"ജീവിതത്തിലെ ഏത് വെല്ലുവിളികളെയും നേരിടാനുള്ള ശക്തിയേറിയ ആയുധമാണ് ശാന്തമായ മനസ്സ്" ഇന്നത്തെ ചിന്താവിഷയം
"മനസ്സുണ്ടോ മാർഗ്ഗമുണ്ട്" എന്ന് പറയുന്നത് കേട്ടിട്ടില്ലേ. മനുഷ്യരുടെ മനസ്സിന്റെ ശക്തി എന്താണ് എന്ന് ലോകത്തിലെ പല നേതാക്കളും തെളിയിച്ചിട്ടുണ്ട്. ഒരാൾ ശക്തനാണ് എന്ന് പറയുമ്പോൾ നമ്മൾ അയാളുടെ ശാരീരിക ശക്തിയെക്കുറിച്ച് ആയിരിക്കും മിക്കപ്പോഴും നോക്കിക്കാണുന്നതും വിലയിരുത്തുന്നതും.
ശാരീരിക ക്ഷമത, ഭൗതികമായ അല്ലെങ്കിൽ നമ്മുടെ കണ്ണുകൊണ്ട് കാണാൻ പറ്റുന്ന ഒരു ശക്തി വിശേഷമാണ്. എന്നാൽ മാനസികമായ ശക്തി എന്ന് പറയുന്നത് അത് കണ്ണുകൊണ്ട് കാണാൻ പറ്റത്തില്ല എന്ന മറ്റൊരു സവിശേഷതയാണ്. കായികമായ ബലമൊക്കെ ക്ഷയിച്ചു പോകും. ആ ശക്തി ഒന്നും അധികം നീണ്ടുനിൽക്കുകയുമില്ല.
അതിശക്തനായ കായിക ബലമുള്ള ഒരാളുടെ ശരീര ബലത്തിന്റെ നാലിലൊന്ന് ശക്തി പോലും അവരുടെ മനസ്സിന് ഉണ്ടാകണമെന്നില്ല. കായിക ബലം കൊണ്ട് ഏത് വെല്ലുവിളികളെയും നേരിടാം എന്നുള്ള ചിന്ത മൗഢ്യമാണ്. ലോകത്തെ അതിശക്തരായ ചക്രവർത്തിമാരും രാഷ്ട്ര നേതാക്കളും മറ്റ് ഉന്നത വ്യക്തിത്വങ്ങളും പതറാതെ നിന്നതും നിൽക്കുന്നതും അവരുടെ മനസ്സിൻ്റെ ഉറപ്പ് കൊണ്ടാണ്. ഇങ്ങനെ പറയുമ്പോൾ കഠിനമായ ഹൃദയമുള്ള ആളുകൾ ആയിരിക്കും എന്ന് വിചാരിക്കേണ്ട.
അവരുടെ മനസ്സ് ഓളങ്ങൾ ഇല്ലാത്ത ജലാശയം പോലെ ശാന്തമായിരിക്കും. മെല്ലെ വീശുന്ന ഇളം കാറ്റ് പോലെയായിരിക്കും. നറുനിലാവ് പെയ്യുന്ന തണുത്ത രാത്രി പോലെയായിരിക്കും. അത്രയും ശാന്തമാണെങ്കിലും അത്രയും തന്നെ ഗംഭീരമായിരിക്കും അവരുടെ മനസ്സ്. ജീവിതത്തിൽ ഏതു പ്രതിസന്ധി ഉണ്ടായാലും അവരുടെ മുന്നിൽ അത് തകരുന്നത് കാണാം.
കാരണം ശാന്തമായ മനസ്സിൽ ഉചിതമായ തീരുമാനങ്ങൾ ആയിരിക്കും ഉണ്ടാവുന്നത്. ആ തീരുമാനം അവരുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങൾക്കും ശാശ്വതമായ പരിഹാരവും ഉണ്ടാക്കും. അതുകൊണ്ട് വികാരവിക്ഷോഭത്തിന് അടിമപ്പെടാതെ മനസ്സിനെ ശാന്തമാക്കി വയ്ക്കുക. ഉചിതമായ തീരുമാനത്തിന് ശാന്തമായ മനസ്സാണ് കൂട്ടുണ്ടാവുക എന്ന് ഓർക്കുക.
സുഭാഷ് ടിആർ