂടുതൽ നമ്മുടെ ഭാവി മെച്ചപ്പെടുത്താൻ നമ്മൾക്ക് വഴിയൊരുക്കുകയും ചെയ്യും. നമ്മളെ തന്നെ സ്നേഹിക്കുകയാണ് ആദ്യം ചെയ്യേണ്ടത് എന്നോർക്കുക.
നല്ല ഭക്ഷണവും, വ്യായാമവും, സൽ ചിന്തകളും, സഭ്യമായ പെരുമാറ്റവും, ശുദ്ധിയും വൃത്തിയും വ്യക്തി ജീവിതത്തിൽ പാലിച്ചാൽ നമുക്ക് സ്വയം അഭിമാനം തോന്നും. സമൂഹത്തിനും നമ്മളെക്കുറിച്ച് മതിപ്പ് തോന്നും. നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ നമുക്ക് തന്നെ പൂർണ്ണ സംതൃപ്തി ഉണ്ടെങ്കിൽ അംഗീകാരം നമ്മളെ തേടിയെത്തും. മനുഷ്യ ജീവിതം ഒരിക്കൽ മാത്രം സംഭവിക്കുന്നതല്ലേ. മറ്റൊരാളെ പോലെ ആകാതെ, നിങ്ങളായി തന്നെ ലോകത്തിനു മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കുക.
സുഭാഷ് ടിആർ