"ഒരു നേതാവ് പ്രതീക്ഷയുടെ വ്യാപാരിയാണ്" ഇന്നത്തെ ചിന്താവിഷയം
ആരാണ് നേതാവ്.? എങ്ങനെയാണ് നേതാവാകുന്നത്.? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഓരോരുത്തരുടെയും മനസ്സിൽ തെളിഞ്ഞുവരുന്നത്, ഇന്നത്തെ രാഷ്ട്രീയ നേതാക്കളുടെ മുഖം മനസ്സിൽ കണ്ടു കൊണ്ടായിരിക്കും. ആദിമ മനുഷ്യ സമൂഹത്തിന് ഒരു തലവൻ ഉണ്ടായിരുന്നിരിക്കണം. ആധുനിക മനുഷ്യ സമൂഹത്തിൽ ലക്ഷക്കണക്കിന് നേതാക്കളുമുണ്ട്.
ലോകത്ത് എല്ലായിടത്തും നേതാക്കൾ ഉണ്ട്. പഴയ ഗോത്ര തലവന്മാരിൽ നിന്നും രാജാക്കന്മാർ ഉണ്ടായി, ചക്രവർത്തിമാർ ഉണ്ടായി. ഒരോ ഗോത്രത്തിലും ബുദ്ധിയിലും കഴിവിലും ശക്തിയിലും മറ്റുള്ളവരെക്കാൾ മികച്ചു നിൽക്കുന്ന ആളെ അവരുടെ നേതാവായി മനസ്സാ അവർ അംഗീകരിക്കുകയാണ്. ആ ഗോത്രത്തിൽ ഉള്ള ആളുകൾക്ക് ഉണ്ടാകുന്ന സകല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ഇത്തരം ആളുകളെയാണ് സമീപിക്കുന്നത്. അവർ കായബലം കൊണ്ടൊ, ബുദ്ധി വൈഭവം കൊണ്ടോ പരിഹാരം കാണുകയും ചെയ്യും.
നേതാക്കൾ സ്വയം ഉണ്ടാവുകയല്ല, മറ്റുള്ളവർ ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്. അധികാരം കിട്ടിയ പലരും ഏകാധിപതികളായി മാറി ജനങ്ങളെ അടിച്ചമർത്തുകയും, കിരാത ഭരണം നടത്തി ജനങ്ങളെ ദ്രോഹിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് ജനാധിപത്യം പൂത്തുലയുന്ന ഈ കാലത്തും ഏകാധിപതി ആകാൻ ശ്രമിക്കുന്ന ഭരണാധികാരികളും ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാജ്യത്തിൻ്റെ നിലനിൽപ്പും, ജനങ്ങളുടെ ക്ഷേമവും ലക്ഷ്യം വെച്ചുള്ള ഭരണമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.
അതിനുവേണ്ടിയാണ് അവർ നേതാക്കളെ തിരഞ്ഞെടുക്കുന്നത്. നേതാവ് പ്രതീക്ഷയുടെ വ്യാപാരിയാണ്. ജനങ്ങളുടെ പ്രതീക്ഷകൾ സഫലമാക്കി കൊടുക്കുന്ന വ്യാപാരി. അതായിരിക്കണം ഒരു നേതാവ്. തന്നെ നേതാവായി അംഗീകരിക്കുന്നവരുടെ ആഗ്രഹങ്ങളും താത്പര്യങ്ങളും തനിക്ക് പുലർത്താൻ പറ്റുമോ എന്ന് ആത്മശോധന ചെയ്യുന്നവർ ആരെങ്കിലും ഉണ്ടോ.?
തങ്ങളെ നേതാവാക്കിയവരെ ഉപദ്രവിക്കാനല്ല അവർ തങ്ങളെ തെരഞ്ഞെടുത്തത് എന്ന് നേതാക്കൾ തിരിച്ചറിയണം. അധികാരത്തിന് പുറത്തു നിൽക്കുമ്പോൾ വിമർശിക്കുകയും അധികാരം കിട്ടുമ്പോൾ അതെല്ലാം സൗകര്യപൂർവ്വം മറന്ന് അവരുമായി കച്ചവടം ഉറപ്പിക്കുകയും ചെയ്യുന്നവരല്ല യഥാർത്ഥ നേതാക്കൾ. ജനങ്ങളുടെ പ്രതീക്ഷയുടെ മാത്രം വ്യാപാരിയാണ് നേതാവ് എന്നോർക്കുക.
സുഭാഷ് ടിആർ