യുറോപ്പിലായിരിക്കുമ്പോൾ ഇന്ത്യൻ രീതികളും ഇന്ത്യയിലെത്തിയാൽ യൂറോപ്യൻ രീതികളും എന്തുകൊണ്ട് എന്നും മനസിലാകുന്നില്ല
 

 
222

യൂറോപ്പും കുടിയേറ്റവും

കൊച്ചു കുട്ടികളെ ഒറ്റക്ക് കളിക്കാൻ വിട്ടിട്ട് പോകാനുള്ള ധൈര്യം കേരളത്തിൽ ഇന്നാർക്കും ഉണ്ടെന്ന് കരുതുന്നില്ല. എന്നാൽ യൂറോപ്പിൽ ജീവിക്കുന്ന കുടിയേറ്റക്കാരിൽ അതുള്ളവരുണ്ട് എന്ന് ദീർഘകാലത്തെ അനുഭവത്തിൽ നിന്നും എനിക്ക് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. കുട്ടികൾ സുരക്ഷിതരായിരിക്കുമെന്നും സുരക്ഷിതരായിരിക്കണമന്നും സുരക്ഷിതത്വം തങ്ങളുടെ അവകാശമാണെന്നും അവർ കരുതുന്നു. കേരളത്തിലാണെങ്കിൽ വീട്ടിനുള്ളിൽപോലും മറ്റാരിലും ഒരു സുരക്ഷിത്വവും കാണില്ലതാനും. അപരിചിതമായ നാട്ടിൽ ഭാഷയും സംസ്‌ക്കാരവും അറിയില്ലെങ്കിലും സ്വന്തം നാട്ടിൽ എടുക്കുന്നതിൽ കൂടുതൽ സുരക്ഷിതത്വബോധവും സ്വാതന്ത്ര്യവും തോന്നാൻ എന്താണ് കാരണമെന്ന് മനസിലാകുന്നില്ല.

കേരളത്തിലാണെങ്കിൽ സന്ധ്യ ആയാൽ സ്ത്രീകൾ വളരെ അത്യാവശ്യമില്ലെങ്കിൽ ഒറ്റക്ക് യാത്ര ചെയ്യില്ല. യുറോപ്പിൽ ഏതു പാതിരാത്രിക്കും ഒരു ഭയവും ഇല്ലാതെ അപരിചിതമായ നാടാണെങ്കിലും ആവശ്യത്തിനും അനാവശ്യത്തിനും കുടിയേറ്റക്കാരായ യുവതികൾ ഒറ്റക്കും പെട്ടക്കും യാത്ര ചെയ്യുന്നതു കണ്ടിട്ടുണ്ട്. സ്വന്ത നാട്ടിൽ ഇല്ലാത്ത ധൈര്യം യൂറോപ്പിൽ എന്തുകൊണ്ടുണ്ടായി എന്ന് മനസിലാകുന്നില്ല. അത്യാവശ്യത്തിന് യാത്ര വേണ്ടാന്നല്ല ഇതിനർത്ഥം.

കേരളത്തിലാണെങ്കിൽ പൊതുസ്ഥലത്തും തെരുവിലും ഓണത്തിനും ക്രിസ്തുമസിനും സ്വാതന്ത്ര്യദിനത്തിലും ഹോളിക്കും പൊങ്കലിനും ആണും പെണ്ണും തെരുവിലിറങ്ങി ആടിപാടില്ല. യൂറോപ്പിൽ ഇന്ത്യക്കാർ എന്തുകൊണ്ട് അവിടുത്തെ സംസ്കാരത്തിന് വിരുദ്ധമായി തെരുവിൽ ആർമാന്തിച്ചു ബഹളമുണ്ടാക്കുന്നു എന്നും മനസ്സിലാകുന്നില്ല.

കേരളത്തിൽ യൂറോപ്പിലുള്ളതിന്റെ പത്തിലൊന്ന് സ്വാതന്ത്ര്യമൊ ക്രമമൊ ഇല്ലാഞ്ഞിട്ടും വല്യ പ്രശ്നമില്ലാതെ അട്ജസ്റ്റു ചെയ്‌തും സഹിഷ്ണത കാട്ടിയും ഒത്തൊരുമയോടെ മനുഷ്യർ ജീവിക്കുന്നു. യൂറോപ്പിൽ ക്രമ ചട്ടങ്ങളും സ്വാതന്ത്ര്യവും ഉണ്ടായിട്ടും അവിടെ നാട്ടുകാരുടെ സ്വസ്ഥത തകർക്കാനും നാട്ടുകാരുടെ പ്രതിഷേധം വിളിച്ചുവരുത്താനും ഉതകുംവിധം കുടിയേറ്റക്കാർ പെരുമാറുന്നു എന്നതും മനസിലാകുന്നില്ല.

മലയാളികളിൽ ചിലർ യൂറോപ്പിൽ ചെല്ലുമ്പോൾ അവിടെ പൊതുസ്ഥലത്ത് ചെണ്ട കൊട്ടാനും മുണ്ടുടുക്കാനും കേരള ഭക്ഷണം വിളമ്പാനും കൈകൊണ്ട് ഭക്ഷിക്കാനും തുനിഞ്ഞു സായിപ്പിന്റെ വെറുപ്പിനും വിദ്വെഷത്തിനും കാരണമാകുന്നു. അവർ എന്നാൽ അവുധിക്ക് നാട്ടിൽ വന്ന് കല്യാണമോ മറ്റോ നടത്തുമ്പോൾ കോട്ടിട്ടും സായിപ്പിന്റെ ഭക്ഷണം വിളമ്പിയും പാശ്ചാത്യ സംഗീതം പാടിയും പാശ്ചാത്യ ഡാൻസ്‌ കളിച്ചും ഇവിടെയും ചിലരെയൊക്കെ വെറുപ്പിക്കുന്നു. യുറോപ്പിലായിരിക്കുമ്പോൾ ഇന്ത്യൻ രീതികളും ഇന്ത്യയിലെത്തിയാൽ യൂറോപ്യൻ രീതികളും എന്തുകൊണ്ട് എന്നും മനസിലാകുന്നില്ല.

യൂറോപ്പ്യൻ സംസ്ക്കാരത്തിന്റെ ഭാഗമായിത്തീർന്ന ഉദാരതയും സ്വാതന്ത്ര്യവും നീതിബോധവും ആദരവോടെ അനുഭവിക്കാനാണോ അത്യാഗ്രഹത്തോടെ ദുരുപയോഗിക്കാനാണോ കുടിയേറ്റക്കാർ ആഗ്രഹിക്കുന്നത് എന്ന് പഠിക്കേണ്ടതും വിലയിരുത്തേണ്ടതും ആണ് എന്നും തോന്നുന്നു.

ജോസഫ് പാണ്ടിയപ്പള്ളിൽ

Tags

Share this story

From Around the Web