"ഒരു നല്ല ഹൃദയം സ്വർണ്ണത്തേക്കാൾ വിലപിടിപ്പുള്ളതാണ്"   ഇന്നത്തെ ചിന്താവിഷയം 
 

 
heart

ബാഹ്യമായ സൗന്ദര്യത്തിനും ഭൗതിക നേട്ടങ്ങൾക്കും മനുഷ്യൻ ഏറെ പ്രാധാന്യം നൽകുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പണവും സ്വർണ്ണവും പ്രശസ്തിയുമെല്ലാം വിജയത്തിന്റെ അളവുകോലുകളായി പലരും കാണുന്നു.

എന്നാൽ ഒരു മനുഷ്യന്റെ യഥാർത്ഥ മൂല്യം നിർണ്ണയിക്കുന്നത് അയാളുടെ പദവിയോ കൈവശമുള്ള സമ്പത്തോ അല്ല, മറിച്ച് അയാളുടെ നല്ല ഹൃദയമാണ്. അതുകൊണ്ടാണ് "ഒരു നല്ല ഹൃദയം സ്വർണ്ണത്തേക്കാൾ വിലപിടിപ്പുള്ളതാണ്" എന്ന് പറയുന്നത്.

സ്വർണ്ണം മനുഷ്യന് സാമ്പത്തിക ഭദ്രതയും ബാഹ്യമായ പ്രൗഢിയും നൽകുന്നു. സമ്പത്ത് എത്രയുണ്ടായാലും മനസ്സമാധാനമോ യഥാർത്ഥമായ സന്തോഷമോ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നില്ലേ.

അനുഭവങ്ങൾ നമ്മളെ ഓർമിപ്പിക്കുകയും ചെയ്യുന്നു.  കരുണയും, സഹാനുഭൂതിയും, വിനയവും നിറഞ്ഞതല്ലേ നല്ല ഹൃദയം. അന്യരുടെ  ദുഃഖം സ്വന്തം ദുഃഖമായി കാണാനും, പ്രതിഫലേച്ഛ ഇല്ലാതെ  സഹായിക്കാനും അത്തരം മനുഷ്യർക്ക് സാധിക്കും.

ഒരു നല്ല ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന കരുണ നിറഞ്ഞ ഒരു വാക്ക് അല്ലെങ്കിൽ ഒരു പുഞ്ചിരി, നിരാശയിൽ കഴിയുന്ന ഒരാൾക്ക് നൽകുന്ന പ്രത്യാശ വളരെ വലുതാണ്. നല്ല ചിന്തകൾക്ക് മനസ്സിൽ സ്ഥാനം കൊടുത്ത് നല്ല വ്യക്തിയാകാൻ ശ്രമിച്ചോളൂ.

സുഭാഷ് ടിആർ

Tags

Share this story

From Around the Web