"എപ്പോഴും നിങ്ങളുടെ മനസ്സ് പറയുന്നത് വിശ്വസിക്കുക. അവ നിങ്ങളുടെ ആത്മാവിൽ നിന്നുള്ള സന്ദേശങ്ങളാണ്" ഇന്നത്തെ ചിന്താവിഷയം

ഒരു കാര്യം ചെയ്യാൻ പോകുന്നതിനു മുമ്പ്, അല്ലെങ്കിൽ ഒരു തീരുമാനം എടുക്കാൻ പോകുന്നതിനു മുമ്പ് പലവട്ടം നമ്മൾ ആലോചിക്കാറുണ്ട്. അത് വേണോ വേണ്ടയോ എന്ന്. ആശയക്കുഴപ്പത്താൽ നമ്മൾ സന്ദേഹിക്കാറില്ലേ.
സങ്കീർണ്ണമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് മുമ്പായി മനസ്സ് നമ്മളോട് സംസാരിക്കും, നമുക്ക് മുന്നറിയിപ്പ് തരും. അത് ചെയ്യാം അല്ലെങ്കിൽ അത് വേണ്ട എന്ന്. കൂടുതൽ ആലോചിച്ച് കുഴപ്പത്തിൽ ആകുന്നതിന് മുമ്പ് മനസ്സ് പറയുന്ന "വേണം അല്ലെങ്കിൽ വേണ്ട" എന്നതിൽ വിശ്വസിക്കുക.
മനസ്സ് വേണ്ട എന്ന് പറഞ്ഞാൽ ആ കാര്യം ചെയ്യാതിരിക്കുന്നതാണ് ഉത്തമം. അത് ചെയ്യുക എന്ന് മനസ്സു പറഞ്ഞാൽ ധൈര്യമായി ചെയ്യാം. ഇതെല്ലാ മനുഷ്യരിലും ഉണ്ടാകുന്ന, അനുഭവപ്പെടുന്ന സത്യമായ കാര്യമാണ്.
മനസ്സ് വഴി കാട്ടുമ്പോൾ അതിനു വിപരീതമായി തീരുമാനമെടുക്കാൻ ഏതോ ഒരു അദൃശ്യ ശക്തി നമ്മളെ പ്രേരിപ്പിക്കാറില്ലേ. ഇത് നെഗറ്റീവ് ശക്തികളുടെ സ്വാധീനം ആണ് എന്ന് വിശ്വസിക്കുന്നവരുണ്ട്.
നമ്മൾ അറിയാതെ, നമ്മളുടെ ചിന്തകളിൽ സമ്മർദ്ദം ചെലുത്തി, വേറൊരു തലത്തിലേക്ക് നമ്മളെ നയിച്ച് കുഴപ്പത്തിലാക്കാൻ ഇത്തരം നെഗറ്റീവ് ശക്തികൾക്ക് കഴിയാറുണ്ട്. ഇവിടെ ചെയ്യേണ്ടത് മനസ്സ് ആദ്യം നമ്മളോട് എന്ത് സംസാരിച്ചുവോ അതിനായിരിക്കണം നമ്മൾ പരമ പ്രാധാന്യം കൊടുക്കേണ്ടത്.
ആ ഉൾവിളിയുടെ മുന്നറിയിപ്പിൽ നിന്നും വ്യതിചലിച്ച്, സ്വയം എടുക്കുന്ന തീരുമാനത്തിൽ പെട്ട് ഉഴലുന്നവർ പിന്നീട് ദുഃഖിക്കാറുണ്ട്. അതുപോലെതന്നെയാണ് പോസിറ്റീവ് ചിന്തകളെ ഉത്തേജിപ്പിക്കുന്ന മുന്നറിയിപ്പുകളും മനസ്സ് നൽകുന്നത്.
ഉത്തരം പോസിറ്റീവ് ചിന്തകൾ മനസ്സിൽ നിറയുന്ന ആളുകൾ എടുക്കുന്ന എല്ലാ തീരുമാനങ്ങളും അവർ പ്രതീക്ഷിക്കുന്നതിലും വേഗത്തിൽ നടക്കാറുണ്ട്. മനസ്സ് പകർന്നു കൊടുക്കുന്ന ആത്മധൈര്യം, അതാണ് അവരുടെ മൂലധനം.
മനസ്സിൽ ശുഭചിന്തകൾ കൊണ്ടുവരാൻ ഈശ്വരാനുഗ്രഹം ഉണ്ടാവണം. അവരവർ വിശ്വസിക്കുന്ന ദൈവത്തിൽ ഉറച്ച് വിശ്വസിക്കുക. ദൈവം നമ്മളോട് നേരിട്ട് സംസാരിക്കുന്നത് നമ്മുടെ മനസ്സ് വഴിയാണ്. മനസ്സിൻ്റെ മറുപടിക്കായി കാതോർത്തിരിക്കാം.
സുഭാഷ് ടി ആർ