കാവൽ മാലാഖമാർക്ക് എങ്ങനെ ശാഠ്യമനോഭാവമുള്ളവരെ മയപ്പെടുത്താൻ കഴിയും?

ക്രൈസ്തവരാണെങ്കിലും അല്ലെങ്കിലും ഓരോ വ്യക്തിക്കും ഒരു കാവൽ മാലാഖ ഉണ്ടെന്നും സത്യം കേൾക്കാൻ വിസമ്മതിക്കുന്ന ഒരു വ്യക്തിയെ സ്വാധീനിക്കാൻ മാലാഖയ്ക്കു കഴിയുമെന്നും പൊതുവെ വിശ്വസിക്കപ്പെടുന്നു. മറ്റൊരാൾക്ക് ശാഠ്യമുള്ള ഹൃദയമുള്ളതായി തോന്നുന്നുണ്ടെങ്കിൽ, ആ വ്യക്തിയുടെ കാവൽ മാലാഖയോടു പ്രാർഥിക്കുക എന്നതാണ് നമുക്ക് പരീക്ഷിക്കാവുന്ന ഒരു മാർഗം എന്ന് വി. ഫ്രാൻസിസ് ഡി സാലസ് തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട് (Introduction to the Devout Life).
“വിശുദ്ധ ഇഗ്നേഷ്യസിന്റെ ആദ്യ കൂട്ടാളിയായിരുന്ന പീറ്റർ ഫേബറും, നമ്മുടെ രൂപത സ്വദേശിയായ ഈശോസഭയിലെ ആദ്യത്തെ വൈദികനും പ്രഥമ പ്രഭാഷകനും പ്രഥമ ദൈവശാസ്ത്ര അദ്ധ്യാപകനുമായ ആ പുണ്യപുരുഷൻ ഒരിക്കൽ ഈ രാജ്യത്തിലൂടെ കടന്നുപോയി. ജർമ്മനിയിൽ നിന്നുള്ള പാഷണ്ഡത ബാധിച്ച സ്ഥലങ്ങൾക്കിടയിലൂടെ പോയപ്പോൾ, ആ നാടിന്റെ കാവൽ മാലാഖാമാരുമായി ആശയവിനിമയം നടത്തുമ്പോൾ താൻ വലിയ ആശ്വാസം കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം വിശ്വാസം സ്വീകരിക്കാൻ ഹൃദയങ്ങൾ തയ്യാറാവുകയും ചെയ്തു.”
വ്യക്തികളെ അവർ പോകുന്ന സ്ഥലങ്ങളിലെല്ലാം മാലാഖമാരുടെ സാന്നിധ്യം തിരിച്ചറിയാനും അവരുടെ അദൃശ്യ സാന്നിധ്യം മനസ്സിലാക്കാനും അവരുടെ സഹായം തേടാനും വിശുദ്ധ ഫ്രാൻസിസ് ഡി സാലെസ് പ്രോത്സാഹിപ്പിക്കുന്നു.
“മാലാഖമാരുമായി കൂട്ടുകൂടാൻ ശ്രമിക്കുക; അവർ അദൃശ്യരെങ്കിലും നിരന്തരം ഉണ്ടെന്ന് മനസ്സിലാക്കാൻ പഠിക്കുക. നിങ്ങൾ താമസിക്കുന്ന രൂപതയുടെ കാവൽ മാലാഖയെയും നിങ്ങളെ ചുറ്റിപ്പറ്റിയുള്ള സുഹൃത്തുക്കളെയും നിങ്ങളുടെ സ്വന്തം സുഹൃത്തുക്കളെയും പ്രത്യേകം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. അവരുമായി ഇടയ്ക്കിടെ ആശയവിനിമയം നടത്തുക, അവരുടെ സ്തുതിഗീതങ്ങളിൽ ചേരുക, ആത്മീയമോ താൽക്കാലികമോ ആയി നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവരുടെ സംരക്ഷണവും സഹായവും തേടുക.”
നമ്മുടെ പ്രയോജനത്തിനായാണ് മാലാഖമാരെ അയച്ചിരിക്കുന്നത്. അവരെക്കുറിച്ചുള്ള നമ്മുടെ വിശ്വാസത്തിൽ പതറാതെ വിശ്വാസത്തോടെ അവരോട് പ്രാർത്ഥിക്കുമ്പോൾ, അവർ മറഞ്ഞിരുന്നു നമുക്കായി ചെയ്യുന്ന പ്രവർത്തനങ്ങളിൽ നാം ആശ്ചര്യപ്പെടും.
സുനീഷാ വി. എഫ്.
കടപ്പാട് ലൈഫ് ഡേ