"ഒരു മല നീക്കുന്ന മനുഷ്യൻ ചെറിയ കല്ലുകൾ ചുമന്നുകൊണ്ടാണ് തുടങ്ങുന്നത്" ഇന്നത്തെ ചിന്താവിഷയം
പുറമേയുള്ള അലങ്കാരങ്ങളും കെട്ടുകാഴ്ചകളും മാറ്റിനിർത്തിയാൽ, ഓരോ മനുഷ്യനും നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളികളെയാണ്. ജീവിതയാത്രയിൽ അപ്രതീക്ഷിതമായ തടസ്സങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമല്ലേ.
ചതിയും വഞ്ചനയും പല അവസരങ്ങളിലും നേരിടേണ്ടി വരും. രോഗ ദുരിതങ്ങൾ, കടബാദ്ധ്യതകൾ തുടങ്ങിയ അനേകം പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടാകും. സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുന്നോട്ടു പോകുമ്പോഴാണ് അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഇത്തരം തിരിച്ചടികൾ.
അപ്പോൾ, സ്വപ്നസാക്ഷാത്കാരത്തിന് വേണ്ടി എടുത്തിട്ടുള്ള പ്രയത്നങ്ങളെ ഓർത്ത് മനസ്സ് വിലപിച്ചിട്ടില്ലേ. ഇച്ഛാശക്തിയുടെ ധൈര്യത്താലും ബലത്താലും ആണല്ലോ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് ലക്ഷ്യങ്ങളിൽ എത്തിയത്.
വേദനയും നിരാശയും നമ്മളെ പുറകോട്ട് പിടിച്ച് വലിച്ചാലും, പ്രത്യാശ നശിക്കാതെ സൂക്ഷിക്കുക. അവസരങ്ങൾ വീണ്ടും എനിക്കായി എൻ്റെ മുന്നിൽ കൊണ്ടുവന്ന് തരും എന്ന് ഉറച്ചു വിശ്വസിക്കുക.
ഒരു മലയെ ഒരു ദിവസം കൊണ്ട് ഇല്ലാതാക്കാൻ പറ്റത്തില്ലല്ലൊ. ചെറിയ ചെറിയ കല്ലുകളും മണ്ണും എല്ലാം പതിയെ പതിയെ എടുത്തു മാറ്റിയാൽ ഇല്ലാതാക്കാം. അതീവ ക്ഷമയും സഹനശക്തിയും ഇക്കാര്യത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു.
മലയെ പോലെയാണ് ജീവിതത്തിൽ നമ്മുടെ മുന്നിലെത്തുന്ന പ്രതിസന്ധികളും ബുദ്ധിമുട്ടുകളും. ക്ഷമയോടെ നേരിടാൻ ആ പ്രയാസങ്ങളെ ദൈവകരകളിൽ ഏൽപ്പിക്കാം.
"ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണ ആയിരിക്കുന്നു" എന്ന സങ്കീർത്തനകാരൻ്റെ പുസ്തകത്തിലെ 46 -ാം അധ്യായത്തിലെ ഒന്നാം വാക്യം നമ്മളെ ഇങ്ങനെ ആശ്വസിപ്പിക്കുന്നു.
സുഭാഷ് ടിആർ