കത്തോലിക്കാ സഭയിൽ ഈസ്റ്റർ തീയതി നിശ്ചയിക്കുന്നതെങ്ങനെ?
ക്രിസ്തീയ ആരാധനാക്രമ കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളായ ഈസ്റ്റർ എല്ലാ വർഷവും ഒരേ തീയതിയിലല്ല വരുന്നത്. ക്രിസ്തുമസ് പോലെ ഒരു നിശ്ചിത തീയതി ഇല്ലാത്തതിനാൽ, ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള നോമ്പുകാലം, വിഭൂതി, വിശുദ്ധവാരം എന്നിവയുടെ തീയതികളും വർഷംതോറും മാറിക്കൊണ്ടിരിക്കും. ഈ മാറ്റത്തിനു പിന്നിലെ പ്രധാന കാരണം ആകാശത്തെ പൂർണ്ണചന്ദ്രനും വസന്തകാലത്തിന്റെ ആരംഭവുമാണ്.
ചരിത്രപരമായ പശ്ചാത്തലം
സഭയുടെ ആദ്യകാലം മുതൽക്കെ, യേശുവിന്റെ പുനരുത്ഥാന തിരുനാൾ യഹൂദരുടെ പെസഹാ പെരുന്നാളിനോട് അനുബന്ധിച്ചാണ് ആഘോഷിച്ചിരുന്നത്. ക്രിസ്തുവിന്റെ പീഡാനുഭവവും മരണവും ഉത്ഥാനവും നടന്നത് പെസഹാക്കാലത്തായതിനാലാണ് ഈ രീതി പിന്തുടരുന്നത്. എഡി 325 ൽ നടന്ന നിഖ്യ കൗൺസിലാണ് ഈസ്റ്റർ തീയതി നിശ്ചയിക്കുന്നതിനുള്ള കൃത്യമായ മാനദണ്ഡങ്ങൾ സ്ഥാപിച്ചത്.
ഈസ്റ്റർ കണക്കാക്കുന്ന രീതി
പാശ്ചാത്യ ക്രിസ്തീയ പാരമ്പര്യമനുസരിച്ച് (കത്തോലിക്കാ സഭയും മിക്ക പ്രൊട്ടസ്റ്റന്റ് സമൂഹങ്ങളും), വസന്ത വിഷുവത്തിന് (Spring Equinox) ശേഷമുള്ള ആദ്യത്തെ പൂർണ്ണചന്ദ്രൻ കഴിഞ്ഞുവരുന്ന ആദ്യ ഞായറാഴ്ചയാണ് ഈസ്റ്റർ. സാധാരണയായി മാർച്ച് 20 നെയാണ് സഭ ‘ആരാധനാക്രമ വിഷുവമായി’ (Liturgical Equinox) കണക്കാക്കുന്നത്. ഇതിനു ശേഷം വരുന്ന വെളുത്തവാവ് (പൂർണ്ണചന്ദ്രൻ) ഏത് ദിവസമാണോ, അതിനു ശേഷം വരുന്ന ഞായറാഴ്ച ഉത്ഥാനത്തിരുനാളായി ആഘോഷിക്കുന്നു.
വിശുദ്ധവാരത്തിലെ പൂർണ്ണചന്ദ്രൻ
ഈ കണക്കുകൂട്ടലനുസരിച്ച്, വിശുദ്ധവാരത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ ആകാശത്ത് പൂർണ്ണചന്ദ്രൻ ഉദിച്ചുനിൽക്കുന്നത് നമുക്ക് കാണാൻ സാധിക്കും. തിങ്കളാഴ്ച മുതൽ വിശുദ്ധ ശനിയാഴ്ച വരെയുള്ള ഏത് ദിവസവും പൂർണ്ണചന്ദ്രൻ വരാം. ഒരു ഞായറാഴ്ചയാണ് പൂർണ്ണചന്ദ്രൻ വരുന്നതെങ്കിൽ, ഈസ്റ്റർ തൊട്ടടുത്ത ഞായറാഴ്ചയിലേക്കു മാറും. അതിനാൽത്തന്നെ, വിശുദ്ധവാരത്തിൽ രാത്രി ആകാശത്തേക്കു നോക്കിയാൽ പ്രകാശം ചൊരിയുന്ന പൂർണ്ണചന്ദ്രനെ കാണാമെന്നത് ഉറപ്പുള്ള കാര്യമാണ്.
യഹൂദ കലണ്ടറിനെ പൂർണ്ണമായും ആശ്രയിക്കാതെ, സ്വന്തമായ കണക്കുകൂട്ടലുകളിലൂടെയാണ് സഭ ഈസ്റ്റർ തീയതി കണ്ടെത്തുന്നത്. ജ്യോതിശാസ്ത്രപരമായ മാറ്റങ്ങളേക്കാൾ, സഭ നിശ്ചയിച്ചിട്ടുള്ള ആരാധനാക്രമ കലണ്ടറിലെ തീയതികൾക്കാണ് ഇതിൽ മുൻഗണന നൽകുന്നത്.