വിശുദ്ധവാരത്തിലെ ഓരോ ദിവസവും എങ്ങനെ ജീവിക്കാം? യേശുവിനോടൊപ്പം ആയിരിക്കാനുള്ള ഏഴ് കാര്യങ്ങൾ
വിശുദ്ധവാരത്തിലെ പ്രധാന ദിവസങ്ങളിലൂടെ കടന്നുപോവുകയാണ് നാം. കൂടുതലും പ്രാർഥനയിലും പരിത്യാഗ പ്രവർത്തനങ്ങളിലും ആയിരിക്കുന്ന സമയമാണിത്. അതിനാൽ നമ്മുടെ വിശുദ്ധ വാരാചരണം കൂടുതൽ ഭക്തിപൂർവകമാക്കാനും ഈശോയോടൊപ്പം ആയിരിക്കാനും സഹായിക്കുന്ന ഏതാനും മാര്‍ഗങ്ങള്‍ ഇതാ…
1. വിശുദ്ധവാരം അതിന്റെ പരിപൂർണ്ണമായ അർത്ഥത്തിലും ആഴത്തിലും ആചരിക്കാന്‍ വിശുദ്ധ കുമ്പസാരം നമ്മെ സഹായിക്കും. വെറുതെ ഒരു കുമ്പസാരം എന്നതിലുപരിയായി പാപങ്ങൾ ഓർത്തെടുത്ത്, ഒരുങ്ങി, പാശ്ചാത്താപത്തോടെ കുമ്പസാരക്കൂട്ടിലേക്ക് അണയുമ്പോൾ അത് വിശുദ്ധവാരം കൂടുതൽ ഭക്തിമയമാക്കാൻ നമ്മെ സഹായിക്കും.
2. നാം മൂലം, നമ്മുടെ പ്രവർത്തികളോ, വാക്കുകളോ, സാമീപ്യമോ മൂലം ആരെങ്കിലും വേദനിക്കാൻ ഇടയായിട്ടുണ്ടോ എന്ന് ആത്മശോധന ചെയ്യാം. ഉണ്ടെങ്കിൽ അവരോട് മാപ്പു പറയാന്‍ സാധിക്കുന്നിടത്തോ, സാഹചര്യത്തിലോ ആണെങ്കിൽ അവരെ വിളിച്ചോ, നേരിൽ കണ്ടോ ക്ഷമ ചോദിക്കാം. അതിനു കഴിയില്ലെങ്കിൽ അവർക്കായി പ്രാർത്ഥിക്കാം. തന്മൂലം മറ്റൊരാൾ വേദനിച്ചതിൽ ദൈവത്തോട് മാപ്പ് ചോദിക്കാം.
3. നമ്മുടെ സമൂഹത്തിൽ സഹായം ആവശ്യമുള്ളവരിലേക്ക് മനസും ഹൃദയവും തുറക്കാൻ ഏറ്റവും ഉചിതമായ സമയമാണിത്. ആവശ്യക്കാരായ ആളുകളിലേക്ക് ഒരു മടിയും കൂടാതെ ഇറങ്ങിച്ചെല്ലാം; അവരെ സഹായിക്കാം.
4. ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി മാതൃകയായ ക്രിസ്തുവിന്റെ പാതയിൽ ചരിക്കുന്ന ഈ ദിവസം എളിമയുടെ മാതൃക നമുക്കും പിൻചെല്ലാം. കുടുംബത്തിൽ പ്രായമായ മാതാപിതാക്കളോടോപ്പം ആയിരുന്നുകൊണ്ട് അവർക്ക് ആവശ്യമുള്ളതെല്ലാം ചെയ്യുകയും വരുംദിവസങ്ങളിലും അവരുടെ മരണം വരെയും അവരെ ഏറ്റവും സന്തോഷിപ്പിക്കുമെന്ന് തീരുമാനമെടുക്കുകയും ചെയ്യാം.
5. നമുക്കു വേണ്ടി ജീവൻ വരെ വെടിഞ്ഞ ക്രിസ്തുവിനെ അനുഗമിച്ചുകൊണ്ട് മറ്റുള്ളവർക്കായി ത്യാഗങ്ങൾ ഏറ്റെടുക്കാൻ ശ്രമിക്കാം. ഉപവാസമെടുക്കുന്ന ഈ ദിനങ്ങൾ ആ സമയത്തെ ഭക്ഷണം ആവശ്യക്കാരിലേക്ക് എത്തിക്കാം. ഒപ്പം നമ്മുടെ ഉപവാസപ്രാർത്ഥനയില്‍, നമ്മുടെ തെറ്റുകൾ നിമിത്തം ആരെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ അവർക്കായി സമർപ്പിക്കാം.
6. മറ്റുള്ളവർക്ക് അവരുടെ കണ്ണുനീർ ചൊരിയാൻ കഴിയുന്ന പിന്തുണയുള്ള തോളായി നമുക്ക് മാറാം. കഷ്ടപ്പെടുന്ന ഒരാളെ നമുക്ക് ശ്രദ്ധയോടെ കേൾക്കാം, അത് ഹൃദയത്തെ പ്രകാശിപ്പിക്കുന്നു. പറ്റുമെങ്കിൽ വൃദ്ധസദനങ്ങളോ, അനാഥാലയങ്ങളോ സന്ദർശിക്കാം. അല്ലെങ്കിൽ സമൂഹത്തിൽ മാറ്റിനിർത്തപ്പെടുന്നവരുമായി സൗഹൃദബന്ധം പുനസ്ഥാപിക്കാൻ ഈ ദിവസങ്ങളിൽ ശ്രമിക്കാം.
7. ഈസ്റ്റർ സന്തോഷത്തിന്റെ ദിനമാണ്. ആ ദിവസം പ്രായമായ വൃദ്ധമാതാപിതാക്കളോടൊപ്പം നമുക്ക് ആഘോഷിക്കാം. ഒപ്പം സഹായം ആവശ്യമുള്ളവർക്ക് അത് കൈയ്യയച്ചു നൽകുകയും ചെയ്യാം. ഒപ്പം ക്രിസ്തു ഉത്ഥാനം ചെയ്ത സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കാം. അതിനു സഹായകമാകുന്ന ചിത്രങ്ങളും മറ്റും സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാം.
കടപ്പാട് ലൈഫ് ഡേ