ദൈവശുശ്രൂഷയില്‍ ഉത്സാഹികളാകാന്‍ എന്തു ചെയ്യണം?

 
prayer

ആത്മീയ വളര്‍ച്ചയില്‍ തീക്ഷ്ണത വേണം

ഇതരരുടെ വാക്കുകളിലും പ്രവൃത്തികളിലും ശ്രദ്ധിക്കാതിരുന്നാല്‍ നമ്മുടെ കടമകളുടെ പരിധികള്‍ക്കപ്പുറം പോകാതിരുന്നാല്‍ നമുക്ക് ഏറെ ശാന്തിയുണ്ടാകും. ഇതര കാര്യങ്ങളില്‍ ഇടപെടുന്നവര്‍ക്ക് സമാധാനത്തില്‍ ദീര്‍ഘനാള്‍ നിലനില്‍ക്കാന്‍ സാധ്യമല്ല. അവര്‍ ബാഹ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നു. അല്പമായോ അപൂര്‍വമായോ മാത്രം ആന്തരിക കാര്യങ്ങളില്‍ വ്യാപൃതരാകുന്നു. സംശുദ്ധഹൃദയമുള്ളവര്‍ ഭാഗ്യവാന്മാരാണ്. അവര്‍ ധാരാളം ശാന്തി അനുഭവിക്കുന്നു.

ആത്മനിഗ്രഹം നമ്മെ ദൈവശുശ്രൂഷയില്‍ ഉത്സാഹികളാക്കുന്നു

ചില വിശുദ്ധര്‍ എന്തു കൊണ്ടാണ് പുണ്യപൂര്‍ണരും ആഴമുള്ള പ്രാര്‍ത്ഥനയുള്ളവരും ആയിരുന്നത്? ലൗകികമായ എല്ലാ ആഗ്രഹങ്ങളും അവര്‍ നിഗ്രഹിച്ചിരുന്നു. അതു കൊണ്ട് ഹൃദയത്തിന്റെ അന്തസത്ത കൊണ്ട് അവര്‍ ദൈവത്തോട് ഒട്ടിച്ചേര്‍ന്നിരുന്നു. ദൈവത്തില്‍ തടസ്സങ്ങളില്ലാതെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. നമ്മുടെ സ്വന്തം വികാര ഭാവങ്ങളില്‍ നാം ക്രമാതീതമായ ശ്രദ്ധിക്കുന്നു. കടന്നു പോകുന്നവയില്‍ അതീവ ജാഗ്രത കാണിക്കുന്നു. ഒരു സ്വഭാവ ദൂഷ്യം പോലും നാം തീര്‍ത്തും ഇല്ലാതാക്കുന്നില്ല. അനുദിന വളര്‍ച്ചയില്‍ ശ്രദ്ധിക്കുന്നുമില്ല. നന്മൂലം നാം തണുത്തവരും മന്ദോഷ്ണരുമായി കഴിയുന്നു.

വികാരങ്ങളില്‍ നിന്ന് മോചിതരായി പുണ്യപൂര്‍ണതയുടെ വഴിയില്‍ പ്രവേശിക്കുന്നു

നാം തന്നെ നമുക്ക് മൃതരാണെങ്കില്‍ നമുക്ക് ആന്തരിക സ്വാതന്ത്ര്യമുണ്ടെങ്കില്‍, ദിവ്യമായവ രചിക്കുവാനും സ്വര്‍ഗീയ ദര്‍ശനത്തില്‍ അല്പമെങ്കിലും പങ്കുപറ്റാനും കഴിയും. ഏറ്റവും വലിയ തടസ്സം നാം വികാരങ്ങളില്‍ നിന്നും ആസക്തികളില്‍ നിന്നും മോചിതരല്ലെന്നുള്ളതാണ്. വിശുദ്ധര്‍ പിന്തുടരുന്ന പുണ്യപൂര്‍ണതയുടെ മാര്‍ഗത്തില്‍ പ്രവേശിക്കാനും തയ്യാറല്ല. അല്പം പ്രതിബന്ധങ്ങള്‍ ഉണ്ടാകുമ്പോള്‍ വേഗം മനസ്സു മടുക്കുന്നു, മാനുഷികാശ്വാസങ്ങള്‍ അന്വേഷിക്കുന്നു.

ആത്മീയ സമരത്തില്‍ ദൈവം തന്റെ കൃപ വഴി നമ്മെ സഹായിക്കുന്നു

ധീരരായവരെ പോലെ സമരത്തില്‍ ഉറച്ചു നിന്നാല്‍ സ്വര്‍ഗത്തില്‍ നിന്നു കര്‍ത്താവിന്റെ സഹായം നമ്മുടെ മേല്‍ അനുഭവപ്പെടും. സമരം ചെയ്യുന്നവരെ, തന്റെ കൃപയില്‍ ആശ്രയിക്കുന്നവരെ, സഹായിക്കാന്‍ അവിടുന്ന് സന്നദ്ധനാണ്. നാം ജയിക്കുന്നതിനായി സമരത്തിനുള്ള അവസരങ്ങള്‍ അവിടുന്ന് നമുക്ക് തരുന്നു. ബാഹ്യാനുഷ്ഠാനങ്ങളില്‍ മാത്രം മതാത്മക ജീവിതത്തിന്റെ പുരോഗതി നാം അളക്കുകയാണെങ്കില്‍ നമ്മുടെ ഭക്തി വേഗം ഇല്ലാതാകും. വികാരങ്ങളില്‍ നിന്നും മോചിതരായി ആന്തരിക ശാന്തിയില്‍ കഴിയാനായി നാരായ വേര് മുറിച്ചു കളയാം.

പ്രാര്‍ത്ഥന

ദൈവമേ, ആത്മീയ വളര്‍ച്ചയില്‍ തീക്ഷണത ഉളളവരായിരിക്കാനും അവിടുത്തെ കൃപയില്‍ ആശ്രയിച്ച് പുണ്യപൂര്‍ണതയില്‍ വളരാനും ഞങ്ങളെ അനുഗ്രഹിക്കണമേ.

കടപ്പാട് മരിയൻ ടൈംസ്

Tags

Share this story

From Around the Web