സഭകളുടെ അധികാരം കവരാൻ നീക്കം? ദേശീയ ക്രിസ്ത്യൻ ക്ഷേമബോർഡ് രൂപവത്കരണത്തിൽ കേന്ദ്രം; പ്രതിഷേധം
കൊല്ലം: വിദേശ സംഭാവന നിയന്ത്രണ നിയമത്തിന് (എഫ്.സി.ആർ.എ) പിന്നാലെ ദേശീയതലത്തിൽ 'ക്രിസ്ത്യൻ ക്ഷേമബോർഡ്' രൂപവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം വലിയ രാഷ്ട്രീയ-സഭാ തർക്കങ്ങൾക്ക് വഴിമരുന്നിടുന്നു. ക്രൈസ്തവർക്ക് സൂക്ഷ്മ ന്യൂനപക്ഷ പദവി നൽകാനെന്ന പേരിലാണ് നീക്കമെങ്കിലും, സഭകളുടെ സ്വത്തവകാശത്തിലും കാനോൻ നിയമങ്ങളിലും കടന്നുകയറാനുള്ള ശ്രമമാണിതെന്ന് ഒരുവിഭാഗം വിശ്വാസികളും സഭാ നേതൃത്വവും ആരോപിക്കുന്നു.
എഫ്.സി.ആർ.എ. നിയമം ലംഘിക്കുന്ന സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാനും അവ പുതുതായി രൂപവത്കരിക്കുന്ന ബോർഡിന് കീഴിലാക്കാനുമാണ് സർക്കാർ ആലോചിക്കുന്നത്. ലൈസൻസ് റദ്ദാക്കപ്പെടുന്ന സംഘടനകളുടെ വിദേശ ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച കെട്ടിടങ്ങളും വസ്തുവകകളും ഏറ്റെടുക്കാൻ ബോർഡിന് അധികാരമുണ്ടായിരിക്കും. സംസ്ഥാന സർക്കാർ പ്രതിനിധികളടക്കം ഉൾപ്പെടുന്ന അർദ്ധ ജുഡീഷ്യൽ അധികാരമുള്ള ബോർഡാണ് കേന്ദ്രം വിഭാവനം ചെയ്യുന്നത്.
കേന്ദ്ര നീക്കത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി രംഗത്തെത്തി. ക്രൈസ്തവ സഭകളുടെ സ്വയംഭരണാധികാരത്തെ തകർക്കാനുള്ള നീക്കമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കാനോൻ നിയമപ്രകാരം പ്രവർത്തിക്കുന്ന സഭകളുടെ അധികാരങ്ങൾ കവർന്നെടുക്കാനുള്ള 'സുനാമി'യായിരിക്കും ഈ ബോർഡെന്ന് അദ്ദേഹം പറഞ്ഞു.
സംഘപരിവാർ അനുകൂല എൻ.ജി.ഒകൾ വഴി വിവരശേഖരണം നടത്തി സർക്കാരിന് റിപ്പോർട്ട് നൽകാനാണ് നിലവിലെ നീക്കം. എന്നാൽ സഭാ സ്വത്തുക്കളിലും ആചാരങ്ങളിലും സർക്കാർ നിയന്ത്രണം വരുന്നത് സഭകളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന ആശങ്കയിൽ ക്രൈസ്തവ സംഘടനകൾ പ്രതിഷേധത്തിനൊരുങ്ങുകയാണ്.