നിങ്ങളുടെ ദൗര്‍ബല്യങ്ങള്‍ ആരോടും പറയരുത്; കാരണം, ആളുകള്‍ക്ക് ആ ദൗര്‍ബല്യങ്ങള്‍ വച്ച് നിങ്ങള്‍ക്കെതിരേ കളിക്കാന്‍ വലിയ താല്‍പ്പര്യമാണ്; ഇന്നത്തെ ചിന്താവിഷയം 

 
4646

മനുഷ്യരില്‍ ശക്തരും ബലഹീനരും ഉണ്ടല്ലോ. കായിക ശക്തിയുള്ളവരെ കുറിച്ചോ, ശക്തി ഇല്ലാത്തവരെ കുറിച്ചോ അല്ല ഇവിടെ പ്രതിപാദിക്കുന്നത്. മനുഷ്യരില്‍ കാണപ്പെടുന്ന സ്വഭാവ ശീലങ്ങളെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. 

'ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷ്യനുള്ള കാലം' എന്ന കുഞ്ചന്‍ നമ്പ്യാരുടെ വരികള്‍ നാമെല്ലാം കേട്ടിട്ടുണ്ട്. നമ്മള്‍ ചെറുപ്പത്തില്‍ ശീലിക്കുന്ന കാര്യങ്ങള്‍ ആയിരിക്കും നമ്മുടെ ഭാവി ജീവിതത്തിന്റെ ഗതി വിഗതികള്‍ നിര്‍ണയിക്കുന്നത് എന്നോര്‍ക്കുക. 

നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കുട്ടികളെ ചെറുപ്പത്തിലെ ശീലിപ്പിക്കുകയാണെങ്കില്‍ അവര്‍ വളര്‍ന്നു വരുമ്പോള്‍ വീടിനും സമൂഹത്തിനും ഗുണം ചെയ്യും. സത്സംഗവും സല്‍പ്രവര്‍ത്തികളും സല്‍ചിന്തകളും മനുഷ്യരെ ഉത്തമ പൗരന്മാരാക്കാന്‍ പോന്നവയാണ്. അങ്ങനെയുള്ള ഒരാള്‍ മാനസികമായി അതിശക്തനായിരിക്കും. ജീവിതത്തിലെ ഏതു പ്രതിസന്ധികളെയും മാനസികമായ കരുത്ത് ഉപയോഗിച്ച് നേരിടുകയും വിജയിക്കുകയും ചെയ്യും. 

എന്നാല്‍ എല്ലാവര്‍ക്കും ഇങ്ങനെയുള്ള കഴിവുകള്‍ ലഭിക്കുക എന്നത് അപ്രാപ്യമാണ്. വളരെ നാളുകള്‍ കൊണ്ട്, നിരന്തരമായ പരിശ്രമം കൊണ്ട്, നമ്മളിലുള്ള തെറ്റായ ശീലങ്ങളും പ്രവണതകളും മാറ്റിയെടുക്കാന്‍ സാധിക്കുമെങ്കിലും ഒട്ടുമിക്കവരും അതിന് തുനിയാറില്ല എന്നതാണ് സത്യം. അങ്ങനെയുള്ള ആളുകള്‍ക്ക് ദൗര്‍ബല്യവും കൂടപ്പിറപ്പാണ്. തനിക്ക് തന്നെയും കുടുംബത്തിനും സമൂഹത്തിനും ദോഷം ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ അവരുടെ ഭാഗത്തുനിന്നും ഉണ്ടാവും. 

മാനസികമായ കരുത്തുള്ളവര്‍ക്കും കരുത്ത് ഇല്ലാത്തവര്‍ക്കും ഏതെങ്കിലും ഒക്കെ തരത്തിലുള്ള ദൗര്‍ബല്യങ്ങള്‍ ഉണ്ടാവും. ആ ദൗര്‍ബല്യങ്ങള്‍ ആരോടും പറയാതിരിക്കുക എന്നുള്ളതാണ് വിവേകശാലികള്‍ ചെയ്യേണ്ടത്. നമ്മുടെ ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ആ ദൗര്‍ബല്യങ്ങളെ വെച്ച് നമ്മുടെ ചുറ്റുമുള്ളവര്‍ നമ്മള്‍ക്ക് എതിരെ പ്രവര്‍ത്തിക്കും. 

അത് നമ്മുടെ ജീവിത വിജയത്തിന് വലിയ തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുകയും ചെയ്യും. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുകയും അത് വെച്ച് അവരെ മുതലെടുക്കുകയും ചെയ്യുന്നതിലാണ് ജനങ്ങള്‍ക്ക് ഏറെ താല്പര്യമെന്ന് അറിയാമല്ലോ. അറിഞ്ഞുകൊണ്ട് അങ്ങനെ ഒരു മുതലെടുപ്പിനു വേണ്ടി നമ്മുടെ ദൗര്‍ബല്യങ്ങളെ മറ്റുള്ളവര്‍ക്ക് മുമ്പില്‍ വെളിപ്പെടുത്താതിരിക്കാം.

- സുഭാഷ് ടി.ആര്‍.

Tags

Share this story

From Around the Web