"പ്രായമാകുന്തോറും നിങ്ങൾ മനസ്സിലാക്കുന്നത് പങ്കിടുന്ന സമയമല്ല, മറിച്ച്, നിങ്ങളെ യഥാർത്ഥത്തിൽ കാണുകയും സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്നവരാണെന്ന് തോന്നിപ്പിക്കുന്നവരാണ് പ്രധാനമെന്ന്"

 

 
thoughts

കാലം എല്ലാറ്റിലും മാറ്റങ്ങൾ കൊണ്ടുവരാറുണ്ട്. പ്രകൃതിയിലും, പ്രപഞ്ചത്തിലും  മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും എല്ലാം മാറ്റങ്ങൾ അനിവാര്യമാണ്. ആ മാറ്റങ്ങളെ കാലം കൃത്യതയോടെ അവതരിപ്പിക്കാറുണ്ട്. ബാല്യം മുതൽ നമുക്ക് അനേകം കൂട്ടുകാർ ഉണ്ടാവും. എന്നാൽ പ്രായം കൂടുന്തോറും, ബന്ധങ്ങളുടെ എണ്ണത്തേക്കാൾ പ്രാധാന്യം അവയുടെ ആഴത്തിനാണെന്ന് നാം തിരിച്ചറിയുന്നു.

ജീവിതയാത്രയ്ക്കിടയിൽ പലരുടെയും കൂടെ നമ്മുടെ വിലയേറിയ സമയം ചിലവഴിച്ചിട്ടുണ്ടാവുമല്ലോ. എന്നാൽ, നമ്മളെ തിരിച്ചറിയുന്ന, നമ്മൾ ആരാണ്, നമ്മൾ എന്താണ് ചിന്തിക്കുന്നത്, നമ്മുടെ മൗനത്തിൻ്റെ അർത്ഥം എന്താണ് എന്ന് മനസ്സിലാക്കുന്ന എത്രപേരുണ്ടായിരുന്നു എന്നോർക്കുമ്പോഴാണ് സമയം ചെലവഴിച്ചതിന്റെ  പ്രാധാന്യം നമുക്ക് മനസ്സിലാകുന്നത്.

അത്തരം കൂട്ടുകാരല്ലേ   ജീവിതത്തിലെ യഥാർത്ഥ സമ്പാദ്യം. കുറ്റങ്ങളും കുറവുകളും എല്ലാവർക്കും ഉണ്ടാവും. അത് മനസ്സിലാക്കി നമ്മളെ സ്നേഹിക്കുന്നവരാണ് , വിലമതിക്കുന്നവരാണ് നമ്മുടെ ബലം. വിരലിൽ എണ്ണാവുന്ന ആളുകളെ ഉള്ളൂ എങ്കിൽ പോലും ജീവിതത്തിൽ സന്തോഷം ഉണ്ടാവും. ഇന്നത്തെ കാലത്ത് ഔപചാരികതയുടെയും ബാഹ്യമായ പെരുമാറ്റങ്ങളുടെയും പ്രകടനങ്ങളാണ് നമുക്ക് ചുറ്റും കാണുന്നത്. അതിൻ്റെ പുറകെ പോകാനാണ് പലരും ആഗ്രഹിക്കുന്നത്.

പ്രായം കൂടുംതോറും നമ്മളെ യഥാർത്ഥത്തിൽ കാണുന്ന മനുഷ്യരുടെ സാന്നിദ്ധ്യമാണ് നമ്മുടെ മനസ്സിന് സമാധാനം നൽകുന്നത്. അങ്ങനെയുള്ളവർ നൽകുന്ന സ്നേഹവും പരിഗണനയുമാണ് പ്രായമാകുമ്പോൾ നമുക്ക് മുന്നോട്ട് പോകാനുള്ള കരുത്ത് പകരുന്നത്. വെറുതെ സമയം പങ്കിടുന്നവരെയല്ല, മറിച്ച് നമ്മുടെ സാന്നിദ്ധ്യത്തിന് മൂല്യം നൽകുന്നവരെ തിരിച്ചറിയുകയാണ് വേണ്ടത് എന്നോർക്കുക

സുഭാഷ് ‌ടിആർ

Tags

Share this story

From Around the Web