പശ്ചിമ ബംഗാളില്‍ വൈദികന് അന്ത്യശാസനം; പ്രദേശം വിട്ടുപോകണമെന്ന് തീവ്ര ഹിന്ദുത്വവാദികളുടെ ഭീഷണി

 
priest


കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ക്രൈസ്തവ മിഷ്ണറിമാര്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ഭീഷണി തുടരുന്നു. 

ഓഗസ്റ്റ് 1ന്, നസാത്തിലെ സെന്റ് ക്ലാരറ്റ്‌സ് 'ക്ലാരറ്റ് പ്രേമലോയ്' (സ്‌നേഹഭവനം) എന്ന സ്ഥാപനത്തില്‍ ഇരച്ചെത്തിയ സംഘം പ്രദേശം വിട്ടുപോകാന്‍ വൈദികന് ഏഴ് ദിവസത്തെ അന്ത്യശാസനം നല്‍കികൊണ്ടുള്ള ഭീഷണി മുഴക്കി. കാവിവസ്ത്ര ധാരിയായ ഒരാളുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്.

 പ്രദേശം വിട്ടുപോകണമെന്നും അല്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന ഭീഷണിയും ഇവര്‍ മുഴക്കിയതായി ബരുയിപൂര്‍ രൂപതയ്ക്ക് കീഴിലുള്ള സ്‌നേഹഭവനം സ്ഥാപനത്തിന്റെ ചുമതലയുള്ള ഫാ. അനുജ് ഹെംബ്രോം പറഞ്ഞു.


ഞങ്ങള്‍ എന്തിനാണ് ഇവിടെയുള്ളതെന്നുള്ള ചോദ്യമുയര്‍ത്തിയ ഇവര്‍, സ്ഥലം വിട്ടില്ലെങ്കില്‍ ഏഴ് ദിവസത്തിനുള്ളില്‍ തിരിച്ചുവന്ന് മിഷന്‍ കെട്ടിടം പുറത്തുനിന്ന് പൂട്ടിയിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി വൈദികന്‍ പറഞ്ഞു.

 കൈവശം ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, മടങ്ങുന്നതിന് മുന്‍പ് കെട്ടിടങ്ങളുടെ വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെയും ചിത്രങ്ങള്‍ പകര്‍ത്തിയത് ആശങ്കയുളവാക്കിയിരിക്കുകയാണ്.

 'അമേരിക്കയിലേക്കോ ന്യൂസിലന്‍ഡിലേക്കോ പോകൂ!' എന്നു അക്രമികള്‍ ആക്രോശിച്ചതായും വൈദികന്‍ വെളിപ്പെടുത്തി.

അതേസമയം സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് ആദ്യഘട്ടത്തില്‍ നിസംഗത പാലിക്കുകയാണ് ചെയ്തത്. 

പോലീസിനോട് അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിച്ചുവെങ്കിലും ആദ്യമണിക്കൂറില്‍ വൈദികനെയും ആരാധനാലയത്തെയും സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നും പിന്നീട് സംസ്ഥാനത്തെ പ്രധാന ക്രിസ്ത്യന്‍ സംഘടനയുടെ ഇടപെടലിലാണ്, അടിയന്തര നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പശ്ചിമ ബംഗാളില്‍ ക്രൈസ്തവരെയും വൈദികരെയും ലക്ഷ്യമിട്ട് ആക്രമണങ്ങളും ഭീഷണികളും പതിവായി മാറുകയാണ്.


കഴിഞ്ഞ മാസം പശ്ചിമ ബംഗാളില്‍ നിര്‍മ്മാണത്തിലിരുന്ന ക്രൈസ്തവ ദേവാലയത്തിന് നേരെ തീവ്രഹിന്ദുത്വവാദികളുടെ ആക്രമണം അരങ്ങേറിയിരിന്നു. 

കൊല്‍ക്കത്തയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സോനാര്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സുഭാഷ്ഗ്രാമില്‍ നിര്‍മ്മാണത്തിലിരിന്ന ക്രൈസ്തവ ആരാധനാലയമാണ് 'ഹിന്ദു ജാഗരണ്‍ മഞ്ച്' പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചു ആക്രമിച്ചത്. 

കുരിശ് തകര്‍ത്തപ്പോള്‍ താഴെ നിന്ന തീവ്രഹിന്ദുത്വവാദികള്‍ കരഘോഷം മുഴക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരിന്നു. 

ഒരു മാസം തികയും മുന്‍പാണ് ബംഗാളില്‍ വൈദികനെ ഭീഷണിപ്പെടുത്തിയുള്ള അടുത്ത സംഭവം.

Tags

Share this story

From Around the Web