പ്രവാസികള്‍ സഭാമക്കളാണെന്നും അവര്‍ക്കു സഭയുടെ വിശ്വാസ പരിശീലനം ലഭിക്കേണ്ടതു സഭയുടെ ദൗത്യമാണെന്നും മാര്‍ ജോസഫ് പെരുന്തോട്ടം

 
marjoseph perumthottam


ചങ്ങനാശേരി: പ്രവാസികള്‍ സഭാമക്കളാണെന്നും അവര്‍ക്ക് സഭയുടെ വിശ്വാസ പരിശീലനം ലഭിക്കേണ്ടത് സഭയുടെ ദൗത്യമാണെന്നും മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത. ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പസ്തലേറ്റിന്റെ പത്താമത് വാര്‍ഷികവും പ്രവാസി സംഗമവും ചങ്ങനാശേരി സെന്റ് മേരീസ് കത്തിഡ്രലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. 

മാതൃസഭയുടെ കൂട്ടായ്മയുടെ ഭാഗമാകണമെന്നും, സ്വന്തം സഭയെക്കുറിച്ച് അഭിമാനമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രവാസികളിലൂടെയാണ് സഭയും സമൂഹവും വളര്‍ന്നതെന്നും, നാടിന്റെ വളര്‍ച്ചക്ക് പ്രവാസികളുടെ സംഭാവന വലുതാണെന്നും അദ്ദേഹം പറഞ്ഞു.


സെന്‍ട്രല്‍ കോഡിനേറ്റര്‍ സിബി വാണിയപ്പുരക്കല്‍, ജിസിസി കോഡിനേറ്റര്‍ ബിജു മട്ടാഞ്ചേരി,   അഡ്വ.ജോബ് മൈക്കിള്‍ എം.എല്‍.എ, വികാരി ജനറാളന്‍മാരായ മോണ്‍. മാത്യു ചങ്ങങ്കരി, മോണ്‍. ആന്റണി എത്തക്കാട്, ചങ്ങനാശേരി ദേവമതാ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ബ്രിജി എഫ്.സി.സി, പ്രവാസി അപ്പസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിജോ മാറാട്ടുകളം, ഗ്ലോബല്‍ കോഡിനേറ്റര്‍ ജോ കാവാലം, സാം ആന്റോ പുത്തന്‍കളം എന്നിവര്‍ പ്രസംഗിച്ചു.


ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ പ്രവാസി അപ്പസ്തോലേറ്റിന്റെ പതാക ഉയര്‍ത്തി. സൗദി ചാപ്റ്റര്‍ അംഗങ്ങളും പാറേല്‍ കൊയര്‍ ടീമും ചേര്‍ന്ന് പ്രവാസി അപ്പസ്തോലേറ്റ് ആന്തം ആലപിച്ചു. 

സമൂഹത്തില്‍ ക്രിയാത്മകമായ സേവനങ്ങള്‍ ചെയ്ത 13 പ്രവാസികളെയും, കഴിഞ്ഞ വര്‍ഷം പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ പ്രവാസികളുടെ മക്കളെയും പുരസ്‌കാരം നല്‍കി മാര്‍ തോമസ് തറയില്‍ ആദരിച്ചു. 

തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടിയും, 2025 ജൂബിലി സന്ദേശം നല്‍കുന്ന യു.എ.ഇ ചാപ്റ്റര്‍ അവതരിപ്പിക്കുന്ന ലഘുനാടകം 'പ്രത്യാശയുടെ ദൂത്' നടത്തി.  

Tags

Share this story

From Around the Web