"ഒരു ഔൺസ് പ്രാക്ടീസ് ആയിരം പൗണ്ട് സിദ്ധാന്തത്തിന് തുല്യമാണ്" ഇന്നത്തെ ചിന്താവിഷയം

സ്വാമി വിവേകാനന്ദന്റെ വാക്കുകളാണിത്. സിദ്ധാന്തങ്ങൾ പറയാനും, ഉപദേശങ്ങൾ കൊടുക്കാനും എല്ലാവർക്കും നല്ല മിടുക്കുണ്ട്. എന്നാൽ അത് പ്രവർത്തി പഥത്തിൽ കൊണ്ടുവരുക എന്നുള്ളത് ഈ സിദ്ധാന്തക്കാരെ കൊണ്ടോ ഉപദേശകരെ കൊണ്ടോ കഴിയാറുമില്ല എന്നുള്ളതാണ് രസകരം.
"എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം" എന്ന മഹാത്മജിയുടെ വാക്കുകൾ മാതൃകയാക്കാൻ അന്നത്തെ കാലത്ത്, അതായത് മഹാത്മജിയുടെ സമകാലീനരായിരുന്ന ആർക്കും പറ്റിയിട്ടില്ല.
ഇന്നത്തെ കാലത്തും ആരെ കൊണ്ടെങ്കിലും പറ്റുമോ എന്നും തോന്നുന്നില്ല. "ഏട്ടിലെ പശു പുല്ലു തിന്നുകയില്ല" എന്ന പഴഞ്ചൊല്ല് സ്വാമിജിയുടെ വാക്കുകളൊട് ചേർത്ത് വെക്കാം. പുസ്തകത്തിൽ ഉള്ളത് ഹൃദിസ്ഥമാക്കിയാലും അത് പരിശീലിക്കാതെ എങ്ങനെ അതിൽ വിദഗ്ധരാവും.
ഉദാഹരണത്തിന്, ഒരു മെഡിക്കൽ വിദ്യാർത്ഥി ശരീരശാസ്ത്രം വായിച്ച് പഠിച്ച് കാണാപാഠമാക്കിയെന്ന് വിചാരിക്കുക. ആ വിദ്യാർത്ഥിക്ക് മനുഷ്യ ശരീരത്തിൽ മതിയായ പരിശീലനം ലഭിച്ചിട്ടില്ല എങ്കിൽ, ആ വിദ്യാർത്ഥി മെഡിക്കൽ ബിരുദം നേടിയാലും എങ്ങനെ നല്ല ഒരു ഡോക്ടറാകും.?
ഏത് മേഖലയിലായാലും പരിശീലനത്തിലാണ് മികവ് തെളിയിക്കേണ്ടത്. സിദ്ധാന്തങ്ങൾ പരിശീലനത്തെ സഹായിക്കുന്നു എന്ന് മാത്രമേയുള്ളൂ.
സുഭാഷ് ടിആർ