ശിശുക്കൾക്കു മാമ്മോദീസ നൽകാതിരുന്നാൽ..?

 
baptism

"എന്നാൽ, അവൻ പറഞ്ഞു: ശിശുക്കളെ എന്റെ അടുത്തുവരാൻ അനുവദിക്കുവിൻ; അവരെ തടയരുത്. എന്തെന്നാൽ സ്വർഗ്ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്" (മത്തായി 19:14)

യേശു ഏകരക്ഷകൻ: ജൂണ്‍ 21
ശിശുക്കൾക്കു മാമ്മോദീസ നൽകുന്നതിനെ എതിർക്കുകയും വിമർശിക്കുകയും ചെയ്യുന്ന ചില ക്രൈസ്തവ സമൂഹങ്ങളുണ്ട്. അവർ യഥാർത്ഥത്തിൽ ശിശുക്കളെക്കുറിച്ചുള്ള ദൈവിക പദ്ധതിയെ തന്നെയാണ് എതിർക്കുന്നത്. രക്ഷയ്ക്ക് മാമ്മോദീസ അത്യാവശ്യമാണെന്നു കര്‍ത്താവുതന്നെ ഊന്നിപ്പറയുന്നു. മാമ്മോദീസ സ്വീകരിക്കാന്‍ സാധിക്കുന്നവരെല്ലാം "ജലത്താലും പരിശുദ്ധാത്മാവിനാലും വീണ്ടും ജനിക്കണം" എന്ന യേശുക്രിസ്തുവിന്റെ കൽപ്പനയയിൽ നിന്നും ശിശുക്കൾ ഒഴിവാക്കപ്പെടുന്നില്ല. അതിനാൽ ശിശുക്കൾക്കു മാമ്മോദീസാ നൽകേണ്ടത് ഒരു വ്യക്തിയുടെ ബാല്യം മുതലുള്ള വിശ്വാസവളർച്ചക്ക് അത്യാവശ്യമാണ്.

ഒരു ശിശുവിനു രോഗം വന്നാൽ അതിന് ഉടനെതന്നെ ആവശ്യമായ ചികിത്സ നൽകി സുഖപ്പെടുത്താൻ മാതാപിതാക്കൾ ശ്രമിക്കാറില്ലേ. ആ കുഞ്ഞ് പ്രായമായിട്ടു ചികിത്സിക്കാം എന്ന് ആരെങ്കിലും പറയുമോ? ഒരു കുട്ടിക്ക് ബാല്യത്തിൽ തന്നെ നല്ല വിദ്യാഭ്യാസം നൽകാൻ മാതാപിതാക്കൾ ശ്രമിക്കാറില്ലേ? ആ കുഞ്ഞ് പ്രായമായിട്ടു ആവശ്യമുള്ള വിദ്യാഭ്യാസം സ്വയം സ്വീകരിക്കട്ടെ എന്ന് ആരെങ്കിലും പറയുമോ? അതുപോലെതന്നെയാണ് ശൈശവ മൊമ്മോദീസായും. ഓരോ കുട്ടിയും ജനിക്കുന്നത് ഉത്ഭവ പാപത്തിന്‍റെ കളങ്കത്തോടുകൂടിയാണ്. മാമ്മോദീസാ സ്വീകരിക്കുന്നതിലൂടെ ഓരോ കുട്ടിയും അധ:പതിച്ച മനുഷ്യപ്രകൃതിൽനിന്നും, ഉത്ഭവ പാപത്തിന്‍റെ കളങ്കത്തിൽനിന്നും സ്വതന്ത്രരാക്കപ്പെടുകയും ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു.

ശൈശവ മാമ്മോദീസ എന്ന പതിവു സഭയുടെ അതിപുരാതനമായ ഒരു പാരമ്പര്യമാണ്. രണ്ടാം നൂറ്റാണ്ടു മുതല്‍ ഈ പതിവിനെപ്പറ്റി സുദൃഢമായ സാക്ഷ്യം ലഭിച്ചിട്ടുണ്ട്. അപ്പസ്തോലന്മാര്‍ പ്രസംഗിച്ച കാലത്തും, 'കുടുംബങ്ങള്‍' മുഴുവനും മാമ്മോദീസ സ്വീകരിച്ചിരുന്നതായി ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു (അപ്പ. 16:15, 33; 18:8; 1 കോറി 1:16). കുടുംബം മുഴുവനും മാമ്മോദീസ സ്വീകരിച്ചു എന്നു പറയുമ്പോൾ, ശിശുക്കളും മാമ്മോദീസ സ്വീകരിച്ചിരുന്നു എന്നത് നിഷേധിക്കാൻ കഴിയാത്ത വസ്തുതയാണ്. ദൈവം ഏല്‍പ്പിച്ച ജീവന്‍റെ പരിപോഷകര്‍ എന്ന നിലയിലുള്ള തങ്ങളുടെ ധര്‍മത്തിനു ചേര്‍ന്നതാണ് ഈ ആചാരമെന്നു യഥാർത്ഥ ക്രൈസ്തവമാതാപിതാക്കള്‍ അംഗീകരിക്കുന്നു.

രക്ഷയുടെ കൃപാവരം തികച്ചും സൗജന്യ ദാനമാണ് എന്നത് ശൈശവ മാമ്മോദീസയില്‍ സവിശേഷമാം വിധം പ്രകടമാക്കപ്പെടുന്നു. ഒരു ശിശു ജനിച്ചു കഴിഞ്ഞയുടനെ തന്നെ മാമ്മോദീസ നല്‍കാതിരുന്നാല്‍, ദൈവത്തിന്‍റെ അമൂല്യമായ കൃപാവരത്തെ സഭയും മാതാപിതാക്കളും ആ കുഞ്ഞിനു നിഷേധിക്കുകയായിരിക്കും ചെയ്യുന്നത്.

"മാമ്മോദീസ സ്വീകരിക്കാതെ മരിക്കുന്ന ശിശുക്കളെ സംബന്ധിച്ചിടത്തോളം അവര്‍ക്കുവേണ്ടിയുള്ള മൃതസംസ്കാരകര്‍മ്മത്തില്‍ ചെയ്യുന്നതു പോലെ, അവരെ ദൈവത്തിന്റെ കാരുണ്യത്തിന് സമര്‍പ്പിക്കാനേ സഭയ്ക്ക് കഴിയുകയുള്ളൂ... വിശുദ്ധ മാമ്മോദീസയുടെ ദാനത്തിലൂടെ ക്രിസ്തുവിലേക്ക് വരുന്നതില്‍നിന്നു കൊച്ചുകുട്ടികളെ തടയരുതെന്ന സഭയുടെ ആഹ്വാനം വളരെയേറെ അടിയന്തരസ്വഭാവമുള്ളതാണ്" (CCC 1261).

Tags

Share this story

From Around the Web