വിശുദ്ധരുടെ ജീവിതം മാതൃകയാക്കാം: കുട്ടികളെ വിശ്വാസവഴിയിൽ നയിക്കാൻ ചില എളുപ്പവഴികൾ

 
SAINT

കത്തോലിക്കാ സഭയുടെ ആത്മീയ സമ്പന്നതയുടെ രഹസ്യം വിശുദ്ധരുടെ ജീവിതകഥകളിലാണെന്ന് പറയാം. ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചവർ, സമ്പത്തും പദവികളും ഉപേക്ഷിച്ചവർ, ലളിത ജീവിതം നയിച്ചവർ എന്നിങ്ങനെ വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിശുദ്ധർ നമുക്കുണ്ട്.

ഓരോ കാലഘട്ടത്തിനും സാഹചര്യത്തിനും അനുയോജ്യമായ മാതൃകകൾ വിശുദ്ധരുടെ നിരയിൽ കാണാൻ കഴിയും. വ്യത്യസ്തമായ ജീവിതരീതികളാണെങ്കിലും, ദൈവത്തെയും സഹജീവികളെയും പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുക എന്ന ലളിതമായ തത്വമാണ് അവരെയെല്ലാം ഒന്നിപ്പിക്കുന്നത്.

കുട്ടികൾക്ക് വിശുദ്ധരുടെ ജീവിതം പരിചയപ്പെടുത്തിക്കൊടുക്കുന്നത് അവരുടെ സ്വഭാവരൂപീകരണത്തിന് വലിയ ഗുണം ചെയ്യും. ഇതിനായി ഒരു ‘വിശുദ്ധ കലണ്ടർ’ പതിവായി പരിശോധിക്കുന്നത് നല്ലതാണ്. ഓരോ മാസത്തെയും വിശുദ്ധരെ ഒറ്റനോട്ടത്തിൽ കാണാൻ ഇത്തരം കലണ്ടറുകൾ സഹായിക്കും. നിങ്ങൾക്ക് വ്യക്തിപരമായി താൽപ്പര്യമുള്ളതോ കുട്ടികൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നതോ ആയ ഒരു വിശുദ്ധനെ ഓരോ ആഴ്ചയും തിരഞ്ഞെടുക്കുക. നമ്മുടെ ഉള്ളിലുള്ള ആവേശം കുട്ടികളിലേക്ക് പകർന്നുനൽകാൻ ഇത് സഹായിക്കും.

വിശുദ്ധരുടെ ജീവചരിത്രം പങ്കുവെക്കുമ്പോൾ വെറുമൊരു വായന എന്നതിലുപരി കഥപറച്ചിലിന്റെ രീതി അവലംബിക്കുക. ചിത്രകഥാ പുസ്തകങ്ങളോ ദൃശ്യമാധ്യമങ്ങളോ ഇതിനായി ഉപയോഗിക്കാം. കഥ പറഞ്ഞതിനുശേഷം, ആ വിശുദ്ധനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയത് എന്താണെന്ന് കുട്ടികളോട് ചോദിക്കുകയും അവരെ ചർച്ചകളിൽ പങ്കാളികളാക്കുകയും ചെയ്യുക.

ആശയങ്ങൾ വെറുതെ പറഞ്ഞു കൊടുക്കാതെ അവയെ പ്രായോഗികമായി അവതരിപ്പിക്കാൻ ശ്രമിക്കണം. വിശുദ്ധരുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, ആ കാലഘട്ടത്തിലെ വസ്ത്രങ്ങൾ, അല്ലെങ്കിൽ അവർക്ക് ഇഷ്ടപ്പെട്ട ഭക്ഷണം എന്നിവ ഉൾപ്പെടുത്തി കുട്ടികളുടെ ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കാം. ഉദാഹരണത്തിന്, വി. ജൊവാൻ ഓഫ് ആർക്കിനെക്കുറിച്ച് പഠിക്കുമ്പോൾ നൈറ്റ്‌സിന്റെ വേഷം ധരിക്കാൻ കുട്ടികൾക്ക് അവസരം നൽകുന്നത് ആ കഥയെ അവരുടെ മനസ്സിൽ ഉറപ്പിക്കാൻ സഹായിക്കും.

ഏറ്റവും പ്രധാനമായി, ഓരോ വിശുദ്ധനിൽ നിന്നും നമുക്ക് എന്ത് പഠിക്കാൻ കഴിയും എന്ന് ചിന്തിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. ധൈര്യം, കാരുണ്യം, ദരിദ്രസേവനം തുടങ്ങിയ ഗുണങ്ങൾ സ്വന്തം ജീവിതത്തിൽ എങ്ങനെ പ്രായോഗികമാക്കാം എന്ന് അവരെക്കൊണ്ട് ചിന്തിപ്പിക്കുക.

വിശുദ്ധരെ കേവലം ചരിത്രപുരുഷന്മാരായി കാണാതെ, ഇന്നും അനുകരിക്കാവുന്ന ജീവിതമാതൃകകളായി കുട്ടികൾക്ക് മുൻപിൽ അവതരിപ്പിക്കുക വഴി അവരിൽ ശക്തമായ ഒരു വിശ്വാസ അടിത്തറ പാകാൻ നമുക്ക് സാധിക്കും.

Tags

Share this story

From Around the Web