വിശുദ്ധവാരത്തിൽ ഉപയോഗിക്കുന്ന ആരാധനാക്രമ നിറങ്ങൾ എന്താണ് അർഥമാക്കുന്നത്?
ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട നാളുകളാണ് വിശുദ്ധ വാരം. ഈ ദിവസങ്ങളിൽ ദൈവാലയങ്ങളിൽ നടക്കുന്ന തിരുക്കർമ്മങ്ങളിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങളുടെയും അലങ്കാരങ്ങളുടെയും നിറങ്ങൾ കേവലം കാഴ്ചയ്ക്കപ്പുറം അഗാധമായ ആത്മീയ അർഥങ്ങൾ ഉൾക്കൊള്ളുന്നവയാണ്. ഓരോ ദിവസത്തെയും പ്രാർഥനകളുടെ സ്വഭാവത്തിനനുസരിച്ചാണ് ഈ നിറങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
ലത്തീൻ ആരാധനക്രമ പ്രകാരം വിശുദ്ധ വാരത്തിൽ, കത്തോലിക്കാ സഭ പ്രത്യേക അർഥങ്ങളുള്ള നിറങ്ങൾ ഉപയോഗിക്കുന്നു. അവ എന്താണെന്നും പ്രധാന ആഘോഷങ്ങളിൽ അവ എന്തിനാണ് ഉപയോഗിക്കുന്നതെന്നും പരിശോധിക്കാം.
പ്രധാന നിറങ്ങളും അവയുടെ പ്രാധാന്യവും:
ചുവപ്പ് – ഓശാന ഞായർ, ദുഃഖവെള്ളി
വിശുദ്ധ വാരത്തിന്റെ തുടക്കമായ ഓശാന ഞായറാഴ്ചയും ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ പുതുക്കുന്ന ദുഃഖവെള്ളിയാഴ്ചയും ചുവപ്പ് നിറമാണ് ഉപയോഗിക്കുന്നത്. ഇത് ക്രിസ്തുവിന്റെ രാജകീയ പ്രവേശനത്തെയും ഒപ്പം അവിടുത്തെ രക്തസാക്ഷിത്വത്തെയും സ്നേഹബലിയെയും സൂചിപ്പിക്കുന്നു. പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തെയും ഈ നിറം അടയാളപ്പെടുത്തുന്നു.
വയലറ്റ്/പർപ്പിൾ – തിങ്കൾ മുതൽ ബുധൻ വരെ
വിശുദ്ധ വാരത്തിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വയലറ്റ് നിറമാണ് ഉപയോഗിക്കുന്നത്. ഇത് അനുതാപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും പ്രാർഥനയുടെയും നിറമാണ്. ക്രിസ്തുവിന്റെ പീഡാനുഭവങ്ങൾക്കായി വിശ്വാസികൾ തങ്ങളെത്തന്നെ ഒരുക്കുന്നതിന്റെ പ്രതീകമാണിത്.
വെള്ള – പെസഹാ വ്യാഴം, ഈസ്റ്റർ
പെസഹാ വ്യാഴാഴ്ച അന്ത്യ അത്താഴ സ്മരണ പുതുക്കുമ്പോൾ വെള്ള അല്ലെങ്കിൽ സ്വർണ്ണനിറത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്നു. ഇത് വിശുദ്ധ കുർബാനയുടെ സ്ഥാപനത്തെയും സഭയുടെ സന്തോഷത്തെയും സൂചിപ്പിക്കുന്നു. തുടർന്ന് ഈസ്റ്റർ ദിനത്തിലും ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ പ്രതീകമായി വെള്ള നിറം തന്നെ ഉപയോഗിക്കുന്നു.
കറുപ്പ് – ദുഃഖശനി (ചിലയിടങ്ങളിൽ)
പാരമ്പര്യമായി ചില സഭകളിൽ ദുഃഖശനിയാഴ്ച കറുത്ത നിറം ഉപയോഗിക്കാറുണ്ട്. ക്രിസ്തുവിന്റെ മരണാനന്തരമുള്ള വിലാപത്തെയും ശൂന്യതയെയും ഇത് അടയാളപ്പെടുത്തുന്നു. എങ്കിലും പലയിടങ്ങളിലും ഈ ദിവസം അലങ്കാരങ്ങൾ ഒഴിവാക്കിയ ലളിതമായ രീതിയാണ് പിന്തുടരുന്നത്.
കടപ്പാട് ലൈഫ് ഡേ