"ഒരു തെറ്റും ചെയ്യാത്ത ഒരാൾ പുതിയതൊന്നും പരീക്ഷിച്ചു നോക്കിയിട്ടില്ല" ഇന്നത്തെ ചിന്താവിഷയം
ചില ആളുകളെ കുറിച്ച് പറയുന്നത് കേൾക്കാറില്ലേ, " എത്ര നല്ല മനുഷ്യനാണ്, ശുദ്ധഹൃദയനാണ്, ആരോടും ഒന്നിനും പോകാത്ത മനുഷ്യനാണ്, ഇത്രയും നല്ലൊരു വ്യക്തി ഈ നാട്ടിലെങ്ങും ഇല്ല" എന്നൊക്കെ. വ്യക്തിപരമായി ഇവരൊക്കെ നല്ല ആളുകൾ ആയിരിക്കാം.
എന്നാൽ ഇവർ ജീവിച്ചു വരുന്നത് ഒരു സുരക്ഷിത വലയത്തിലാണ് എന്ന് മാത്രം. അത് വിട്ടു പുറത്തു പോകാൻ അവർ ഒരിക്കലും മെനക്കെടാറില്ല. ഇത്തരം ആളുകളെ സംബന്ധിച്ചിടത്തോളം, അവർക്ക് പുതുതായി ഒന്ന് അറിയികയും വേണ്ട, കേൾക്കുകയും വേണ്ട.
അല്ലെങ്കിൽ പുതിയതായി ഒന്ന് പഠിക്കാനോ പരീക്ഷിക്കാനോ അവർ തയ്യാറുമല്ല. ഒരു നിശ്ചിത പാതയിൽ കൂടി മാത്രമേ അവർ സഞ്ചരിക്കാറുള്ളൂ. ഒരു പക്ഷേ, ആ പാത വിട്ട് പുറത്തു പോകുന്നത് അവർക്ക് സുരക്ഷിതത്വമല്ല എന്ന് അവർ ചിന്തിക്കുന്നത് കൊണ്ടും ആകാം.
അതുകൊണ്ട് ഇത്തരം വ്യക്തികൾക്ക് വളരാനും വികസിക്കാനും പുതിയ മേച്ചിൽപ്പുറങ്ങൾ തേടാനും ഉള്ള അവസരങ്ങൾ അവർ തന്നെ ഇല്ലാതാക്കുകയാണ്. പുതിയ മേഖലകളിലേക്ക് അവർക്ക് എത്തിനോക്കാൻ ഭയമാണ്. തെറ്റുകൾ പറ്റുമോ എന്നുള്ള ഭയം.
തെറ്റുകൾ പറ്റാത്ത ഏതു മനുഷ്യനാണ് ഉള്ളത്. എടുക്കുന്ന തീരുമാനങ്ങൾ എപ്പോഴും ശരിയാകണമെന്നില്ല. രാഷ്ട്രീയ നേതാക്കളെ ഉദാഹരണമായി എടുത്താൽ, അവർ എടുക്കുന്ന തീരുമാനം പലപ്പോഴും തെറ്റായി രിക്കും. മിക്കതും ശരിയുമായിരിക്കും. തെറ്റുകൾ പറ്റും എന്ന് വിചാരിച്ച് അവർ ഒരു തീരുമാനവും കൈക്കൊള്ളാതിരിക്കുന്നുണ്ടോ.
എന്തെങ്കിലുമൊക്കെ പരീക്ഷിച്ചു നോക്കിയാൽ അല്ലേ അതിൻ്റെ വരും വരായികകളും കുറ്റവും കുറവും നമുക്ക് കണ്ടുപിടിക്കാൻ പറ്റൂ. തെറ്റുകൾ പറ്റുന്നത് മനുഷ്യസഹജമാണ്. ആ തെറ്റുകൾ നമ്മുടെ വളർച്ചയെ സഹായിക്കുന്നതും ആണ്. മറ്റൊരു ചെയ്യാൻ പോകുമ്പോൾ, തീരുമാനം എടുക്കുമ്പോൾ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ, നേരത്തെ ഉണ്ടായ പിഴവ് നമുക്ക് പാഠമാവും.
അതുകൊണ്ട് സുഖ സൗകര്യങ്ങളിൽ ഒതുങ്ങി കഴിയാതെ, അഭിരമിക്കാതെ, സുരക്ഷിത വലയത്തിൽ നിന്നും വിശാലമായ ലോകത്തിലേക്ക് കടന്നു വരണം. അവിടെ കാത്തിരിക്കുന്നത് വിജയമോ പരാജയമോ എന്തുതന്നെയായാലും അതിനെ നേരിടാനുള്ള കരുത്ത് അവിടെ നിന്ന് തന്നെ നിങ്ങൾക്ക് ലഭിക്കും എന്നോർക്കുക.
സുഭാഷ് ടിആർ