‘ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല’ എന്നുപറയുന്നവർ കുമ്പസാരത്തെക്കുറിച്ച് പുനർവിചിന്തനം ചെയ്യണ്ടത് ആവശ്യമാണെന്ന് പറയുന്നത് എന്തുകൊണ്ട്?
വിശുദ്ധ വാരത്തിലേക്കും ഈസ്റ്ററിലേക്കും പ്രവേശിക്കാൻ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഒരുങ്ങുന്ന ഈ സാഹചര്യത്തിൽ, അനുരഞ്ജന കൂദാശയുടെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കേണ്ടത് അനിവാര്യമാണ്. ‘എനിക്ക് പ്രത്യേകിച്ച് തെറ്റുകളൊന്നുമില്ല’ എന്ന് കരുതി കുമ്പസാരത്തിൽ നിന്ന് വിട്ടുനിൽക്കുന്നവർ ഒരു ആത്മപരിശോധന നടത്തേണ്ട സമയംകൂടിയാണ് ഈ നോമ്പുകാലം.
തെറ്റുകൾ കാണാത്തതിന്റെ കാരണം
പലപ്പോഴും വലിയ പാപങ്ങൾ (കൊലപാതകം, മോഷണം തുടങ്ങിയവ) ചെയ്തിട്ടില്ല എന്ന വിശ്വാസത്തിൽ നമ്മൾ കുമ്പസാരം ഒഴിവാക്കാറുണ്ട്. എന്നാൽ, ദൈവത്തോടും സഹോദരങ്ങളോടും പുലർത്തേണ്ട സ്നേഹത്തിൽ നമുക്ക് സംഭവിക്കുന്ന വീഴ്ചകൾ തിരിച്ചറിയാൻ പലപ്പോഴും നമ്മൾ പരാജയപ്പെടുന്നു.
ഒഴിവാക്കലുകൾ പാപമാകുന്നത് എങ്ങനെ?
തിന്മ ചെയ്യുന്നത് മാത്രമല്ല, നന്മ ചെയ്യാൻ ലഭിക്കുന്ന അവസരങ്ങൾ ബോധപൂർവം ഒഴിവാക്കുന്നതും പാപമാണെന്ന് സഭ പഠിപ്പിക്കുന്നു. ഒരു പുഞ്ചിരി നൽകേണ്ടിടത്ത് മുഖം തിരിക്കുന്നതും, സഹായിക്കാൻ കഴിയുന്നിടത്ത് മടിച്ചുനിൽക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. അസൂയ, പരദൂഷണം, അലസത, മറ്റുള്ളവരെ വിധിക്കാനുള്ള പ്രവണത എന്നിവ നമ്മുടെ ആത്മീയ ജീവിതത്തെ സാവധാനം തളർത്തുന്നവയാണ്. ഇവയെ നിസ്സാരമായി കാണാതെ ദൈവത്തോട് ക്ഷമ ചോദിക്കേണ്ടത് അത്യാവശ്യമാണ്.
നിയമങ്ങൾ ലംഘിച്ചോ എന്ന് നോക്കുന്നതിന് പകരം, “ഞാൻ എത്രത്തോളം സ്നേഹിച്ചു?” എന്ന ചോദ്യമാണ് ആത്മപരിശോധനയിൽ ഉണ്ടാകേണ്ടത്. ലെയോ പതിനാലാമൻ മാർപാപ്പ പലപ്പോഴും ഓർമ്മിപ്പിക്കാറുള്ളതുപോലെ, ദൈവം നമ്മെ കാത്തിരിക്കുന്നത് ശിക്ഷിക്കാനല്ല, മറിച്ച് ആലിംഗനം ചെയ്യാനാണ്.
കുമ്പസാരം എന്നത് ഒരു ‘ശിക്ഷാ നടപടി’ അല്ല, മറിച്ച് അത് ആത്മാവിനുള്ള ഒരു ‘ഔഷധം’ ആണ്. വിശുദ്ധ വാരത്തിലെ തിരക്കർമ്മങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ഹൃദയശുദ്ധി വരുത്തുന്നത് ഈസ്റ്ററിന്റെ സന്തോഷം പൂർണ്ണമായി അനുഭവിക്കാൻ നമ്മെ സഹായിക്കും.
കടപ്പാട് ലൈഫ് ഡേ