യുക്രൈനിലേക്ക് വീണ്ടും ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെ സഹായമെത്തിച്ച് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന യുക്രൈനിലേക്ക് വീണ്ടും വത്തിക്കാന്റെ സഹായം. ലെയോ പതിനാലാമന്‍ പാപ്പയുടെ നിര്‍ദ്ദേശാനുസരണം അപ്പസ്‌തോലിക ദാനധര്‍മ്മ കേന്ദ്രമാണ് യുക്രൈനിലെ ഖാര്‍ക്കിവിലെ കുടുംബങ്ങള്‍ക്ക് വീണ്ടും സഹായം എത്തിച്ചത്.
എത്രയും വേഗം സഹായം എത്തിക്കണമെന്ന് ലെയോ പതിനാലാമന്‍ പാപ്പ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് നടപടിയെന്ന് അപ്പസ്‌തോലിക ദാനധര്‍മ്മ കേന്ദ്രത്തിന്റെ ചുമതലയുള്ള കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രജേവ്‌സ്‌കി വെളിപ്പെടുത്തി.
റോമിലെ വിശുദ്ധ സോഫിയയുടെ നാമത്തിലുള്ള ബസിലിക്കയില്‍ നിന്നാണ് ബോംബാക്രമണം തകര്‍ത്തിരിക്കുന്ന സ്താര്‍യി സള്‍ത്തിവ്, ഷെവ്‌ചെന്‍കോവ് എന്നിവിടങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കളുമായി വത്തിക്കാന്റെ വണ്ടികള്‍ പുറപ്പെട്ടത്. ഈ വാഹനങ്ങളെല്ലാം യുക്രൈനിലെ ദുരിതബാധിത മേഖലകളില്‍ എത്തി.
ഇക്കഴിഞ്ഞ ജൂണിലും ഏതാനും വാഹനങ്ങള്‍ നിറയെ ഭക്ഷ്യവസ്തുക്കളും കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളും, കിടക്കകളും യുക്രൈനിലേക്ക് പാപ്പയുടെ ഉപവിപ്രവര്‍ത്തന വിഭാഗം അയച്ചിരുന്നു. ഫ്രാന്‍സിസ് പാപ്പായുടെ ജീവിത മാതൃക പിന്തുടര്‍ന്ന് ലെയോ പതിനാലാമന്‍ പാപ്പയും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.