"നിങ്ങൾ ചെയ്യുന്നത് മാറ്റങ്ങൾ ഉണ്ടാക്കുന്നു എന്ന രീതിയിൽ പ്രവർത്തിക്കുക. അത് തീർച്ചയായും മാറ്റങ്ങൾ ഉണ്ടാക്കും" ഇന്നത്തെ ചിന്താവിഷയം 

 

 
alone

സമൂഹത്തിലെ പല ആളുകൾക്കും എന്തെങ്കിലുമൊക്കെ സമൂഹത്തിന് വേണ്ടി, രാജ്യത്തിനുവേണ്ടി  ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അത് ചെറിയ പ്രവർത്തികൾ ആയാലും വലിയ പ്രവർത്തികൾ ആയാലും, ചെറിയ ചിന്തകളായാലും ഉന്നതമായ ചിന്തകളായാലും അത് അവരുടെ ഉള്ളിൽ മുളച്ച്, കരിഞ്ഞുണങ്ങി പോവുകയാണ് സാധാരണ സംഭവിക്കാറുള്ളത്. 

"എന്നെക്കൊണ്ട് ഈ ലോകത്ത് എന്ത് മാറ്റമാണ് ഉണ്ടാക്കാൻ സാധിക്കുന്നത്" എന്ന ആത്മവിശ്വാസം ഇല്ലാത്തതും, ഞാൻ എന്തെങ്കിലും ചെയ്താൽ സമൂഹം നെഗറ്റീവ് ആയി ചിന്തിക്കുമോ എന്നൊക്കെയുമുള്ള  സന്ദേഹം ആയിരിക്കാം അവരെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. അത് മാത്രവുമല്ല സമൂഹത്തിലും രാജ്യത്തും ഉന്നത സ്ഥാനത്ത് ഇരിക്കുന്നവരെ വച്ച്  താരതമപ്പെടുത്തുമ്പോൾ താൻ എത്ര  നിസ്സാരനാണ് എന്ന  അപകർഷതാബോധവും അവരിൽ ഉണ്ടാകും.

നമ്മൾ ചെയ്യുന്ന കൊച്ചു കൊച്ചു പ്രവൃത്തികൾ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടാലോ.!  വലിയ കാര്യങ്ങൾ ചെയ്യാൻ സാധിച്ചില്ലെങ്കിലും, ചെയ്യുന്ന ചെറിയ കാര്യങ്ങൾ ആത്മാർത്ഥതയോടെ ചെയ്യുക. മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. നിങ്ങൾ  സമൂഹത്തിനുവേണ്ടി നൽകുന്ന സേവനം  വ്യത്യസ്തമാണ് എങ്കിൽ സമൂഹം അത് ഇരു കൈയ്യും നീട്ടി സ്വീകരിക്കും. എൻ്റെ ചിന്തകൾക്കും  പ്രവർത്തികൾക്കും സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്ന ഉറപ്പോടെ  മുന്നോട്ടുപോകുക.

സമൂഹത്തോടും രാജ്യത്തോടും ഉത്തരവാദിത്വമുള്ള ഒരാൾക്കും ഒതുങ്ങിയിരിക്കാൻ സാധിക്കുകയില്ല എന്ന് എത്രയോ അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. മാറ്റം നമ്മുടെ വീട്ടിൽ നിന്ന് ആകട്ടെ. വീട് നന്നായാൽ സമൂഹവും, രാജ്യം നന്നായാൽ ജനങ്ങളും സന്തോഷിക്കും. മാറ്റങ്ങൾ നമ്മളിൽ നിന്ന് ആരംഭിക്കുക.

ഈ ലോകത്ത് ഉണ്ടായ എല്ലാ മാറ്റങ്ങളുടെയും പുരോഗതിയുടെയും കണ്ടുപിടുത്തങ്ങളുടെയും  പുറകിൽ ഒന്നോ രണ്ടോ അല്ലെങ്കിൽ ഏതാനും ചില വ്യക്തികളുടെ ചിന്തകളാണ്,  പ്രവർത്തികളാണ് എന്ന കാര്യം മറക്കരുത്. 

"വിളക്ക് കൊളുത്തി ആരും പറയുടെ കീഴിൽ വയ്ക്കാറില്ല; പീഠത്തിൽ ആണ് വെക്കുന്നത്; അപ്പോൾ  അത് ഭവനത്തിനുള്ള എല്ലാവർക്കും പ്രകാശം നൽകുന്നു"
(മത്തായി 5:15)

സുഭാഷ് ‌ടിആർ

Tags

Share this story

From Around the Web