"ബുദ്ധിമുട്ടുകൾക്കിടയിലും അർത്ഥവത്തായ ഒരു ജീവിതം അങ്ങേയറ്റം സംതൃപ്തി നൽകുന്നതാണ്, അതേസമയം അർത്ഥശൂന്യമായ ഒരു ജീവിതം എത്ര സുഖകരമാണെങ്കിലും ഭയങ്കരമായ ഒരു പരീക്ഷണമാണ്"ഇന്നത്തെ ചിന്താവിഷയം
നമുക്ക് ചുറ്റുമുള്ള എല്ലാ മനുഷ്യരെയും ഒന്ന് നോക്കൂ.! സംതൃപ്തിയോടെ ജീവിക്കുന്ന എത്ര പേരുണ്ടാവും.! എല്ലാവരും പതിവുപോലെ രാവിലെ ഉണരുകയും വൈകിട്ട് ഉറങ്ങുകയും ചെയ്യുന്നു. ഇതിനിടയിലുള്ള സമയം മനുഷ്യൻ ജീവിക്കാൻ വേണ്ടി പൊരുതുകയാണ്.
ജീവിതത്തിന് അർത്ഥമുണ്ടാകുന്നത് എങ്ങനെയാണ്.? കഷ്ടപ്പാടുകൾ നിറഞ്ഞതാണെങ്കിലും, അനേകം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും ഒരു വ്യക്തി, തനിക്കും തന്റെ കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ഒരു മുതൽക്കൂട്ടായി മാറിയാൽ അവന്റെ ജീവിതം അർത്ഥവത്തായി എന്ന് സാമാന്യേന പറയാം.
നമ്മൾ ജീവിച്ചിരിക്കുന്ന കാലത്ത്, നാളെ നമ്മളെ സ്നേഹപൂർവ്വം, ആദരവോടെ ജനങ്ങളും രാജ്യവും ഓർക്കേണ്ടതിനായി നമ്മുടെ പ്രവൃത്തികളും പെരുമാറ്റങ്ങളും പരോപകാരപ്രദമായിരിക്കാൻ ശ്രദ്ധിക്കുക. ചിന്തകളിലും പ്രവൃത്തികളിലും ശുദ്ധിയും മാന്യതയും പുലർത്തുക. എന്നാൽ തൻകാര്യം മാത്രം മുഖ്യം എന്ന് ചിന്തിക്കുകയും പ്രവൃർത്തിക്കുകയും ചെയ്യുന്നവരുണ്ട്.
അവരുടെ ജീവിതത്തിൽ പറയത്തക്ക രീതിയിൽ യാതൊരു വിധ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഉണ്ടാകാൻ സാധ്യതയില്ല. താനും തൻ്റെ കുടുംബവും വീടും എന്നതിനപ്പുറത്തേക്ക് ചിന്തിക്കാൻ ഇവർക്ക് കഴിയുകയുമില്ല.
ഇത്തരക്കാർ ഈ ഭൂമിയിൽ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കാൻ നാളെ ആരും ഉണ്ടാവുകയുമില്ല. കാരണം ഇവരെ ആരും അറിയുന്നില്ല. ഇവർ എത്ര സുഖസൗകര്യങ്ങളിൽ ജീവിച്ചാലും ജീവിതം അർത്ഥശൂന്യമായി പോവുകയാണ്. ഇത് തികച്ചും അതിശയകരമായ വെല്ലുവിളിയാണ്.
സുഭാഷ് ടിആർ