"വ്യാജ സുഹൃത്തിനേക്കാൾ നല്ലത് തുറന്ന ശത്രുവാണ്"ഇന്നത്തെ ചിന്താവിഷയം 

 

 
friends

നല്ല സുഹൃത്തുക്കൾ ഉണ്ടാകുക എന്നുള്ളത് വലിയൊരു ഭാഗ്യമാണ്. ഇന്നത്തെ സാഹചര്യത്തിൽ നല്ല സുഹൃത്തുക്കളെ ലഭിക്കാൻ വളരെ ബുദ്ധിമുട്ടും. സ്വാർത്ഥ താല്പര്യക്കാരായ ഒരു വലിയ സമൂഹമാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. ആധുനികതയുടെ കടന്നുകയറ്റത്തിൽ എല്ലാത്തരത്തിലുള്ള ബന്ധങ്ങളും വെറും പ്രകടനം മാത്രമായി മാറിയിരിക്കുകയാണ്.

ആരാണ് യഥാർത്ഥ സുഹൃത്ത്, ആരാണ് നമ്മുടെ ആത്മമിത്രം, ആത്മബന്ധു എന്നൊന്നും ഇന്ന് തിരിച്ചറിയാൻ സാധിക്കാതെ വന്നിരിക്കുന്നു. പുറമേ നമ്മളോട് സ്നേഹം നടിക്കുകയും, നമ്മുടെ അടുത്ത് നിന്ന് മാറുമ്പോൾ അടുത്ത ക്ഷണത്തിൽ തന്നെ  നമ്മൾക്കെതിരെ ആക്ഷേപങ്ങളും കുറ്റപ്പെടുത്തലുകളും ഇത്തരക്കാർ നടത്താറുണ്ട്. ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നവർ തന്നെയാണെങ്കിലും ഇത്തരത്തിൽ പെരുമാറുന്നവരെ നമുക്ക് കാണാൻ പറ്റും.  

ആത്മാർത്ഥത ഉള്ളവൻ എന്ന് നടിക്കുകയും പുറകിലൂടെ നമുക്കെതിരെ ഗൂഢാലോചന നടത്തുകയും ചെയ്യുന്ന വ്യാജ സുഹൃത്തുക്കളെ ആണ് നമ്മൾ പേടിക്കേണ്ടത്. എന്നാൽ നമ്മളോട് നേരിട്ട് ശത്രുത പുലർത്തുന്നവരെ നമുക്ക് മനസ്സിലാക്കാം. വ്യാജ സുഹൃത്തിനേക്കാൾ നമുക്ക് വിശ്വസിക്കാൻ പറ്റുന്നത് നമ്മളോട് നേരിട്ട് ശത്രുതാ മനോഭാവം കാണിക്കുന്നവരെയാണ്. ഒരുപക്ഷേ ആപത്തിൽ ഏറ്റവും സഹായിക്കുന്നതും ഇവരായിരിക്കാം.

ആവശ്യത്തിന് ഉപകരിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത് എന്ന് പറയാറുണ്ടല്ലോ. ജോലിയിലും ബിസിനസിലും കൂടെയുള്ളവരോട് വഞ്ചന കാട്ടുന്നവരെ വിശ്വസിക്കാൻ പറ്റത്തില്ല.   കൂടപ്പിറപ്പായി കാണേണ്ട സുഹൃത്തിനെ ബിസിനസ്സിൽ പറ്റിക്കുകയും അദ്ദേഹത്തിന് ലഭിക്കേണ്ടിയിരുന്ന ലാഭം കൊടുക്കാതെ വഞ്ചിക്കുകയും ചെയ്യുന്ന ആളുകളുടെ കഥകൾ നമ്മൾക്ക് ധാരാളമായി അറിയാം.

ചതിയിൽപ്പെട്ട് നിസ്സഹായരായ  സുഹൃത്തിന്റെ, കൂട്ടുകാരെ തപ്പിപ്പിടിച്ച് അവർക്ക് സഹായം ചെയ്ത്, ആ  സുഹൃത്തിനെ വേദനിപ്പിക്കുന്നവരും നമ്മുടെ ഇടയിൽ ഉണ്ട്. വിദ്യാർത്ഥികൾക്കിടയിലും ഇതുപോലുള്ള ചതിയന്മാർ ഒളിഞ്ഞിരിപ്പുണ്ട്. കൂട്ടുകാരന് മദ്യവും മയക്കുമരുന്ന് നൽകി അവൻ്റെ ജീവിതം തകർക്കുന്ന അസൂയാലുക്കൾ ഏറെയാണ്.  

സഹപ്രവർത്തകരിൽ നിന്നും ഉണ്ടാവുന്ന ചതികൾ കാരണം ജോലി നഷ്ടപ്പെടുന്നവരുടെ കഥകളും നമ്മൾ കേട്ടിട്ടുണ്ട്. ഏതൊക്കെ രീതിയിലുള്ള ചതിപ്രയോഗങ്ങളാണ് ഇത്തരം മനുഷ്യർ ചെയ്യുന്നതെന്ന് അറിയാൻ പറ്റത്തില്ല.

സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ അങ്ങേയറ്റം ശ്രദ്ധ പുലർത്തേണ്ടതാണ് എന്ന് ഇങ്ങനെയുള്ള അനുഭവങ്ങൾ നമ്മളെ പഠിപ്പിക്കുന്നു. നമ്മളുടെ കൂടെ നിന്ന് നമ്മളെ ചതിക്കുന്ന സുഹൃത്തിനെക്കാൾ നല്ലത് നമ്മളോട് നേരിട്ട് ശത്രുത പുലർത്തുന്ന ആ ശത്രുവിനെ തന്നെയാണ് വിശ്വസിക്കാൻ പറ്റുന്നത് എന്ന് തോന്നുന്നില്ലേ.

സുഭാഷ് ടിആർ
 

Tags

Share this story

From Around the Web