വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കൊലപാതകിയെ പ്രാർഥിച്ച് മാനസാന്തരപ്പെടുത്തിയ കൊച്ചുത്രേസ്യ

 
KOCHUTHRESYA

മഠത്തിൽ പ്രവേശിക്കുന്നതിനുമുമ്പ്, കൊച്ചുത്രേസ്യാ ഒരു വ്യക്തിയെ പ്രാർഥിച്ച് മാനസാന്തരപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തെതുടർന്ന് വധശിക്ഷയ്ക്കു  വിധിക്കപ്പെട്ട ഹെൻറി പ്രാൻസിനി എന്ന യുവാവിനെ പ്രാർഥനകൊണ്ട് മാനസാന്തരപ്പെടുത്താൻ ഈ കൊച്ചുവിശുദ്ധയ്ക്കു കഴിഞ്ഞു. തെരേസയ്ക്ക് പതിനാലു വയസ്സുള്ളപ്പോഴാണ് ഈ സംഭവം നടന്നത്.

തെരേസാ, കോൺവെന്റിൽ പ്രവേശിക്കുന്നതിനുമുമ്പ് ഒരു പെൺകുട്ടി ഉൾപ്പെടെ മൂന്നുസ്ത്രീകളെ കൊന്ന ഹെൻട്രി പ്രാൻസിനിയുടെ കേസ് അവൾക്ക് അറിയാമായിരുന്നു. അയാൾ വധശിക്ഷ അർഹിക്കുന്ന കുറ്റമാണ് ചെയ്തത്. 1887 മാർച്ചിൽ പാരീസിൽവച്ച് മേരി റെഗ്നോൾട്ട്, ആനെറ്റ് ഗ്രെമറെറ്റ്, മേരി ലൂയിസ് എന്നിവരെ പ്രാൻസിനി കൊലപ്പെടുത്തി. ആ കൊലപാതകി, കുറ്റസമ്മതം നടത്തുകയോ, ചെയ്ത തെറ്റിനെക്കുറിച്ച് മനസ്തപിക്കുകയോ ചെയ്തില്ല. അതിനാൽ തെരേസ അദ്ദേഹത്തിന്റെ മാനസാന്തരത്തിനായി പ്രാർഥിക്കാൻ തുടങ്ങി.

വധിക്കപ്പെടേണ്ട ദിവസം, പ്രാൻസിനി തൂക്കുകയറിലേക്ക് തലവയ്ക്കാൻ തുടങ്ങുന്നതിനുമുമ്പ് ഒരുനിമിഷം നിന്നു. ഒരു പ്രചോദനം ലഭിച്ചാലെന്നപോലെ അവൻ തിരിഞ്ഞു, അടുത്തുനിന്ന പുരോഹിതൻ അദ്ദേഹത്തിനു സമ്മാനിച്ച ക്രൂശിതരൂപം കൈകളിലെടുത്ത് മൂന്നുതവണ ചുംബിച്ചു. 99 നീതിമാന്മാരേക്കാൾ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗം കൂടുതൽ സന്തോഷിക്കും എന്ന വാക്കുകൾ യാഥാർഥ്യമായി. ദൈവത്തിന്റെ കരുണയെ അവസാന നിമിഷം തിരിച്ചറിഞ്ഞ അദ്ദേഹത്തിന്റെ ആത്മാവ് സമാധാനത്തോടെ ഈ ലോകത്തിൽനിന്നും യാത്രയായി. കുരിശിൽ ചുംബിച്ചത് അദ്ദേഹം ദൈവത്തോട് ക്ഷമ ചോദിച്ചതിന്റെ അടയാളമായിട്ടാണ് കൊച്ചുത്രേസ്യ വെളിപ്പെടുത്തിയിരിക്കുന്നത്.

ആരെയും തള്ളിക്കളയാനോ, മാറ്റിനിർത്താനോ നമുക്ക് അവകാശമില്ലെന്ന് വി. കൊച്ചുത്രേസ്യയുടെ മാതൃക നമ്മെ പഠിപ്പിക്കുന്നു. ലോകത്തിന്റെ ദൃഷ്‌ടിയിൽ തെറ്റുകാരനാണെങ്കിലും ദൈവത്തിന്റെ മുൻപിൽ അനുതാപമുള്ള മനസ്സോടെ അണയുന്ന ഒരാൾ കൂടുതൽ വിലയുള്ളവനാണ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

കടപ്പാട് ലൈഫ് ഡേ
 

Tags

Share this story

From Around the Web