നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ മരണം, ശരീരത്തിൽ സിഗരറ്റ് പൊള്ളിച്ച പാടുകൾ, മർദനം അമ്മയുടെ സാന്നിധ്യത്തിൽ
നെടുമങ്ങാട്: നെടുമങ്ങാട് ഒന്നരവയസ്സുകാരൻ അർഷിദിന്റെ ദാരുണാന്ത്യത്തിൽ പുറത്തുവരുന്നത് മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയുടെ വിവരങ്ങൾ. കുഞ്ഞിന്റെ ശരീരമാസകലം സിഗരറ്റ് കൊണ്ട് പൊള്ളിച്ചതിന്റെ പാടുകൾ കണ്ടെത്തി. വയറ്റിലും തുടയിലും സിഗരറ്റ് കൊണ്ട് പലതവണ പൊള്ളലേൽപ്പിക്കുകയും, കാൽവിരലുകളുടെ അടിഭാഗം പൊള്ളി അടർന്ന നിലയിലുമാണെന്ന് ഇൻക്വസ്റ്റിലും പോസ്റ്റ്‌മോർട്ടത്തിലും വ്യക്തമായി.
കുഞ്ഞിനെ അഷ്‌കർ ക്രൂരമായി മർദിച്ചിരുന്നത് അമ്മ അഖിലയുടെ സാന്നിധ്യത്തിലാണെന്ന ഞെട്ടിക്കുന്ന മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്. താൻ മർദനത്തിന് ദൃക്സാക്ഷിയാണെന്ന് അഖില കുറ്റസമ്മതം നടത്തി. സ്വന്തം കുഞ്ഞായി നോക്കിക്കോളാം എന്ന ഉറപ്പ് നൽകിയാണ് അഷ്‌കർ അഖിലയെയും കുഞ്ഞിനെയും ഒപ്പം താമസിപ്പിച്ചിരുന്നത്.
തലയ്ക്കു പിന്നിലേറ്റ ശക്തമായ ക്ഷതത്തെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം. ശരീരത്തിലെ ആന്തരിക അവയവങ്ങൾക്കുപോലും ഗുരുതരമായ പരുക്കുകൾ ഏറ്റിട്ടുണ്ട്. മരിക്കുന്നതിന് തൊട്ടുമുമ്പും കുഞ്ഞ് ക്രൂരമായ മർദനത്തിന് ഇരയായിട്ടുണ്ടെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഭക്ഷണം നൽകുന്നതിനിടെ തൊണ്ടയിൽ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് ആദ്യം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇവർ പറഞ്ഞിരുന്നത്. എന്നാൽ, കുട്ടിയുടെ ശരീരത്തിലെ പരിക്കുകൾ കണ്ട് സംശയം തോന്നിയ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊലപാതകത്തിന്റെ വ്യാപ്തി പുറത്തറിയുന്നത്.
ഈ സംഭവത്തിൽ അമ്മ അഖിലയെയും പങ്കാളി അഷ്‌കറിനെയും പോലീസ് കഴിഞ്ഞദിവസം രാത്രിയോടെ അറസ്റ്റ് ചെയ്തു. ഇവരെ കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങാനുമുള്ള നടപടികളിലേക്ക് നെടുമങ്ങാട് പോലീസ് കടന്നു. സംഭവം പുറത്തറിഞ്ഞതോടെ പ്രദേശവാസികളും ബന്ധുക്കളും വലിയ ഞെട്ടലിലും പ്രതിഷേധത്തിലുമാണ്.