കുമ്പസാരിച്ചിട്ട് വീണ്ടും പാപത്തിലേക്ക് വീഴുന്നത് എന്തു കൊണ്ട്?

 
confession

ഒരു സന്യാസ ആശ്രമത്തിൽ ചെന്നപ്പോൾ ശ്രദ്ധയിൽപ്പെട്ട ഒരു കാര്യം കുറിക്കട്ടെ.

അവിടുത്തെ വാഷ്ബെയ്സിനും

ടൈൽസും ഭിത്തിയുമെല്ലാം പൊടിയോ അഴുക്കോ ഇല്ലാതെ വെട്ടിത്തിളങ്ങുന്നു.

അതിൻ്റെ രഹസ്യമെന്താണെന്ന് ചോദിച്ചപ്പോൾ അച്ചൻ പറഞ്ഞതിങ്ങനെയാണ്:

“അതിൽ വലിയ രഹസ്യമൊന്നുമില്ലച്ചാ.

വളരെ സിമ്പിൾ. നമ്മൾ ബാത്ത്റൂം

ഉപയോഗിച്ച ശേഷം തറയിൽ കിടക്കുന്ന ജലാംശം മുഴുവനും ഒരു വൈപ്പർ ഉപയോഗിച്ച് തുടച്ചു കളയുക. അതുപോലെ തന്നെ വാഷ്ബെയ്സിനും വെള്ളം വലിച്ചെടുക്കുന്ന കോട്ടൺതുണികൊണ്ട് തുടയ്ക്കുക. സാധിക്കുമെങ്കിൽ ബാത്ത്റൂമിൻ്റെ

ഭിത്തിയും അങ്ങനെ തുടച്ചു

വൃത്തിയാക്കാൻ ശ്രമിക്കുക.

എന്തെന്നാൽ,

നമ്മൾ എത്ര നന്നായ് കഴുകിയാലും

ജലാംശം അവശേഷിക്കുന്നിടത്ത് പൊടിപടലങ്ങൾ പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയേറെയാണ്. അതു കൊണ്ടാണ് വാഷ്ബെയ്സനുകളിൽ പലപ്പോഴും കറപിടിച്ചതു പോലുള്ള അടയാളങ്ങൾ കാണപ്പെടുന്നത്.”

മറ്റൊരു കാര്യം കൂടെ ആ വൈദികൻ കൂട്ടിച്ചേർത്തു:

”ഹോട്ടലുകളിൽ പോകുമ്പോൾ

ഭക്ഷണം വിളമ്പുന്ന പാത്രങ്ങളെല്ലാം വൃത്തിയായി കഴുകി തുടച്ചിരിക്കും.

ഒരു തരി അഴുക്കു പോലും അതിൽ കാണുകയില്ല. ഇതുപോലെ തന്നെ

നമ്മുടെ ഭവനങ്ങളിലും ആശ്രമങ്ങളിലും ചെയ്തു കഴിഞ്ഞാൽ നാം വസിക്കുന്ന ഇടം ഏറ്റവും മനോഹരമായിരിക്കും.”

അച്ചൻ്റെ വാക്കുകൾക്ക് ഞാൻ

നന്ദി പറഞ്ഞു.

ഭൗതികമായ കാര്യത്തോടൊപ്പം

ആദ്ധ്യാത്മികമായ വലിയൊരു ഉൾക്കാഴ്ചയും അച്ചൻ്റെ വാക്കുകൾ

എനിക്ക് സമ്മാനിച്ചു.

ഓരോ തവണ കുമ്പസാരിക്കുമ്പോഴും ധ്യാനംകൂടുമ്പോഴും പരിശുദ്ധിയുടെ വെള്ളവസ്ത്രമണിഞ്ഞല്ലെ നമ്മൾ മടങ്ങുന്നത്?

എന്നാൽ പലപ്പോഴും എത്ര പെട്ടന്നാണ് പാപവഴിയിലേക്ക് നമ്മൾ നടന്നു നീങ്ങുന്നത്?

അതിന് കാരണം മറ്റൊന്നുമല്ല,

അച്ചൻ പറഞ്ഞതുപോലെ

കഴുകി വൃത്തിയാക്കിയ പ്രതലത്തിൽ

ജലാംശം അവശേഷിക്കുമ്പോൾ

വീണ്ടും പൊടിപടലങ്ങൾ നിറയുവാൻ സാധ്യതയേറെയാണ്. ജലം തുടച്ചു മാറ്റാൻ

ഒരു ചെറിയ പരിശ്രമം ഓരോ തവണയും നടത്തുമ്പോൾ പ്രതലത്തിന് വെൺമയേറുന്നു.

അതുപോലെതന്നെ,

ധ്യാനവും കുമ്പസാരവുമെല്ലാം

കഴിഞ്ഞതിനു ശേഷം അനുദിന

പ്രാർത്ഥനയും വചന വായനയും കുർബാനയിലെ പങ്കാളിത്തവും

ആധ്യാത്മിക ഗ്രന്ഥ പാരായണങ്ങളുമൊന്നുമില്ലെങ്കിൽ

നമ്മളെല്ലാം പഴയതിനേക്കാൾ മോശമാകാനാണ് സാധ്യത.

ക്രിസ്തുവിൻ്റെ ഈ വാക്കുകൾക്ക് കാതോർക്കാം:

“അശുദ്‌ധാത്‌മാവ്‌ ഒരു മനുഷ്യനെ വിട്ടുപോകുമ്പോള്‍ അത്‌ ആശ്വാസം തേടി വരണ്ട സ്‌ഥലങ്ങളിലൂടെ അലഞ്ഞുനടക്കുന്നു ….

അതു മടങ്ങിവരുമ്പോള്‍ ആ സ്‌ഥലം ആളൊഴിഞ്ഞും അടിച്ചുവാരി സജ്‌ജീകരിക്കപ്പെട്ടും കാണുന്നു.

അപ്പോള്‍ അതു പുറപ്പെട്ടുചെന്ന്‌

തന്നെക്കാള്‍ ദുഷ്‌ടരായ ഏഴ്‌ആത്‌മാക്കളെക്കൂടി തന്നോടൊത്തു കൊണ്ടുവരുകയും അവിടെ പ്രവേശിച്ചു വാസമുറപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ, ആ മനുഷ്യന്റെ അവസാനത്തെ സ്‌ഥിതി ആദ്യത്തേതിനെക്കാള്‍ ശോചനീയമായിത്തീരുന്നു”

(മത്തായി 12 :43-45).

എത്ര ശുചിയാക്കിയ ഇടമാണെങ്കിലും

ചുറ്റിനും പൊടിപടലങ്ങൾ ഉണ്ട്.

അവ പറ്റിപ്പിടിക്കാതിരിക്കാൻ

ജാഗ്രത വേണം.

~ ഫാദർ ജെൻസൺ ലാസലെറ്റ് ~

കടപ്പാട് മരിയൻ ടൈംസ്

 

Tags

Share this story

From Around the Web