കന്യാമറിയത്തിന് സമർപ്പിച്ചിരിക്കുന്ന 12 പൂക്കളും അവയുടെ അർഥവും
കത്തോലിക്കാ പാരമ്പര്യത്തിൽ നിരവധി പൂക്കൾ പരിശുദ്ധ കന്യകാമറിയത്തെ പ്രതിനിധീകരിക്കുന്നു എന്ന കാര്യം പലർക്കും അജ്ഞാതമായിരിക്കാം. നമ്മുടെ പൂന്തോട്ടത്തിലെ ഓരോ ചെടിയും മാതാവിനോടുള്ള മനോഹരമായ ഒരു ആദരവായി മാറ്റാൻ സാധിക്കും. മറിയത്തെ ആദരിക്കാനുള്ള ഏറ്റവും സവിശേഷവും ലളിതവുമായ മാർഗങ്ങളിൽ ഒന്നാണിത്.
മറിയവുമായി ബന്ധപ്പെട്ട ഓരോ പുഷ്പവും അവളുടെ ജീവിതത്തിന്റെയും വ്യക്തിത്വത്തിന്റെയും വ്യത്യസ്ത വശങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. അവളുടെ വിശുദ്ധി, വിനയം, മാതൃസ്നേഹം, സ്വർഗീയ മഹത്വം എന്നിവയെല്ലാം ഈ പൂക്കളുടെ പ്രതീകാത്മകതയിലൂടെ വെളിപ്പെടുന്നു. പ്രകൃതിയുടെ ഈ വരദാനങ്ങൾ ദൈവത്തോടുള്ള മറിയത്തിന്റെ അടുപ്പത്തിന്റെയും തന്റെ മക്കൾക്കായി അവൾ നടത്തുന്ന മധ്യസ്ഥതയുടെയും ചെറിയ ഓർമ്മപ്പെടുത്തലുകളായി നിലകൊള്ളുന്നു.
ഈ പൂക്കളുടെ പ്രതീകാത്മകത മനസ്സിലാക്കുന്നത് നമ്മുടെ അമ്മയുടെ മാധ്യസ്ഥത്തിലേക്ക് തിരിയേണ്ടതിന്റെ പ്രാധാന്യം നമ്മെ ഓർമ്മിപ്പിക്കുന്നു. മാത്രമല്ല, വിശ്വാസം പകർന്നുനൽകുന്നതിനും സുവിശേഷവൽക്കരണത്തിനുമുള്ള മനോഹരമായ ഒരു ഉപകരണമായി ഇത്തരമൊരു മരിയൻ പൂന്തോട്ടമായി ഉപയോഗിക്കാൻ നമുക്ക് സാധിക്കും. നമ്മുടെ ചുറ്റുപാടുകളെ മനോഹരമാക്കുന്നതിനൊപ്പം അത് നമ്മുടെ ആത്മീയ ജീവിതത്തെ കൂടുതൽ ആഴമുള്ളതാക്കുകയും ചെയ്യുന്നു.
റോസ്: മേരിയെ പലപ്പോഴും ‘മിസ്റ്റിക്കൽ റോസ്’ എന്ന് വിളിക്കാറുണ്ട്.
ഈ പുഷ്പം ജപമാലയെ സൂചിപ്പിക്കുന്നു. വ്യത്യസ്ത നിറങ്ങളിലുള്ള റോസാപ്പൂക്കൾ മറിയത്തിന്റെ വിശുദ്ധി, സ്നേഹം, വേദന എന്നിവയെ പ്രതീകപ്പെടുത്തുന്നു. വെളുത്ത റോസാപ്പൂക്കൾ അവളുടെ സന്തോഷങ്ങളെയും, ചുവപ്പ് അവളുടെ ദുഃഖങ്ങളെയും, മഞ്ഞ അവളുടെ മഹത്വങ്ങളെയും പ്രതിനിധീകരിക്കുന്നു.
ലില്ലി: മറിയത്തിന്റെ പരിശുദ്ധിയെയും കുറ്റമറ്റ ഗർഭധാരണത്തെയും പ്രതിനിധീകരിക്കുന്നു.
പ്രഖ്യാപനത്തിന്റെ ചിത്രീകരണങ്ങളിൽ, പ്രധാന ദൂതൻ ഗബ്രിയേൽ പലപ്പോഴും മറിയത്തിനു ലില്ലിപ്പൂക്കൾ അർപ്പിക്കുന്നത് കാണാം. ഈ പുഷ്പം അവളുടെ പവിത്ര ഭർത്താവായ വിശുദ്ധ ജോസഫിനെയും പ്രതീകപ്പെടുത്തുന്നു.
കലണ്ടുല: ‘മറിയത്തിന്റെ സ്വർണ്ണം’ അവളുടെ രാജകീയതയെ പ്രതീകപ്പെടുത്തുന്നു.
ഇത് അവളുടെ രാജകീയതയുടെയും സ്വർഗീയ മഹത്വത്തിന്റെയും പ്രതീകമാണ്. തീവ്രമായ സ്വർണ്ണ, ഓറഞ്ച് നിറങ്ങൾ സ്വർഗരാജ്ഞി എന്ന നിലയിൽ അവളുടെ മഹത്വത്തെ പ്രതിനിധീകരിക്കുന്നു.
മോണിംഗ് ഗ്ലോറി: സാധാരണയായി “മറിയത്തിന്റെ അങ്കി” എന്ന് വിളിക്കപ്പെടുന്നു.
ഇത് മറിയത്തെ പുതിയ ഹവ്വായായും രക്ഷയുടെ പ്രഭാതമായും പ്രതീകപ്പെടുത്തുന്നു. ഈ പുഷ്പം ഒരു മേലങ്കി വിടരുന്നത് പോലെ പ്രഭാതവെളിച്ചത്തോടെ വിരിയുന്നു.
ഐറിസ്: ഏഴ് ദുഃഖങ്ങളുടെ മാതാവിനെ പ്രതിനിധീകരിക്കുന്നു.
അതിന്റെ കൂർത്ത ഇലകൾ മറിയയുടെ ഹൃദയത്തിൽ തുളച്ചുകയറിയ ഏഴ് വാളുകളെ പ്രതീകപ്പെടുത്തുന്നു.
അക്വിലീജിയ (കൊളംബൈൻ): ഇംഗ്ലീഷിൽ ‘ഔർ ലേഡീസ് സ്ലിപ്പർ’
ഐതിഹ്യം അനുസരിച്ച്, വിശുദ്ധ എലിസബത്തിലേക്കുള്ള യാത്രയിൽ അവൾ കാലുകൾ വച്ച സ്ഥലത്താണ് ഈ പുഷ്പം മുളച്ചത്. ക്രിസ്തീയ കലയിലെ മേരിയുടെ പരമ്പരാഗത മേലങ്കിയെയും നീല നിറം ഓർമ്മിപ്പിക്കുന്നു.
താഴ്‌വരയിലെ ലില്ലി: ‘കന്യകയുടെ കണ്ണുനീർ’ എന്നും അറിയപ്പെടുന്നു.
ഐതിഹ്യം അനുസരിച്ച്, യേശുവിന്റെ കുരിശുമരണ സമയത്ത് കുരിശിന്റെ ചുവട്ടിൽ അവന്റെ കണ്ണുനീർ വീണ സ്ഥലത്താണ് ഈ പുഷ്പം മുളച്ചത്. നിലത്തോട് ചേർന്ന് വളരുന്നതിനാൽ ഇത് മറിയത്തിന്റെ എളിമയെയും പ്രതിനിധീകരിക്കുന്നു.
ജിപ്‌സോഫില: പലപ്പോഴും മറിയത്തിന്റെ മൂടുപടവുമായി ബന്ധപ്പെട്ടിരിക്കുന്നു
അതിലെ സൂക്ഷ്മമായ പൂക്കൾ അവളുടെ മാധുര്യത്തെയും സൗമ്യതയെയും പ്രതീകപ്പെടുത്തുന്നു. അവ മറിയയുടെ നിഷ്കളങ്കതയെയും വിശുദ്ധിയെയും പ്രതിനിധീകരിക്കുന്നു.
ടുലിപ്: “കൃപ നിറഞ്ഞ” മറിയത്തിന്റെ ആത്മാവ്
ഒരു പാത്രം പോലെ മുകളിലേക്ക് ചൂണ്ടുന്ന ഈ പുഷ്പത്തിന്റെ കപ്പിന്റെ ആകൃതി, മറിയയുടെ കൃപ നിറഞ്ഞ ശുദ്ധമായ ആത്മാവിനെ പ്രതിനിധീകരിക്കുന്നു.
വയലറ്റ: മേരിയുടെ വിനയവും എളിമയും
ഐതിഹ്യം അനുസരിച്ച്, “ഇതാ, ഞാൻ കർത്താവിന്റെ ദാസിയാണ്” എന്ന് അവൾ പറഞ്ഞപ്പോൾ അവളുടെ ജനാലയ്ക്ക് പുറത്ത് വയലറ്റ് പൂക്കൾ മുളച്ചു. നിലത്തോട് ചേർന്ന് വളരുന്ന വയലറ്റ്, അവളുടെ നിശബ്ദവും മറഞ്ഞിരിക്കുന്നതുമായ സേവന ജീവിതത്തെ പ്രതീകപ്പെടുത്തുന്നു.
റോസ്മേരി: “മേരിയുടെ റോസ്” എന്നറിയപ്പെടുന്നു
മേരി ഒരു റോസ്മേരി ചെടിയിൽ കുഞ്ഞ് യേശുവിന്റെ വസ്ത്രങ്ങൾ ഉണക്കാൻ വച്ചപ്പോൾ ചെറിയ വെളുത്ത പൂക്കൾ നീലയായി മാറിയെന്ന ഐതിഹ്യമുണ്ട്.
പെറ്റൂണിയ: “മറിയത്തിന്റെ സ്തോത്രഗീതവുമായി” ബന്ധപ്പെട്ടിരിക്കുന്നു.
കന്യകയോടൊപ്പവും അതിലൂടെയും ദൈവത്തിന് അർപ്പിക്കുന്ന സന്തോഷകരമായ സ്തുതിയുടെയും ഗാനത്തിന്റെയും ചിത്രമായാണ് കാഹളത്തിന്റെ ആകൃതിയിലുള്ള പൂക്കൾ കാണപ്പെടുന്നത്.
കടപ്പാട്- ലൈഫ് ഡേ