ജപമാല ചൊല്ലുമ്പോൾ ഉറങ്ങിപ്പോയാൽ എന്റെ കാവൽ മാലാഖ ജപമാല ചൊല്ലി തീർക്കുമോ?

 
japamala

ദൈവത്തിന് സ്തുതിയും ബഹുമാനവും നൽകാനാണ് മാലാഖമാർ ഉള്ളത്. “നിങ്ങൾ ജപമാല ചൊല്ലുമ്പോൾ ഉറങ്ങിപ്പോയാൽ, നിങ്ങളുടെ കാവൽ മാലാഖ അത് നിങ്ങൾക്കായി പൂർത്തിയാക്കും” എന്ന് വളരെ പ്രചാരമുള്ള ഒരു വിശ്വാസമുണ്ട്. നിങ്ങൾ ജപമാല ചൊല്ലാൻ തുടങ്ങുമ്പോൾ ഉറങ്ങാൻ സാധ്യതയുണ്ടെങ്കിൽ, തീർച്ചയായും ഇത് ആശ്വാസകരമായ ഒരു ചിന്തയാണ്. ഇത് സത്യമാണോ?

കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം അനുസരിച്ച്, “ആരംഭം മുതൽ മരണം വരെ, മനുഷ്യജീവിതം അവരുടെ (കാവൽ മാലാഖമാരുടെ) ജാഗ്രതയുള്ള പരിചരണത്താലും മധ്യസ്ഥതയാലും ചുറ്റപ്പെട്ടിരിക്കുന്നു. ‘ഓരോ വിശ്വാസിയുടെയും അരികിൽ ഒരു മാലാഖ സംരക്ഷകനും ഇടയനുമായി അവനെ ജീവിതത്തിലേക്ക് നയിക്കുന്നു.”

നമ്മുടെ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ നമ്മെ സംരക്ഷിക്കാനും കാത്തുസൂക്ഷിക്കാനും, നിത്യജീവനിലേക്ക് നയിക്കാനും നിയോഗിക്കപ്പെട്ട ദൈവത്തിന്റെ ദാസന്മാരും സന്ദേശവാഹകരുമാണ് കാവൽ മാലാഖമാർ എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. സ്വർഗ്ഗത്തിലേക്ക് നയിക്കുന്ന പാത നാം തിരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് അവരുടെ പ്രാഥമിക ദൗത്യം.

ആ പാതയിൽ നമ്മെ സഹായിക്കുന്ന ശക്തമായ ഒരു പ്രാർഥനയാണ് ജപമാല. വിശ്വാസത്തോടും സ്നേഹത്തോടും കൂടി പ്രാർഥിക്കുമ്പോൾ, ജപമാലയ്ക്ക് നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്താൻ കഴിയും. എന്നിരുന്നാലും, ചിലപ്പോൾ നമ്മൾ ജപമാല ചൊല്ലാൻ തുടങ്ങുന്ന സമയത്ത് (പ്രത്യേകിച്ച് ഉറങ്ങാൻ കിടക്കുമ്പോൾ) ഉറങ്ങിപ്പോകും. അപ്പോൾ നമ്മുടെ കാവൽ മാലാഖ നമ്മൾ നിർത്തിയിടത്ത് നിന്ന് വീണ്ടും തുടങ്ങുമോ?

നമ്മെ സ്വർഗത്തിലെത്തിക്കാൻ കാവൽ മാലാഖമാർ എന്തും ചെയ്യുമെന്നത് സത്യമാണെങ്കിലും, അവർ ഇപ്പോഴും സൃഷ്ടിക്കപ്പെട്ട ആത്മാക്കളാണ്. നമ്മൾ മനഃപൂർവ്വം വെളിപ്പെടുത്തുന്നില്ലെങ്കിൽ നമ്മുടെ ചിന്തകളെക്കുറിച്ച് അവർക്കറിയില്ല. നമ്മുടെ ചിന്തകളിലേക്ക് അവർക്ക് പ്രത്യേക പ്രവേശനം നൽകിയിട്ടില്ല. നമ്മുടെ മനസ്സിൽ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി അറിയാൻ ദൈവത്തിന് മാത്രമേ കഴിയൂ, കാരണം അവൻ നമ്മുടെയെല്ലാം സ്രഷ്ടാവും പരിപാലകനുമാണ്. തത്ഫലമായി, നമ്മുടെ കാവൽ മാലാഖ നമ്മുടെ ജപമാല പൂർത്തിയാക്കണമെന്ന് നാം ആഗ്രഹിക്കുന്നുവെങ്കിൽ, അത് ചെയ്യാൻ നാം അവനോട് ആവശ്യപ്പെടേണ്ടതുണ്ട്.

ദൈവത്തെ സ്തുതിച്ചും അനുഗ്രഹീത ദർശനം ആസ്വദിച്ചുമാണ് മാലാഖമാർ അവരുടെ ജീവിതം ചെലവഴിക്കുന്നത്. അതിനാൽ അവരുടെ പ്രാർഥനകളിൽ ജപമാല ചേർക്കുന്നത് ഒരു ഭാരമല്ല. വാസ്തവത്തിൽ, ഭൂമിയിൽ നമുക്ക് ചെയ്യാൻ കഴിയുന്നതിനേക്കാൾ വളരെ നന്നായി അവർക്ക് ജപമാല ചൊല്ലാൻ കഴിയും!

മുഴുവൻ ജപമാലയും പ്രാർഥിക്കുക 

അതേസമയം, ഇത് ദുരുപയോഗം ചെയ്യേണ്ട ഒന്നല്ല. ജപമാല ചൊല്ലുന്ന പ്രവൃത്തി പലപ്പോഴും നമ്മെ രൂപാന്തരപ്പെടുത്തുകയും നമ്മുടെ ഇച്ഛയെ ദൈവഹിതവുമായി പൊരുത്തപ്പെടുത്തുകയും ചെയ്യുന്നു. ഇത് നിരവധി ഗുണങ്ങളുള്ള ഒരു വിഷയമാണ്, അതിനാൽ നമ്മൾ മടി വിചാരിച്ച് അത് ഇടയ്ക്കുവച്ച് ഉപേക്ഷിക്കരുത്.

അടുത്ത തവണ നിങ്ങൾ ജപമാല ചൊല്ലാൻ കിടക്കുമ്പോൾ, നിങ്ങളുടെ കാവൽ മാലാഖയ്ക്ക് അത് നിങ്ങൾക്കായി പൂർത്തിയാക്കാൻ കഴിയുമെന്ന് ഓർമ്മിക്കുക (സന്തോഷത്തോടെ അത് ചെയ്യും). എന്നാൽ ഇതിൽ ഏറ്റവും പ്രധാനം നിങ്ങൾ ആ ആഗ്രഹം നിങ്ങളുടെ കാവൽ മാലാഖയോട് വെളിപ്പെടുത്തുകയും അവനോട് സഹായം ചോദിക്കുകയും വേണം എന്നതാണ്.

കടപ്പാട് ലൈഫ് ഡേ

Tags

Share this story

From Around the Web