കുരിശു ചുമക്കുന്ന ക്രിസ്തുവിന്റെ കറുത്ത തടി പ്രതിമ, ഇന്ന് കറുത്ത നസ്രായന്റെ തിരുനാൾ 
 

 
222

ഏഷ്യയിലെ ഏക കത്തോലിക്ക രാജ്യമായ ഫിലിപ്പിൻസിലെ കത്തോലിക്കാ വിശ്വാസത്തിന്റെ അടയാളമാണ് ‘കറുത്ത നസ്രായൻ’ (The Black Nazrane) എന്ന പേരിൽ പ്രസിദ്ധമായ ക്രിസ്തു പ്രതിമ. ഫിലിപ്പിൻസിന്റെ തലസ്ഥാനമായ മനിലയിലെ കിയാപ്പോയിലെ (Quiapo) കറുത്ത നസ്രായന്റെ ബസിലിക്കായിൽ (Basilica of the Black Nazrane) പ്രതിഷ്ഠിച്ചിരിക്കുന്ന കുരിശേന്തിയ യേശുവിന്റെ രൂപമാണ് കറുത്ത നസ്രായൻ.

പതിനാറാം നൂറ്റാണ്ടിൽ മെക്സിക്കോയിൽ അജ്ഞാതനായ ഒരു ശിൽപിയാണ് ഒരു ഇരുണ്ട തടിയിൽ ഈ പ്രതിമ കൊത്തിയെടുത്തത്. രൂപത്തിന്റെ ശിരസ്സിൽ അബാക്ക ചെടിയുടെ നാരു കൊണ്ട് നിർമിച്ച തലമുടിയുണ്ട്. അതോടൊപ്പം സ്വർണ്ണം കൊണ്ടുള്ള ഒരു മുൾക്കിരീടവമുണ്ട്. കിരീടത്തിൽ പരിശുദ്ധ ത്രിത്വത്തെ സൂചിപ്പിക്കാൻ മൂന്നു രശ്മികൾ ഉണ്ട്. (ക്രിസ്തീയ കലയിൽ, ക്രിസ്തുവിന്റെ ശിരസ്സിൽ നിന്നു നിർഗളിക്കുന്ന മൂന്നു രശ്മികളെ Tres Potencias അഥവാ Three Powers എന്നാണ്  വിളിക്കുക. പരിശുദ്ധ ത്രിത്വത്തില മൂന്നു ഗുണങ്ങളെയാണ് ഇത് സൂചിപ്പിക്കുക
സൃഷ്ടിക്കു കാരണഭൂതനായ പിതാവ്, രക്ഷകനായ പുത്രൻ, പവിത്രീകരിക്കുന്ന പരിശുദ്ധാത്മാവ്).

1606 ൽ അഗസ്തീനിയൻ മിഷനറിമാരാണ് മെക്സിക്കോയിൽനിന്ന് ഈ രൂപം ഫിലിപ്പിൻസിൽ കൊണ്ടുവരുന്നത്. ഈ രൂപത്തിന്റെ യഥാർഥ നിറം വെളുത്തതായിരുന്നു. ഫിലിപ്പിൻസിലേക്കുള്ള യാത്രയിൽ കപ്പലിലുണ്ടായ അഗ്നിബാധയെ തുടർന്നാണ് ഈ രൂപം കറുത്തത് എന്നും ഒരു പാരമ്പര്യമുണ്ട്. 1650 ൽ പത്താം ഇന്നസെന്റ് പാപ്പ ഫിലിപ്പിയിനികളുടെ കറുത്ത നസ്രായനോടുള്ള ഭക്തി ഒരു പേപ്പൽ ബൂളയിലൂടെ ഔദ്യോഗികമായി അംഗീകരിച്ചു.

16-ാം നൂറ്റാണ്ടിൽ കറുത്ത നസ്രായൻ ഫിലിപ്പിൻസിൽ എത്തിയതുമുതൽ ഫിലിപ്പിയിനികളുടെ പരുപരുത്ത ജീവിത യാഥാർഥ്യങ്ങളിൽ എന്നും ആശ്രയവും ആശ്വാസവുമാണ് ഈ കറുത്ത നസ്രായൻ. എല്ലാ വർഷവും മൂന്നു പ്രാവശ്യം ഈ രൂപം പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കുന്നു. ഒന്നാമത്, പുതുവർഷാരംഭത്തിൽ, രണ്ടാമത് ജനുവരി 9, മൂന്നാമത് ദുഃഖവെള്ളിയാഴ്ച.

ആദ്യനാളുകളിൽ മനിലയിലെ വിവിധ ദൈവാലയങ്ങളിൽ ഈ തിരുസ്വരൂപം മാറിമാറി പ്രതിഷ്ഠിച്ചിരുന്നു. 1787 ൽ കിയാപ്പോ ദൈവാലയം (Quiapo Church) കറുത്ത നസ്രായന്റെ പ്രതിഷ്ഠാസ്ഥലമായി. 2006 ൽ കറുത്ത നസ്രായൻ ഫിലിപ്പിയൻസിൽ എത്തിയതിന്റെ നാനൂറാം വാർഷികമായിരുന്നു.

എല്ലാ വർഷവും ജനുവരി ഒൻപതിന് കറുത്ത നസ്രായനുമായി മനിലയിലെ ക്വിയാപോ (Quiapo) തെരുവുകളിലൂടെ പ്രദിക്ഷണം നടത്തുന്നു. ഇതിന് സാക്ഷ്യം വഹിക്കാൻ ദശലക്ഷക്കണക്കിന് വിശ്വാസികൾ മനിലയിലെത്താറുണ്ട്. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ നസ്രായൻ പ്രദക്ഷിണം നടന്നത് 2012 ലെ 22 മണിക്കൂർ നീണ്ടുനിന്ന പ്രദിക്ഷണമാണ്.

ഫാ. ജയ്സൺ കുന്നേൽ MCBS

കടപ്പാട് ലൈഫ് ഡേ
 

Tags

Share this story

From Around the Web