"നിങ്ങളുടെ ലക്ഷ്യങ്ങളെ ചെറുതാക്കി കാണിക്കാൻ ശ്രമിക്കുന്ന ആളുകളിൽ നിന്ന് എപ്പോഴും അകന്നു നിൽക്കുക. ചെറിയ ചിന്താഗതിയുള്ള ആളുകൾ എപ്പോഴും അങ്ങനെ ചെയ്യാറുണ്ട്." ഇന്നത്തെ ചിന്താവിഷയം
ജീവിത വിജയത്തിന് നമ്മൾ തിരഞ്ഞെടുക്കേണ്ട അനേകം കാര്യങ്ങളുണ്ട്. നിർബന്ധമായും ഒഴിവാക്കേണ്ടവയും ഉണ്ട്. ഒരാളുടെ ജീവിത വിജയത്തിന്, അയാൾ തിരഞ്ഞെടുക്കുന്ന സൗഹൃദങ്ങൾക്കും ചുറ്റുമുള്ള ആളുകൾക്കും വലിയ പങ്കുണ്ട്.
നമ്മളുടെ ശോഭനമായ ഭാവിയെ കുറിച്ചോ, ലക്ഷ്യങ്ങളെക്കുറിച്ചോ സുഹൃത്തുക്കളോട് പങ്കുവെച്ചാൽ, ചിലർ കളിയാക്കുകയോ അസാധ്യമാണെന്ന് പറഞ്ഞ് നിരാശപ്പെടുത്തുകയോ ചെയ്യും. സ്വന്തം ജീവിതത്തിൽ വലിയ ലക്ഷ്യങ്ങളില്ലാത്തവരോ അല്ലെങ്കിൽ മറ്റുള്ളവരുടെ വളർച്ചയിൽ അസൂയപ്പെടുന്നവരോ ആയിരിക്കും ഇങ്ങനെയുള്ളവർ. അവരുടെ നെഗറ്റീവ് ചിന്തകൾ നമ്മുടെ ആത്മവിശ്വാസത്തെ തകർക്കും.
അതുകൊണ്ട് തന്നെ നമ്മുടെ സ്വപ്നങ്ങളെ പരിഹസിക്കുന്നവരിൽ നിന്നും വഴിതിരിച്ചുവിടുന്നവരിൽ നിന്നും എപ്പോഴും അകലം പാലിക്കുന്നതാണ് ബുദ്ധി.
അതേസമയം, ഉന്നത ചിന്തകളുള്ളവരും ജീവിതത്തിൽ വിജയിച്ചവരുമായ ആളുകൾ മറ്റുള്ളവരെ എപ്പോഴും പ്രോത്സാഹിപ്പിക്കാറുണ്ട്. നമ്മുടെ കഴിവുകളെ തിരിച്ചറിയാനും, ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുമായി അവർ നമ്മളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കും.
ഇത്തരം മനുഷ്യരുടെ സാമീപ്യം തന്നെ നമുക്ക് പുതിയ ഉണർവ് തരും. ലക്ഷ്യങ്ങൾ എത്ര വലുതായാലും, അതിനൊപ്പം പ്രാധാന്യമുണ്ട് നമ്മുടെ ചുറ്റുമുള്ള സമൂഹത്തിനും. പുറകോട്ട് പിടിച്ചു വലിക്കുന്നവരെ അല്ല നമുക്ക് ആവശ്യം. ലക്ഷ്യത്തിലെത്തണമെങ്കിൽ ഉന്നത ചിന്തകൾ ഉള്ളവരുമായി കൂട്ടുകൂടുന്നതാണ് നല്ലത്.
സുഭാഷ് ടിആർ