"സത്യം മനസ്സിലായിട്ടും സത്യത്തെ കണ്ടിട്ടും കള്ളങ്ങൾ മാത്രം വിശ്വസിക്കുന്നവനാണ് വിഡ്ഢി" ഇന്നത്തെ ചിന്താവിഷയം
മനുഷ്യർക്ക് കള്ളക്കഥകൾ കേൾക്കാനും അത് വിശ്വസിക്കാനും ആണോ എന്നും ഇഷ്ടം.? ലോകമെമ്പാടും നടക്കുന്ന സംഭവങ്ങളുടെ തൽസമയ കാഴ്ചകൾ ജനങ്ങളുടെ മുന്നിലേക്ക്, എത്തുന്ന ഇന്നത്തെ കാലത്തിന് മുമ്പ് എങ്ങനെ ആയിരുന്നു ജനങ്ങൾ വിവരങ്ങൾ അറിഞ്ഞിരുന്നത് എന്ന് ആലോചിച്ചാൽ.!
എവിടെയോ ഒരാൾ, അല്ലെങ്കിൽ കുറച്ച് ആളുകൾ നേരിട്ട് കണ്ട സംഭവങ്ങൾ, അറിഞ്ഞ വിവരങ്ങൾ, വാമൊഴിയായി പ്രചരിപ്പിയ്ക്കുകയായിരുന്നു. വായകൾ പലതും തുറന്നടച്ച്, പല കാതുകൾ കയറിയിറങ്ങി ഈ വാർത്തകൾ ബഹുദൂരം സഞ്ചരിച്ച് വരുമ്പോൾ യഥാർത്ഥ സംഭവവുമായി പുലബന്ധം പോലും ഉണ്ടാകത്തില്ല. എങ്കിലും അത് വിശ്വസിച്ച ആളുകളെ കുറ്റം പറയാൻ പറ്റുമോ.
കാരണം, ഇന്ന് യാഥാർത്ഥ്യങ്ങളെ മിഴിവോടെ ജനങ്ങളുടെ വിരൽത്തുമ്പിൽ എത്തിച്ച്, സത്യം ബോദ്ധ്യപ്പെടുത്തിയാലും അത് വിശ്വസിക്കാൻ പലർക്കും മടിയാണ്. അപ്പോൾ, പഴയ കാല വാർത്താപ്രചരണ വേളകളിലെ യഥാർത്ഥ വസ്തുതകൾ കൊഴിഞ്ഞു പോകുന്നത് ആരും തന്നെ ശ്രദ്ധിച്ചിട്ടുണ്ടാവില്ലല്ലോ.
സ്ഥാപിത താൽപര്യങ്ങൾക്ക് വേണ്ടി സത്യത്തെ തമസ്കരിച്ച്, ജനങ്ങൾ അസത്യപ്രവാചകരായി മാറുന്ന കാഴ്ചയാണ് ഇന്ന് നമ്മുടെ ചുറ്റും. ഏറ്റവും വീറോടെ, സത്യത്തെ വാക്ശരം കൊണ്ട് എയ്ത് വീഴ്ത്തുന്നവരെ മഹത്വവൽക്കരിക്കുകയല്ലേ.
നുണകൾ നാട് ഭരിക്കുന്ന കാലമായി ഇത്. നുണയൻമാരെയും നുണകളെയും വിശ്വസിക്കുന്ന പമ്പര വിഡ്ഢികളുടെ പറുദീസ ആയി സമൂഹം മാറുകയാണോ.? നുണകൾ ഉൽപാദിപ്പിച്ച്, വിതരണം ചെയ്യുന്ന വിഡ്ഢികളെ കബളിപ്പിച്ച്, സത്യം ഇടനാഴികളിലെ മങ്ങിയ വെളിച്ചത്തിൽ പതുങ്ങിയത് ഈ വിഡ്ഢികൾ തിരിച്ചറിയാറേയില്ല. സത്യം ഒരു നാൾ പുറത്ത് വരും എന്ന് ഇത്തരം വിഢ്യാൻമാർക്ക് മാത്രം മനസ്സിലാകുകയുമില്ല.
സുഭാഷ് ടിആർ